'കൂട്ടയിടി'യില്‍ പെട്ട് ചേട്ടനും അനിയനും; Tata Harrier-ന്റെ പിന്നിലിടിച്ച Nexon-ന് സംഭവിച്ചത്...
വാഹനം വാങ്ങുന്നതിന് മുമ്പ് അതിനെ കുറിച്ച് ഏതാണ്ട് ഒരു ധാരണ ഉണ്ടാക്കിയ ശേഷമാണ് ഉപഭോക്താവ് ഇന്ന് മുന്നിട്ടിറങ്ങുന്നത്. സുരക്ഷയും ബില്‍ഡ് ക്വാളിറ്റിയും പരിഗണിക്കുന്നവരുടെ ഫസ്റ്റ് ചോയ്‌സുകളില്‍ ഒന്നാണിപ്പോള്‍ ടാറ്റ മോട്ടോര്‍സ്. ടാറ്റയുടെ വാഹനങ്ങള്‍ GNCAP ക്രാഷ് ടെസ്റ്റുകളില്‍ സ്റ്റാറുകള്‍ വാരിക്കൂട്ടുന്നതിനാല്‍ കമ്പനിയുടെ ജനപ്രീതിയും ഉയര്‍ന്നു.
ടാറ്റ നെക്സോണ്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ അതിന്റെ ജനപ്രീതിയും സ്വീകാര്യതയും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വണ്ടി ഹിറ്റായി മാറുകയും ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടിക എടുത്താല്‍ അതിലെ സ്ഥിരം പേരുകളില്‍ ഒന്നുമായി മാറുകയും ചെയ്തു. ടാറ്റ നെക്സോണിന്റെ സേഫ്റ്റിയും ബില്‍ഡ് ക്വാളിറ്റിയും തെളിയിക്കുന്ന നിരവധി സംഭവങ്ങളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റിലുണ്ട്. നെക്സോണ്‍ അപകടങ്ങളുടെ ആഘാതം നന്നായി ആഗിരണം ചെയ്യുന്നതിനാല്‍ ഇത് വളരെ സുരക്ഷിതമായ ഒരു കാറായി വിലയിരുത്തപ്പെടുന്നു.

ടാറ്റ നെക്സോണും അതിന്റെ സഹോദരനായ ഹാരിയറും ഉള്‍പ്പെട്ട ഒരു 'കൂട്ടയിടി'യുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വന്‍ അപകടത്തില്‍ പെട്ട രണ്ട് എസ്‌യുവികളിലെയും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിഖില്‍ റാണയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. ഹരിയാനയിലെ സോനിപത്തിന് സമീപം ദേശീയ പാതയില്‍ വെച്ചാണ് ടാറ്റ നെക്സോണ്‍ ടാറ്റ ഹാരിയറുമായി കൂട്ടിയിടിച്ചതെന്നാണ് വീഡിയോയില്‍ പറയുന്നത്. നാല് കാറുകള്‍ ഉള്‍പ്പെട്ട ഒരു വന്‍ അപകടമായിരുന്നു ഇത്.
ഇവിടെ നെക്‌സോണ്‍ ഹാരിയറിന്റെ പിറകിലാണ് ഇടിച്ചത്. ഹൈവേയില്‍ നിര്‍ത്തിയ ഒരു ഓട്ടോറിക്ഷ കാരണമാണ് നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഒരു ടൊയോട്ട ഇന്നോവ ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോ റിക്ഷയുടെ പിന്നില്‍ ഇടിച്ചതോടെയാണ് അപകടത്തിന്റെ തുടക്കം. പിന്നാലെ ഹാരിയര്‍ ഇന്നോവയുടെ പിന്നിലിടിക്കുകയും പിന്നാലെയെത്തിയ നെക്സോണ്‍ ഹാരിയറിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഒരു ഫോര്‍ഡ് ഫിഗോ കാര്‍ അവസാനം നെക്സോണിന്റെ പിന്‍ഭാഗത്തിടിക്കുകയും ചെയ്തു.
ഈ അപകടത്തില്‍ നാല് വാഹനങ്ങളുടെയും മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ടാറ്റ ഹാരിയറിന്റെയും നെക്‌സോണിന്റെയും പുറക്‌വശം തകര്‍ന്നു. ടൊയോട്ട ഇന്നോവയുടെയും ഫോര്‍ഡ് ഫിഗോയുടെയും നടുവില്‍ ആയിരുന്നു ഈ രണ്ട് കാറുകളുമെന്നതിനാലാണ് പിറക്‌വശത്ത് കേടുപാടുകളുണ്ടായത്. ഹാരിയറിന്റെയും നെക്സോണിന്റെയും ബോണറ്റും ബൂട്ട് ലിഡിലും വലിയ ചളുക്ക് വീണതായി നമുക്ക് കാണാം. എന്നിരുന്നാലും, ഈ രണ്ട് എസ്‌യുവികളുടെയും മുന്നിലെയും പിന്നിലെയും പില്ലറുകള്‍ കേടുകൂടാതെ കാണപ്പെട്ടു എന്നതാണ് രസകരം.
ഈ രണ്ട് എസ്‌യുവികളുടെയും പില്ലറുകള്‍ ഇടിയുടെ ആഘാതം നന്നായി ആഗിരണം ചെയ്തിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനാല്‍ വന്‍ അപകടത്തിന്റെ തീവ്രത ഉണ്ടായിരുന്നിട്ട് കൂടി എസ്‌യുവികള്‍ക്ക് വലിയ കോടുപാടുകള്‍ കാണപ്പെടുന്നില്ല. ഈ അപകടത്തില്‍ നെക്‌സോണിന്റെയും ഹാരിയറിന്റെയും മുന്‍ഭാഗത്തെ എയര്‍ബാഗുകള്‍ വിന്യസിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഈ അപകടത്തിന്റെ വീഡിയോ നമുക്ക് മറ്റ് ചില സന്ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഹൈവേയില്‍ വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ വീഡിയോ എടുത്ത് കാണിക്കുന്നത്.
ഒരു ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് മുന്നില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രമിക്കുക. ഒരു കൂട്ടിയിടിയുണ്ടാകുന്ന സാഹചര്യത്തില്‍ അതില്‍ നിന്ന് രക്ഷപ്പെടാനും സമയോചിതം ഇടപെടാനും മതിയായ സമയം ലഭിക്കുമെന്നതിനാല്‍ ഇങ്ങനെ ചെയ്യുന്നത് നന്നാകും. 2016-ല്‍ വിധേയമായ ആദ്യത്തെ ക്രാഷ് ടെസ്റ്റില്‍ ടാറ്റ നെക്സോണ്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. എന്നാല്‍ കുറച്ച് മാറ്റങ്ങള്‍ക്കും പുനഃപരിശോധനയ്ക്കും ശേഷം പിന്നീട് മിഡ്-സൈസ് എസ്യുവി 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി.
അതോടെ ഇന്ത്യയിലെ ആദ്യത്തെ 5 സ്റ്റാര്‍ റേറ്റഡ് കാറായി ടാറ്റ നെക്‌സോണ്‍ മാറിയിരുന്നു. നെക്സോണിന് 17-ല്‍ 16.06 പോയിന്റ് ലഭിച്ചു. ഇത് ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള ഏതൊരു കാറും നേടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. 2018 ഓഗസ്റ്റില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് ടാറ്റ നെക്സോണിന്റെ ബോഡി ഷെല്ലും പ്ലാറ്റ്ഫോമും ഘടനയും മാറ്റമില്ലാതെ തുടരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. നെക്സോണിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളുടെ എണ്ണം പോലും മാറ്റമില്ലാതെ തുടരുന്നു.
ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകളില്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ നെക്സോണിന്റെ ഫുള്‍ ചാനല്‍ എബിഎസ് പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി നല്‍കിയത് മാത്രമാണ് പറയാനുള്ളത്. ടാറ്റ വിപണിയിലെത്തിച്ച ചില പുതിയ ഉല്‍പ്പന്നങ്ങളെ G-NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കുമ്പോഴും ഹാരിയറിനെ അതിന് വിട്ടിട്ടില്ല. ടാറ്റ ഹാരിയറിലുള്ള മള്‍ട്ടിജെറ്റ് എഞ്ചിന്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകളുടെ ക്യാബിനിലേക്ക് നുഴഞ്ഞുകയറുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുമെന്നത് കൊണ്ടാണ് ടാറ്റ ഇതുവരെ ഹാരിയര്‍ ക്രാഷ് സേഫ്റ്റി ടെസ്റ്റിന് അയയ്ക്കാത്തതെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്നിരുന്നാലും, ടാറ്റ ഹാരിയര്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ എസ്യുവിയുടെ ബില്‍ഡ് ക്വാളിറ്റി എത്ര മികച്ചതാണെന്ന് കാണിച്ച് തരുന്നുണ്ട്. മിക്ക അപകടങ്ങളിലും വാഹനത്തിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്നു. ഭാവിയില്‍ ക്രാഷ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കാന്‍ പോകുകയാണെന്ന് സര്‍ക്കാര്‍ നിര്‍ദേശം വന്നിരുന്നു. സര്‍ക്കാര്‍ അതിനനുസരിച്ച് നിയമനിര്‍മാണം നടത്തിയാല്‍ വാഹന നിര്‍മാതാക്കള്‍ സേഫ്റ്റ സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുന്നതിന് എല്ലാ പുതിയ കാറുകള്‍ ക്രാഷ് ടെസ്റ്റിന് അയയ്ക്കേണ്ടിവരും. ടാറ്റ കാറുകളുടെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമെല്ലോ....


Click it and Unblock the Notifications








