BYD Atto 3 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങി; ടെസ്റ്റ് ഡ്രൈവുകള്‍ ഉടന്‍ ആരംഭിക്കും
ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ BYD തങ്ങളുടെ രണ്ടാമത്തെ മോഡലായ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കുന്നത്. വാഹനം വെളിപ്പെടുത്തിയെങ്കിലും വില പ്രഖ്യാപനത്തിനായി ഒരു മാസം കൂടി കാത്തിരിക്കണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിരവധി സവിശേഷതകളും ഫീച്ചറുകളും ഒപ്പം ഏവരെയും ആകര്‍ഷിക്കുന്ന റേഞ്ചുമായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്. കമ്പനി പറയുന്നതനുസരിച്ച് വാഹനത്തിന് പൂര്‍ണ ചാര്‍ജില്‍ 521 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

അതായത് നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന നെക്‌സോണിനെക്കാള്‍ വലിയ റേഞ്ചുമായിട്ടാകും വാഹനം വിപണിയില്‍ എത്തുകയെന്ന് സാരം. 437 കിലോമീറ്ററാണ് ടാറ്റ നെക്‌സോണിന്റെ റേഞ്ച്. മാത്രമല്ല, അടുത്തിടെ ക്രാഷ് ടെസ്റ്റിലും മികച്ച വിജയമാണ് വാഹനം നേടിയത്.

ഇതോടെ വാഹനത്തിന്റെ സുരക്ഷയും ഒരുപടി മുന്നിലെന്ന് വേണം പറയാന്‍. വില കൂടി അറിഞ്ഞാല്‍ വാഹനത്തിന് രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ എത്രമാത്രം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ സാധിക്കും. വാഹന വിപണിയും പ്രത്യേകിച്ച് ഏതിരാളികളായ ബ്രാന്‍ഡുകളും അറ്റോ 3-യുടെ വില പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് വേണം പറയാന്‍.

ഇതിന് ഇടയിലാണ് ഇപ്പോള്‍ വാഹനം ഇന്ത്യയിലുടനീളമുള്ള ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയിരിക്കുന്നത്. ഡെമോ വാഹനങ്ങളുടെ ലഭ്യതയെ ആശ്രയിച്ച്, തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ക്ക് താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവുകള്‍ നല്‍കാന്‍ കഴിയും.

അരങ്ങേറ്റം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ വാഹനം ടെസ്റ്റ് ഡ്രൈവുകള്‍ക്കായി ലഭ്യമാകുന്നു എന്നതും ഹൈലൈറ്റാണ്. കംപ്ലീറ്റ്‌ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെയാണ് ഇത് രാജ്യത്ത് എത്തുക. 60kWh ബാറ്ററി പാക്ക് വാഹനത്തിന് കരുത്തേകും. ഇത് 204 bhp കരുത്തും 310 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ്.

ഫ്രണ്ട് വീല്‍ ഡ്രൈവ് ഇലക്ട്രിക് എസ്‌യുവിക്ക് 7.3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, കൂടാതെ ARAI അവകാശപ്പെടുന്ന 521 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. വെറും 0.29Cd വിന്‍ഡ് പ്രതിരോധ ഗുണകം അനുവദിക്കുന്ന ഒരു എയറോഡൈനാമിക് ഡിസൈന്‍ ഈ ഓട്ടോമൊബൈലിനുണ്ട്.

കാറിനൊപ്പം മൂന്ന് ചാര്‍ജിംഗ് ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ ഏകദേശം 10 മണിക്കൂര്‍ എടുക്കുന്ന 7kW എസി ചാര്‍ജര്‍, വെറും 50 മിനിറ്റിനുള്ളില്‍ 0-80 ശതമാനം കൈവരിക്കുന്ന 80 kW DC ഫാസ്റ്റ് ചാര്‍ജര്‍, കൂടാതെ, 3kW പോര്‍ട്ടബിള്‍ എസി ചാര്‍ജറിന്റെ ഒരു ഓപ്ഷനും അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്കൊപ്പം ലഭ്യമാണ്.

സെഗ്മെന്റില്‍ തന്നെ നിരവധി സവിശേഷതകളോടെയാണ് വാഹനം വരുന്നത്. 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ സിസ്റ്റമാണ് ക്യാബിനിലെ ഹൈലൈറ്റ്.

360-ഡിഗ്രി ക്യാമറ, ആറ്-വിധത്തില്‍ ക്രമീകരിക്കാവുന്ന പവര്‍ സീറ്റുകള്‍, പവേര്‍ഡ് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളുള്ള മികച്ച ലോഡഡ് വേരിയന്റിലാണ് അറ്റോ 3 വാഗ്ദാനം ചെയ്യുന്നത്. സൗകര്യപ്രദമായ വാഹന പ്രവേശനത്തിനായി BYD ഇലക്ട്രിക് എസ്‌യുവിക്ക് ഒരു NFC കാര്‍ഡ് കീയും ലഭിക്കുന്നു.

ഒരു പ്രീമിയം ഓഫര്‍ എന്ന നിലയില്‍, ഏഴ് എയര്‍ബാഗുകള്‍, EBS സഹിതം ABS, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവ സുരക്ഷയ്ക്കായി നല്‍കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ADAS സവിശേഷതകളുമായാണ് അറ്റോ 3 വരുന്നത്. BYD ഇവിക്ക് അടുത്തിടെ യൂറോ NCAP-ല്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരുന്നു.

BYD അറ്റോ 3 അടുത്ത മാസം ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഇതിന് 30 ലക്ഷം രൂപയില്‍ താഴെയാണ് (എക്‌സ്‌ഷോറൂം) വില പ്രതീക്ഷിക്കുന്നത് കൂടാതെ ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളുണ്ടാകില്ലെന്ന് വേണം പറയാന്‍.

എന്നിരുന്നാലും, ഇത് ഹ്യുണ്ടായി കോന ഇവി, ടാറ്റ നെക്സോണ്‍ ഇവി മാക്സ്, എംജി ZS ഇവി മുതലായവയ്‌ക്കെതിരെ മത്സരിക്കും. BYD അറ്റോ 3 ഇ-എസ്‌യുവിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വാറന്റിയും ലഭിക്കും. വാഹനത്തിന്റെ ബാറ്ററിക്ക് 6 വര്‍ഷം അല്ലെങ്കില്‍ 1.50 ലക്ഷം കിലോമീറ്റര്‍ വാറന്റിയും ലഭിക്കും.


Click it and Unblock the Notifications








