ഇലക്ട്രിക് വാഹന വില്‍പ്പനയിലും Tata തരംഗം; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ
FAME II സംരംഭത്തിന് കീഴില്‍ സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകള്‍ നല്‍കുന്ന സബ്സിഡികള്‍, ആനുകൂല്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഇന്ധനത്തിന്റെ അനുദിനം വര്‍ധിച്ചുവരുന്ന വിലയും, ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ ആവശ്യകത രാജ്യത്ത് ക്രമാനുഗതമായി ഉയര്‍ത്തുകയാണ്.

എന്നിരുന്നാലും, ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ സെഗ്മെന്റ് അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യയിലെ മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പനയുടെ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ഈ സെഗ്മെന്റ് കമാന്‍ഡ് ചെയ്യുന്നത്, എന്നാല്‍ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്.

ഏതാനും വാഹന നിര്‍മാതാക്കള്‍ ഈ സെഗ്മെന്റില്‍ പ്രവേശിച്ചതിനാല്‍, 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകള്‍ (6,261 യൂണിറ്റുകള്‍) 2021 സാമ്പത്തിക വര്‍ഷത്തില്‍ 5,905 യൂണിറ്റുകളായിരുന്ന ഇവി വില്‍പ്പനയെ ഇതിനകം മറികടന്നു.

2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതി കണക്കിലെടുക്കുമ്പോള്‍, ഈ വാഹന നിര്‍മാതാക്കളുടെ മൊത്തം ഇവി വില്‍പ്പന 6,261 യൂണിറ്റായി ഉയര്‍ന്നു.

2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വിറ്റ 1,872 യൂണിറ്റുകളെ അപേക്ഷിച്ച് 234 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 4,389 യൂണിറ്റുകളുടെ വ്യത്യാസമാണിത്.

ടാറ്റ മോട്ടോര്‍സ് (നെക്സോണ്‍, ടിഗോര്‍ ഇവി), എംജി മോട്ടോഴ്സ് (ZS ഇവി), ഹ്യുണ്ടായി (കോന), മഹീന്ദ്ര (വെരിറ്റോ) തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് ഇലക്ട്രിക് വിഭാഗത്തിലെ പ്രമുഖരെന്ന് പറയേണ്ടി വരും.

ടാറ്റ മോട്ടോഴ്സ് അതിന്റെ രണ്ട് മോഡലുകളായ നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലൂടെ ഇവി രംഗത്ത് ആധിപത്യം പുലര്‍ത്തുന്നു. കമ്പനിക്ക് എക്സ്പ്രെസ്-T ഇവിയും ഉണ്ട്, എന്നിരുന്നാലും, ഈ ഇലക്ട്രിക് സെഡാന്‍ ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമായിട്ടാണ് നിരത്തിലെത്തുന്നത്.

2021-ലെ 6 മാസ കാലയളവില്‍ വിറ്റഴിച്ച ഇലക്ട്രിക് വാഹനങ്ങളുടെ 70 ശതമാനവും ഇവയാണ്. 7 മാസത്തിനുള്ളില്‍ കമ്പനി 6,005 യൂണിറ്റിലെത്തി, ഈ വര്‍ഷം ഇവി സെഗ്മെന്റില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ 10,000 യൂണിറ്റ് നാഴികക്കല്ല മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ഇലക്ട്രിക് കാറുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയും ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഈ സംരംഭത്തിനായി 7,500 കോടി രൂപ സമാഹരിച്ചു, ഈ പത്ത് ഇവികളില്‍ കുറഞ്ഞത് ഏഴ് കാറുകളെങ്കിലും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

58 ശതമാനം വിപണി വിഹിതം നേടിയ നെക്സോണ്‍ ഇവി ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുകയും ചെയ്യുന്നു. 2020 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ വിറ്റ 1,152 യൂണിറ്റുകളേക്കാള്‍ 2,466 യൂണിറ്റുകളില്‍ 214 ശതമാനം വര്‍ധിച്ച് 2021 ഏപ്രില്‍-സെപ്റ്റംബര്‍ വരെയുള്ള മൊത്തം വില്‍പ്പന 3,618 യൂണിറ്റാകുകയും ചെയ്തു.

2021 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 1,789 യൂണിറ്റുകള്‍ വിറ്റ എംജി ZS ഇവി നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേ 6 മാസ കാലയളവില്‍ വിറ്റ 511 യൂണിറ്റുകളെ അപേക്ഷിച്ച് 250 ശതമാനം അല്ലെങ്കില്‍ 1,278 യൂണിറ്റുകള്‍ വര്‍ധിച്ചു.

എംജി ZS ഇവിയുടെ 29 ശതമാനം വിഹിതമുണ്ട്. 2020 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 100 യൂണിറ്റുകള്‍ വിറ്റഴിച്ചതില്‍ നിന്ന് 701 ശതമാനം വര്‍ധിച്ച് 2021 ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ 801 യൂണിറ്റുകളുടെ വില്‍പ്പനയുമായി മൂന്നാം സ്ഥാനത്താണ് ടാറ്റ ടിഗോര്‍ ഇവി.

13 ശതമാനം വിപണി വിഹിതമാണ് മോഡലിനുള്ളത്. ടിഗോര്‍ ഇവി ഈ വര്‍ഷം ആദ്യം മികച്ച ബാറ്ററിയും അപ്ഡേറ്റ് ചെയ്ത സവിശേഷതകളും നല്‍കി ഈ വര്‍ഷമാണ് മോഡലിനെ വീണ്ടും എത്തിക്കുന്നത്. ഈ 5 സീറ്റര്‍ സെഡാന്‍ 4 വേരിയന്റുകളില്‍ ലഭ്യമാണ്.

വില പരിശോധിക്കുകയാണെങ്കില്‍ 11.99 ലക്ഷം രൂപ മുതല്‍ 13.14 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായിയില്‍ നിന്നും ഈ സെഗ്മെന്റില്‍ മത്സരത്തിനെത്തുന്ന മോഡലാണ് കോന ഇലക്ട്രിക്. മറ്റെല്ലാറ്റിനേക്കാളും മുമ്പേ പുറത്തിറക്കിയെങ്കിലും, വില്‍പ്പന പിന്നോട്ടെന്ന് പറയേണ്ടി വരും.

2020 ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ വിറ്റ 101 യൂണിറ്റുകളില്‍ നിന്ന് ഹ്യുണ്ടായി കോനയുടെ വില്‍പ്പന 50 ശതമാനം ഇടിഞ്ഞ് ഈ വര്‍ഷം ഇതേ കാലയളവില്‍ 51 യൂണിറ്റായി. ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ പിന്നിലാണ് മഹീന്ദ്ര വെരിറ്റോ.

2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 2 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിരത്തിലെത്തിച്ചത്. പോയ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 75 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications