"നെഫ്യൂസേ അഞ്ചെണ്ണം ഉണ്ട്"! ഉത്സവ സീസൺ പൊടിപൊടിക്കാനെത്തുന്ന കാറുകൾ
ഇന്ത്യൻ വിപണിയിൽ ഉത്സവ സീസൺ എന്നത് വാഹന നിർമ്മാതാക്കളും വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ്. പുത്തൻ വാഹനങ്ങൾ വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കൾ ഇത്രയും അധികം ഒരുങ്ങുന്ന മറ്റൊരു സീസൺ ഇല്ല എന്നതാണ് ഇതിന്റെ കാരണം.

അതുകൊണ്ട് തന്നെ ഉത്സവ സീസൺ അടുത്തുവരുന്നതോടെ, കാർ നിർമ്മാതാക്കൾ തങ്ങളുടെ നിലവിലുള്ള ലൈനപ്പുകളിൽ കനത്ത ഓഫറുകളും പുത്തൻ മോഡൽ ലോഞ്ചുകളും തയ്യാറാക്കുകയാണ്.

എല്ലാ ഉത്സവ സീസണുകളെയും പോലെ, ചില ഇവികൾ, ഒരു ഹൈബ്രിഡ് എസ്‌യുവി, പുതിയ ലിമിറ്റഡ് എഡിഷനുകൾ എന്നിവ ഉൾപ്പെടെ ചില ആവേശകരമായ ലോഞ്ചുകൾ/അനാച്ഛാദനങ്ങളാണ് ഈ വർഷവും അണിയറയിൽ ഒരുങ്ങുന്നത്.
അതിനാൽ, ഈ ഉത്സവ സീസണിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന മികച്ച 5 കാറുകളുടെ ലിസ്റ്റ് ഇതാ:

മാരുതി ഗ്രാൻഡ് വിറ്റാര
നവത്രാത്രി/ദുർഗാപൂജ ആരംഭിക്കുന്ന സമയത്ത് ഗ്രാൻഡ് വിറ്റാരയുടെ വില മാരുതി വെളിപ്പെടുത്തും. ഗ്രാൻഡ് വിറ്റാരയുടെ ടൊയോട്ട സഹോദരനായ ഹൈറൈഡറിന്റെ വില ബ്രാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇത് ടോപ്പ് സ്പെക് സ്ട്രോംഗ്-ഹൈബ്രിഡ് വേരിയന്റുകളുടെ മാത്രമാണ്.

ഇവയ്ക്ക് 15.11 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. അതിനാൽ, ഗ്രാൻഡ് വിറ്റാരയും സമാനമായ വിലയ്ക്ക് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ മാരുതി കോംപാക്ട് എസ്‌യുവി സെൽഫ് ചാർജിംഗ് സ്ട്രോംഗ്-ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനുകൾ വാഗ്ദാനം ചെയ്യും.

സ്ട്രോംഗ്-ഹൈബ്രിഡ് സെറ്റപ്പ് ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. മൈൽഡ് ഹൈബ്രിഡ് മാനുവൽ വേരിയന്റുകളോടൊപ്പം വാഗ്ദാനം ചെയ്യുന്ന ഓൾ-വീൽ ഡ്രൈവ് ട്രെയിൻ ആയിരിക്കും ഇതിന്റെ മറ്റൊരു സെഗ്‌മെന്റ്-ഫസ്റ്റ് ഹൈലൈറ്റ്.

ടാറ്റ ടിയാഗോ ഇവി
നവരാത്രി സീസണിൽ സെപ്റ്റംബർ 28 -ന് ടാറ്റ ടിയാഗോ ഇവി അനാച്ഛാദനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മാസ്-മാർക്കറ്റ് ഇവി ആയിരിക്കും, കൂടാതെ 10 ലക്ഷം രൂപ മുതൽ വില ലഭിക്കാനും സാധ്യതയുണ്ട്.

306 കിലോമീറ്റർ റേഞ്ചുള്ള 26 kWh പായ്ക്ക് ലഭിക്കുന്ന ടിഗോർ ഇവിയേക്കാൾ ചെറിയ ബാറ്ററി പാക്ക് ടിയാഗോ ഇവിക്ക് ലഭിച്ചേക്കാം. അതിനാൽ ഇലക്ട്രിക് ഹാച്ച്ബാക്ക് 200 മുതൽ 250 കിലോമീറ്റർ വരെ റിയലിസ്റ്റിക് റേഞ്ച് നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര XUV300 സ്പോർട്സ്
ഈ ദീപാവലിക്ക് XUV300 സ്‌പോർട്‌സ് പതിപ്പ് മഹീന്ദ്ര പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 130 PS പവർ റേറ്റുചെയ്ത 1.2 ലിറ്റർ T-GDI ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിക്കും. ഇത് സാധാരണ പെട്രോൾ വേരിയന്റുകളേക്കാൾ വാഹനത്തെ 20 PS കൂടുതൽ ശക്തമാക്കുന്നു.

ഇതുകൂടാതെ, ഇതിന് അകത്തും പുറത്തും ചില വിഷ്വൽ മാറ്റങ്ങൾ ലഭിച്ചേക്കാം, അതോടൊപ്പം സബ്‌കോംപാക്ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാകാനും സാധ്യതയുണ്ട്.

മെർസിഡീസ് ബെൻസ് EQS 580
മെർസിഡീസ് ബെൻസിന്റെ ഇന്ത്യക്കായുള്ള രണ്ടാമത്തെ ഇലക്ട്രിക് കാർ പെർഫോമെൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ച AMG EQS 53 ആയിരുന്നു, വരും ദിവസങ്ങളിൽ EQS 580 -യും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. EQS 580 ആഡംബര കാർ നിർമ്മാതാക്കളുടെ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യത്തെ ഇവി ആയിരിക്കും.

ഇത് വാഹനത്തിന്റെ വിലകൾ നിയന്ത്രിക്കാൻ സഹായിക്കും. 770 കിലോമീറ്റർ വരെ റേഞ്ച് ക്ലെയിം ചെയ്യപ്പെടുന്ന 107.8 kWh ബാറ്ററി പായ്ക്ക് ഇതിന് ലഭിക്കുന്നു. ഇതിന്റെ ഡ്യുവൽ ഇലക്ട്രിക് മോട്ടോർ 523 PS പവറും 856 Nm torque ഉം ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്നു.

അതിനുപുറമെ, ഇത് ഇലക്ട്രിക് S-ക്ലാസ് ആണ്, അതിനാൽ സീറ്റ് മസാജറുകൾ, ജെസ്റ്റർ കൺട്രോളുകൾ, പിൻസീറ്റ് എന്റർടെയിൻമെന്റ് പാക്കേജുകൾ, ടോപ്പ്-ഓഫ്-ലൈൻ റിയർ സീറ്റ് ഫീച്ചറുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കാം.

BYD Atto 3
BYD അടുത്തിടെ E6 എംപിവയുമായി പ്രൈവറ്റ് ഇലക്ട്രിക് വാഹന രംഗത്തേക്ക് തങ്ങളുടെ ചുവടുവെപ്പ് പ്രഖ്യാപിച്ചതിന് ശേഷം, ഇപ്പോൾ മറ്റൊരു ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ഹ്യുണ്ടായി കോന ഇലക്‌ട്രിക്, എംജി ZS ഇവി എന്നിവയ്‌ക്ക് ബദലായി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയാണ് ബ്രാൻഡ് പുറത്തിറക്കാൻ ഒരുങ്ങുന്നത്.

ഇതിന് ഏകദേശം 30 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. യഥാക്രമം 345 കിലോമീറ്റർ 420 കിലോമീറ്റർ എന്ന WLTP അവകാശപ്പെടുന്ന റേഞ്ചിനൊപ്പം - 50 kWH, 60 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾ ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇതിന് ADAS, പനോരമിക് സൺറൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം എന്നിവ ലഭിക്കും.


Click it and Unblock the Notifications








