ഒന്നോ രണ്ടോ മാസമല്ല പുത്തൻ Toyota Land Cruiser -നായുള്ള കാത്തിരിപ്പ് കാലയളവ് നാല് വർഷത്തോളം
ഈ വർഷം ആദ്യമാണ് പുതിയ തലമുറ ലാൻഡ് ക്രൂയിസർ (300 സീരീസ്) ടൊയോട്ട ആഗോളതലത്തിൽ അവതരിപ്പിച്ചത്. പുതിയ എസ്‌യുവിക്ക് ഓൺലൈനിൽ ധാരാളം കോളിളക്കങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു, മാത്രമല്ല വാഹനത്തിന്റെ ജനപ്രീതി ശക്തമായി വളരുന്നതായി തോന്നുന്നു.

തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ മാത്രം വിൽപ്പനയ്‌ക്കെത്തിയിട്ടും, LC300 -ന്റെ കാത്തിരിപ്പ് കാലയളവ് ഇതിനകം നാല് വർഷം വരെ എത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം!

ജപ്പാനിൽ നിന്നുള്ള സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ടൊയോട്ട ലാൻഡ് ക്രൂയിസർ 300 -ന് ലോഞ്ചിന് മുമ്പ് തന്നെ ജൂലൈ 1 -നും ജൂലൈ 13 -നും ഇടയിൽ 21,500 -ലധികം പ്രീഓർഡറുകൾ ലഭിച്ചിരുന്നു.

ഇതേതുടർന്ന് നിർമ്മാതാക്കൾ അഡ്വാൻസ്ഡ് ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തി, എന്നാൽ ബുക്കിംഗ് പുനരാരംഭിച്ച ഓഗസ്റ്റിൽ, ഓർഡറുകൾ വീണ്ടും ഒഴുകാൻ തുടങ്ങി, അതോടെ ജാപ്പനീസ് കാർ ഭീമന് അസാധാരണമായ ചില പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടിവന്നു.

എലൈറ്റ് ഉപഭോക്താക്കൾക്കായുള്ള ബ്രോക്കർമാറല്ല യഥാർത്ഥ ഉപഭോക്താക്കൾ മാത്രമാണ് വാഹനത്തിനായി ഓർഡർ നൽകുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി പുതിയ ലാൻഡ് ക്രൂസർ ഒരു വർഷത്തേക്ക് വിൽക്കാതെ സൂക്ഷിക്കുമെന്ന് ഉപഭോക്താക്കളിൽ നിന്ന് ടൊയോട്ട സമ്മതപ്ത്രം ഒപ്പിട്ട് വാങ്ങിയിരുന്നു.

വാഹനം വിൽപ്പനയ്ക്ക് എത്താത്ത വിപണികളിൽ ഒരു വർഷത്തിനുള്ളിൽ ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡായി വിൽക്കപ്പെടാതിരിക്കാനാണിത്. LC300 ഏതാനും വിപണികളിൽ മാത്രമേ ലഭ്യമാകൂ എന്നതിനാൽ ഇതിന് ആവശ്യക്കാർ ലോകമെമ്പാടുമുള്ള ധാരാളം രാജ്യങ്ങളിൽ നിലനിൽക്കുന്നു.

പ്രതിവർഷം 5,000 യൂണിറ്റുകൾ വിൽക്കാൻ മാത്രമാണ് നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നത്, വലിയ ഡിമാൻഡ് കാരണം, കാത്തിരിപ്പ് കാലയളവ് നാല് വർഷം വരെ നീണ്ടിരിക്കുകയാണ്. ആഗോള സെമി കണ്ടക്ടർ ക്ഷാമം കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.

ഭൂരിഭാഗം വാങ്ങുന്നവരും (90 ശതമാനത്തിലധികം) ZX, GR സ്പോർട്ട് ട്രിമ്മുകൾ തിരഞ്ഞെടുക്കുന്നു, അവ ഡെലിവറി ചെയ്യാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന വേരിയന്റുകളാണ്.

മറ്റ് ട്രിമ്മുകൾക്ക്, കാത്തിരിപ്പ് കാലയളവ് താരതമ്യേന കുറവാണ്, രണ്ട് മുതൽ മൂന്ന് വർഷം വരെയാണിത്! പെട്രോൾ പതിപ്പ് ഡീസലിനേക്കാൾ ജനപ്രിയമാണ്. ബുക്കിംഗിന്റെ 60 ശതമാനവും പെട്രോളിന് തന്നെയാണ്.

ലാൻഡ് ക്രൂസർ 300-ന്റെ പെട്രോൾ എൻജിൻ ഓപ്ഷൻ 3.5 ലിറ്റർ ട്വിൻ-ടർബോ V6 യൂണിറ്റാണ്, ഇത് 415 bhp കരുത്തും 650 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. ഡീസൽ പവർപ്ലാന്റ് 3.3 ലിറ്റർ ട്വിൻ-ടർബോ V6 യൂണിറ്റാണ്, ഇത് 309 bhp പരമാവധി കരുത്തും 700 Nm torque ഉം പുറപ്പെടുവിക്കുന്നു.

ട്രാൻസ്മിഷൻ ചോയ്‌സുകൾ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്ന ഒരെണ്ണത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. വരും വർഷങ്ങളിൽ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യാവുന്ന 3.5 ലിറ്റർ ഹൈബ്രിഡ് പവർട്രെയിനിൽ ടൊയോട്ട പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

GX-R, GR-S, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടൊയോട്ട പുതിയ ലാൻഡ് ക്രൂയിസർ വാഗ്ദാനം ചെയ്യുന്നത്. മുൻതലമഉറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെവിയായി പുനർനിർമ്മിച്ച ഫ്രണ്ട് ബമ്പർ, സംയോജിത L ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം ഗാർണിഷുള്ള ഫോഗ് ലൈറ്റുകൾ, കൂടുതൽ അപ്പ്റൈറ്റ് ടെയിൽ-ഗേറ്റ്, സ്പ്ലിറ്റ് റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയുമായി വരുന്നു.

പേൾ വൈറ്റ് മെറ്റാലിക്, ഗ്ലേസിയർ വൈറ്റ്, ക്ലാസിക് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, സാറ്റിൻ സിൽവർ മെറ്റാലിക്, റൂബി മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, അവന്റേ-ഗാർഡ് ബ്രോൺസ് മെറ്റാലിക്, മൂൺലൈറ്റ് ഓഷ്യൻ മെറ്റാലിക് എന്നിങ്ങനെ 10 വ്യത്യസ്ത നിറങ്ങളിൽ ഫുൾ സൈസ് എസ്‌യുവി വാഗ്ദാനം ചെയ്യും.

അകത്ത്, 2021 ടൊയോട്ട ലാൻഡ് ക്രൂയിസർ, വലിയതും സ്വതന്ത്രവുമായ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വിവിധ പ്രവർത്തനങ്ങൾക്കായി ഫിസിക്കൽ ബട്ടണുകളുടെ ഒരു നിര, കളർഡ് MID -യാൽ വേർതിരിച്ച ട്വിൻ പോഡ് യൂണിറ്റുകളുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കുന്നു.


Click it and Unblock the Notifications








