ആഗോള അരങ്ങേറ്റത്തിനൊരുങ്ങി BMW X7 ഫെയ്‌സ്‌ലിഫ്റ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തങ്ങളുടെ നിരയില്‍ നിന്നുള്ള X7-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. വിപണിയില്‍ വളരെ പെട്ടെന്ന് തന്നെ ജനപ്രീയമായൊരു മോഡല്‍ കൂടിയാണിത്.

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത X7-ന്റെ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ പുറത്തുവന്നതോടെയാണ് വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഇത് അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ 2023-ല്‍ ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മ്മന്‍ ലക്ഷ്വറി നിര്‍മാതാക്കള്‍ ഒരു വര്‍ഷത്തിലേറെയായി ആഗോള വിപണിയില്‍ അപ്ഡേറ്റ് ചെയ്ത X7 പരീക്ഷിച്ചുവരികയാണ്. കൂടാതെ പ്രോട്ടോടൈപ്പുകള്‍ അപ്ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയയുടെ സാന്നിധ്യം കാണിക്കുകയും ചെയ്യുന്നു.

പുറത്തുവന്നിരിക്കുന്ന ചിത്രം പരിശോധിച്ചാല്‍, നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് സമഗ്രമായ പുതുക്കിയതിനാല്‍ ഡിസൈന്‍ മാറ്റങ്ങള്‍ ടെസ്റ്റ് മ്യൂളുകളില്‍ കണ്ടതിന് അനുസൃതമാണ്.

മുന്‍വശത്തെ ഫാസിയയില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും മുകളിലെ പാളിയില്‍ സംയോജിത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും താഴെയുള്ള പ്രധാന ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടുന്നു. മുന്‍വശത്തെ ബമ്പറും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റുകള്‍ ഇത്തവണ വിശാലമാണ്. വലിയ വലിപ്പത്തിലുള്ള കിഡ്‌നി ഫ്രണ്ട് ഗ്രില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുകയും ചെയ്യുന്നു. പുതുതായി രൂപകല്പന ചെയ്ത അലോയി വീലുകള്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് പിന്നിലെ ത്രികോണാകൃതിയിലുള്ള ഘടകങ്ങള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവയാണ് 2023 ബിഎംഡബ്ല്യു X7-ലെ മറ്റ് വിഷ്വല്‍ ഹൈലൈറ്റുകള്‍.

വലിയ ടച്ച്സ്‌ക്രീനുള്ള വളഞ്ഞ ഡിസ്പ്ലേ ഉള്‍പ്പെടെ നിരവധി അപ്ഡേറ്റുകള്‍ ക്യാബിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. iX-ല്‍ ഉള്ളതുപോലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതുക്കിയ ബിഎംഡബ്ല്യു X7-ന് ഒരു പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുകയും മറ്റ് എഞ്ചിനുകളുടെ കൂട്ടം കൂടി ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യയില്‍, ബിഎംഡബ്ല്യു X4-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു, ലോക പ്രീമിയര്‍ കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ X7 ഉം ഇന്ത്യയില്‍ എത്തുമെന്ന് വേണം പറയാന്‍.

മൂന്ന് നിരകളുള്ള ലക്ഷ്വറി എസ്‌യുവി പ്രാദേശികമായി മെര്‍സിഡീസ് ബെന്‍സ് GLS, ഓഡി Q7, വോള്‍വോ XC90 എന്നിവയ്ക്കെതിരെയാകും മത്സരിക്കുക. നിലവില്‍ ഇതിന്റെ പഴയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 340 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6 ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് മറ്റൊരു ഓപ്ഷന്‍. ഇത് 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കുന്നു.

ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 6.1 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍, ഡീസല്‍ യൂണിറ്റ് 7 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ബിഎംഡബ്ല്യു X7-ന്റെ നിലവിലെ വില പരിശോധിച്ചാല്‍ ആഭ്യന്തര വിപണിയില്‍ 1.74 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. 5,151 mm നീളവും 2,000 mm വീതിയും 1,805 mm ഉയരവുമുള്ള X7 മോഡല്‍ ബിഎംഡബ്ല്യു പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും വലിയ മോഡല്‍ കൂടിയാണ്.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ബിഎംഡബ്ല്യു തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും വില 2022 ഏപ്രില്‍ 1 മുതല്‍ 3.5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2022-ലെ ബിഎംഡബ്ല്യുവിന്റെ ആദ്യ പ്രഖ്യാപിത വില വര്‍ധനയാണിത്, എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്‍ നിര്‍മാതാവ് തങ്ങളുടെ തിരഞ്ഞെടുത്ത കാറുകളുടെ വില വര്‍ഷത്തിന്റെ തുടക്കത്തില്‍ വര്‍ധിപ്പിച്ചിരുന്നു.

വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും നിലവിലെ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളും, മെറ്റീരിയല്‍, ലോജിസ്റ്റിക്‌സ് ചെലവുകള്‍ എന്നിവ കാരണം വില വര്‍ധന അനിവാര്യമാണെന്ന് ബിഎംഡബ്ല്യു പറയുന്നു. മറ്റ് കാര്‍ നിര്‍മാതാക്കളും ഏപ്രില്‍ മാസം മുതല്‍ വില വര്‍ധനവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പ്രാദേശികമായി അസംബിള്‍ ചെയ്ത കോംപാക്ട് ആഡംബര കാറുകള്‍ മുതല്‍ CBU ഇംപോര്‍ട്ട് പെര്‍ഫോമന്‍സ് കാറുകള്‍ വരെ ബിഎംഡബ്ല്യു ഇന്ത്യയില്‍ വിപുലമായ നിര വാഗ്ദാനം ചെയ്യുന്നു. പ്രാദേശികമായി അസംബിള്‍ ചെയ്ത മോഡലുകളില്‍ 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, 5 സീരീസ്, 6 സീരീസ് GT, X1, X3, X4, X5 എന്നിവ ഉള്‍പ്പെടുന്നു.

തിരഞ്ഞെടുത്ത വകഭേദങ്ങള്‍ CBU ഇറക്കുമതികളാണെങ്കിലും കാര്‍ നിര്‍മാതാവിന്റെ മുന്‍നിര 7 സീരീസ് സെഡാനും X7 ലക്ഷ്വറി എസ്‌യുവിയും പ്രാദേശികമായി അസംബിള്‍ ചെയ്തിട്ടുണ്ട്. CBU നിരയില്‍ 8 സീരീസ് ഗ്രാന്‍ കൂപ്പെ, X6, Z4, M2, M5, X5 M കോമ്പറ്റീഷന്‍, M8 കൂപ്പെ, X7 M50d, M760 Li എന്നിവയും ഉള്‍പ്പെടുന്നു. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയ്ക്കുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് മോഡലായ പുതിയ iX എസ്‌യുവിയും ഇറക്കുമതി ചെയ്തിട്ടുണ്ട്.
Source: Instagram


Click it and Unblock the Notifications








