2022 X4-ന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ച് BMW; വില്‍പ്പന മാര്‍ച്ച് മാസത്തോടെ
അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ 2022 X4-ന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. പുതിയതും വരാനിരിക്കുന്നതുമായ 2022 ബിഎംഡബ്ല്യു X4 ഔട്ട്ഗോയിംഗ് മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പാണ്, താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 50,000 രൂപ ഓണ്‍ലൈനായി അടച്ച് 5 സീറ്റര്‍ എസ്‌യുവി മുന്‍കൂട്ടി ബുക്ക് ചെയ്യാം.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പുതിയ 2022 ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ മാര്‍ച്ചില്‍ വില്‍പ്പനയ്ക്കെത്തും, അതിനുശേഷം ആദ്യം ബുക്ക് ചെയതവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ഡെലിവറികള്‍ നല്‍കാനാണ് സാധ്യത.

പുതിയ ബിഎംഡബ്ല്യു X4-ന്റെ പ്രീ-ബുക്കിംഗ് ബിഎംഡബ്ല്യു ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മാത്രമേ ചെയ്യാന്‍ കഴിയൂ. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ വാഹനത്തിന്റെ ഒരു ടീസര്‍ വീഡിയോ കമ്പനി പങ്കുവെച്ചിരുന്നു.

പുതിയ ബിഎംഡബ്ല്യു X4 നെ കുറിച്ച് പറയുമ്പോള്‍, 2021 ജൂണില്‍ ഈ മോഡല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കൂടാതെ അതിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പ്രധാന മേക്ക് ഓവര്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

അപ്ഡേറ്റ് ബിഎംഡബ്ല്യു X4-ലേക്ക് പുതിയ ഫീച്ചറുകളും സ്‌റ്റൈലിംഗ് ഘടകങ്ങളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ഇന്ത്യ-സ്‌പെക്ക് 2022 ബിഎംഡബ്ല്യു X4-ല്‍ ഈ മാറ്റങ്ങളെല്ലാം ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ചതുപോലെ, ബിഎംഡബ്ല്യു X4-ന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പിന് എക്സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ ലഭിക്കുന്നു, ഈ മാറ്റങ്ങള്‍ പുതിയ ബിഎംഡബ്ല്യു X4 ഡിസൈന്‍ ഭാഷയെ ബ്രാന്‍ഡിന്റെ പുതിയ മോഡലുകളുമായി പൊരുത്തപ്പെടുത്തുന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള സിലൗറ്റ് മുമ്പത്തേതിന് സമാനമാണെന്ന് വേണം പറയാന്‍.

ഇതിനര്‍ത്ഥം ബിഎംഡബ്ല്യു X4-ന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വലിയ കിഡ്നി ഗ്രില്ലിനൊപ്പം മെലിഞ്ഞതും നേര്‍ത്തതുമായ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ലഭിക്കുന്നു. മുന്‍വശത്തെ ഈ മാറ്റങ്ങള്‍ കൂടാതെ, പുതിയ വാഹനത്തിന് വലിയ സ്‌പോര്‍ട്ടിയര്‍ ലുക്കിംഗ് എയര്‍ വെന്റുകളുള്ള ഒരു പുതിയ റീപ്രൊഫൈല്‍ ഫ്രണ്ട് ബമ്പറും ലഭിക്കുന്നുണ്ട്.

പിന്‍ഭാഗത്തേക്ക് വരുമ്പോള്‍, ബിഎംഡബ്ല്യു X4-ന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് മെലിഞ്ഞ ഒരു ജോടി പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ലഭിക്കുന്നു, ഒപ്പം ഷാര്‍പ്പായിട്ടുള്ള ക്രീസുകളും കൂടുതല്‍ പ്രകടമായ എക്സ്ഹോസ്റ്റ് ടിപ്പുകളും ഉള്ള പുതിയ റീപ്രൊഫൈല്‍ ചെയ്ത റിയര്‍ ബമ്പറും കാണാന്‍ സാധിക്കും.

ഗ്ലോസ് ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ക്കൊപ്പം ഈ മാറ്റങ്ങള്‍ ബിഎംഡബ്ല്യു X4-ന്റെ പുതിയ പതിപ്പിനെ കൂടുതല്‍ സ്പോര്‍ടിയും സമകാലികവുമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, ബിഎംഡബ്ല്യു X4 എസ്‌യുവിയുടെ വരാനിരിക്കുന്ന ബ്ലാക്ക് ഷാഡോ എഡിഷനും കമ്പനി ടീസ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമായി, ബ്ലാക്ക് ഷാഡോ എഡിഷന്‍ പരിമിതമായ സംഖ്യകളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ എന്നാണ് സൂചന.

രാജ്യത്ത് ലഭ്യമാകുന്ന ബിഎംഡബ്ല്യു X4 ബ്ലാക്ക് ഷാഡോ പതിപ്പുകളുടെ കൃത്യമായ എണ്ണം നിര്‍മാതാക്കള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം പുതിയ വാഹനത്തിന്റെ ഉള്ളിലേക്ക് വന്നാല്‍, 12.35-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് പ്രധാന ഹൈലൈറ്റാണ്. സ്‌ക്രീനിന് താഴെയുള്ള എസി വെന്റുകള്‍ കൂടുതല്‍ ആനുപാതികമായി കാണുന്നതിന് പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഇവ കൂടാതെ, പുതിയ ബിഎംഡബ്ല്യു X4-ല്‍ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാലാവസ്ഥാ നിയന്ത്രണത്തിന്റെ പുതിയ സ്വിച്ച് ഗിയറും ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ഡാഷ്ബോര്‍ഡ് ഡിസൈന്‍ താരതമ്യേന പഴയ പതിപ്പിന് സമാനമാണ്.

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു X4-ന് കരുത്തേകുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് അടിസ്ഥാന എഞ്ചിന്‍. ഈ യൂണിറ്റ് 187 bhp പവറും, അടുത്ത എഞ്ചിന്‍ ഓപ്ഷന്‍ 248 bhp പവര്‍ നല്‍കുന്ന ഏതാണ്ട് സമാനമായ ഡിസ്‌പ്ലേസ്‌മെന്റുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോളാണ്.

മൂന്നാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ 261 bhp പവര്‍ ഉള്ള വലിയ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിനുകളെല്ലാം സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ലോഞ്ച് ചെയ്യുമ്പോള്‍, പുതിയ ബിഎംഡബ്ല്യു X4, മെര്‍സിഡീസ് ബെന്‍സ് GLC കൂപ്പെയുടെ എതിരാളികളായിരിക്കും. വാഹനത്തിന്റെ വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 60-75 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വില നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ബിഎംഡബ്ല്യു X4 വളരെ സ്‌റ്റൈലിഷായിട്ടുള്ള എസ്‌യുവിയാണ്, കൂടാതെ ആഡംബരത്തിന്റെയും ശൈലിയുടെയും പ്രകടനത്തിന്റെയും സുഖസൗകര്യങ്ങളുടെയും നല്ലൊരു മിശ്രിതം പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.


Click it and Unblock the Notifications