2022 Hyundai Venue-ന്റെ അരങ്ങേറ്റം വരും മാസങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായി. ഈ വര്‍ഷം വലിയ പദ്ധതികളാണ് കമ്പനി രാജ്യത്ത് നടപ്പാക്കാന്‍ ഒരുങ്ങുന്നതും. ഇതിന്റെ ഭാഗമായി പുതിയ മോഡലുകളും നിരവധി മോഡലുകളുടെ നവീകരിച്ച പതിപ്പുകളും വിപണിയില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത കാലത്തായി ക്രെറ്റയുടെയും വെന്യുവിന്റെയും സഹകരണത്തോടെ എസ്‌യുവി ശ്രേണിയില്‍ മികച്ച വിജയമാണ് ബ്രാന്‍ഡ് നേടിയെടുത്തതും. എന്നാല്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മിഡ്-സൈസ് എസ്‌യുവിയുടെയും കോംപാക്ട് എസ്‌യുവിയുടെയും അതത് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

അതേസമയം പുതിയ തലമുറ ട്യൂസോണും സമീപഭാവിയില്‍ അപ്ഡേറ്റ് ചെയ്ത കോന ഇലക്ട്രിക്കിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വിപണിയില്‍ അരങ്ങേറ്റം കുറിച്ച അല്‍കസാര്‍ ഒഴികെയുള്ള മുഴുവന്‍ എസ്‌യുവി ശ്രേണിയും പുതുക്കാന്‍ ഇത് തീര്‍ച്ചയായും സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

2022 ഹ്യുണ്ടായി വെന്യുവും ക്രെറ്റയും വളര്‍ന്നുവരുന്ന മത്സരത്തെ നേരിടാന്‍ സമഗ്രമായ മാറ്റങ്ങളോടെയാകും വിപണിയില്‍ എത്തുക. ഇതില്‍ വെന്യു വരും മാസങ്ങളില്‍ ആദ്യം അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അപ്ഡേറ്റ് ചെയ്ത വെന്യു 2022 മെയ് ആദ്യം വില്‍പ്പനയ്ക്കെത്തുമെന്ന് മുന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുറത്തുവന്ന ചിത്രങ്ങള്‍ പരിശോധിച്ചാല്‍, 2022 ഹ്യുണ്ടായി വെന്യു അതിന്റെ അവസാന ഘട്ട പരീക്ഷണത്തിലാണെന്നുവേണം പറയാന്‍. അത് അകത്തും പുറത്തും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇതിനകം വില്‍പ്പനയ്ക്കെത്തിയ വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ രീതിയില്‍, പുതുക്കിയ വെന്യു ആഗോളതലത്തില്‍ ബ്രാന്‍ഡ് പിന്തുടരുന്ന ഏറ്റവും പുതിയ സെന്‍സ്യൂസ് സ്പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്.

പാരാമെട്രിക് ജ്വല്‍ പാറ്റേണ്‍ ഡിസൈനോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍ സെക്ഷന്‍, പുതുക്കിയ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകള്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍, പുതിയ L-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുള്ള പുനര്‍നിര്‍മ്മിച്ച റിയര്‍ ബമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. മൊത്തത്തിലുള്ള അളവുകളും സിലൗറ്റും പില്ലറുകളും വാഹനം നിലനിര്‍ത്തും.

ഇന്റീരിയറിന് ട്വീക്ക് ചെയ്ത ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും, ഏറ്റവും പുതിയ ബ്ലൂലിങ്ക് കണക്റ്റിവിറ്റി, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങിയവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്പോര്‍ട്ടിയര്‍ സ്റ്റൈലിങ്ങിനൊപ്പം N ലൈന്‍ വേരിയന്റും ഇന്ത്യക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോണ്‍ട്രാസ്റ്റ് റെഡ് ആക്സന്റുകള്‍, വ്യത്യസ്തമായി കാണപ്പെടുന്ന ബമ്പറുകള്‍, ഇരട്ട എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍, പുതിയ അലോയി വീലുകള്‍ തുടങ്ങിയവ ഇതില്‍ ഫീച്ചര്‍ ചെയ്യും.

2022-ലെ ഹ്യുണ്ടായ് വെന്യു N ലൈനിന്റെ ക്യാബിന്‍, N ലൈന്‍ ലോഗോകളും ചുവന്ന സ്റ്റിച്ചിംഗും ഉള്ള ഒരു കറുത്ത തീം ഉപയോഗിച്ച് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 bhp കരുത്തും 172 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഇത് വാഗ്ദാനം ചെയ്യുകയുള്ളൂ.

അതേസമയം നിലവില്‍ വിപണിയിലുള്ള വെന്യൂവിന്റെ വില അടുത്തിടെ ഹ്യുണ്ടായി വര്‍ധിപ്പിച്ചിരുന്നു. 12,100 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധനവോടെ ഇപ്പോള്‍ വെന്യുവിന്റെ പ്രാരംഭ പതിപ്പിന് 7.11 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 11.84 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

വെന്യൂവിന്റെ SX ഡീസല്‍ പതിപ്പ് ഒഴികെയുള്ള എല്ലാ വകഭേദങ്ങള്‍ക്കും വില വര്‍ധനവുണ്ടായി. വെന്യൂവിന്റെ അടിസ്ഥാന E വേരിയന്റിന് 1.72 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന ശതമാനം വില വര്‍ധന നേരിട്ടു.

സബ് കോംപാക്ട് എസ്‌യുവിയുടെ എല്ലാ പെട്രോള്‍ വേരിയന്റുകളുടെയും വില 12,000 രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 12,100 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇത് എട്ട് ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്നു: E, S, S+, S(O), SX, SX(O) Executive, SX+, SX(O).


Click it and Unblock the Notifications








