C5 Aircross ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Citroen; വില 36.67 ലക്ഷം രൂപ
കഴിഞ്ഞ വര്‍ഷം C5 എയര്‍ക്രോസിലൂടെയാണ് നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്നുവരെ മോഡലിന് പരിമിതമായ വില്‍പ്പന മാത്രമാണ് നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളത്.

എന്നിരുന്നാലും ഒരു സുഖവും ആഡംബരവും കേന്ദ്രീകരിച്ചുള്ള ഉല്‍പ്പന്നം എന്ന ഖ്യാതി വാഹനത്തിലൂടെ നേടിയെടുക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്. മത്സരം നിലനിര്‍ത്താന്‍, സിട്രണ്‍ ഇന്ന് C5 എയര്‍ക്രോസിന്റെ 2022 ആവര്‍ത്തനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 36.67 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

ഷൈന്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ ആമുഖ വിലയാണിത്. ഫീല്‍ വേരിയന്റിന്റെ വില കമ്പനി ലിസ്റ്റ് ചെയ്തിട്ടില്ല. ഇതൊരു അന്താരാഷ്ട്ര ഉല്‍പ്പന്നമായതിനാല്‍, 2022-ന്റെ തുടക്കത്തില്‍ തന്നെ യൂറോപ്യന്‍ വിപണികളില്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

സാധാരണ വ്യവസായ നിലവാരമുള്ള 6-8 മാസത്തെ കാലതാമസമനുസരിച്ചാണ് ഇന്ത്യന്‍ ലോഞ്ച് നടന്നത്. പുതുക്കിയ മോഡല്‍ ചില പുതിയ ഡിസൈന്‍ ഘടകങ്ങളും പുതിയ ഫീച്ചര്‍ സൗകര്യങ്ങളുടെ ഒരു ഹോസ്റ്റും വാഗ്ദാനം ചെയ്യുന്നുവെന്ന് വേണം പറയാന്‍. എന്നിരുന്നാലും, ഫ്രഞ്ച് വാഹന നിര്‍മാതാവ് വാഹനത്തിലേക്ക് വലിയ മെക്കാനിക്കല്‍ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2022 മോഡല്‍ സിട്രണ്‍ ആദ്യ കാഴ്ചയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും പ്രകടമല്ലെങ്കിലും, ആധുനികവും ആകര്‍ഷകവുമായ രൂപകല്‍പ്പന വാഹനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നതായി കാണാന്‍ സാധിക്കും. പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍വശമാണ് ഇതില്‍ ശ്രദ്ധേയം.

പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍, ഇരട്ട ഡിആര്‍എല്‍ സജ്ജീകരണം (ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍), ലംബമായ എയര്‍ ഇന്‍ടേക്കുകളുള്ള റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്പര്‍ എന്നിവ ഇതിന് ലഭിക്കുന്നു. പുതിയ 18 ഇഞ്ച് അലോയ്കള്‍, മാറ്റ് ബ്ലാക്ക് റൂഫ് റെയിലുകള്‍, ഗ്ലോസ് ബ്ലാക്ക് മിറര്‍ ക്യാപ്പുകള്‍ എന്നിവയ്ക്കൊപ്പം പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകളും മോഡലിന് ലഭിക്കുന്നുണ്ട്.

അന്തര്‍ദേശീയ വിപണികളില്‍ വില്‍ക്കുന്ന C5 X-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ക്യാബിന്‍ C5 എയര്‍ക്രോസിന് അകത്ത് ലഭിക്കും. കാലാവസ്ഥാ നിയന്ത്രണങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്ന പുതിയ 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സംവിധാനമാണ് എസ്‌യുവിക്ക് ഇപ്പോള്‍ ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡ്യുവല്‍ സോണ്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിറര്‍, സ്റ്റിയറിംഗ് വീലുകളുടെ റീച്ച് ആന്‍ഡ് റേക്ക് അഡ്ജസ്റ്റ്‌മെന്റ്, പനോരമിക് സണ്‍റൂഫ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെ സിട്രണ്‍ C5 എയര്‍ക്രോസ് എത്തുന്നത്.

നേരത്തെ, ഫീല്‍, ഷൈന്‍ എന്നിങ്ങനെ 2 വ്യത്യസ്ത വേരിയന്റുകളില്‍ സിട്രണ്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വാഗ്ദാനം ചെയ്തിരുന്നു. ഫീല്‍ ട്രിമ്മിന് 32,23,900 രൂപയും ഷൈന്‍ ട്രിമ്മിന് 33,78,400 രൂപയുമാണ്. പുതുക്കിയ പതിപ്പില്‍, ഷൈന്‍ വേരിയന്റ് മാത്രമാണ് ഓഫര്‍ ചെയ്യുന്നതെന്നാണ് സൂചന. ഫീല്‍ വേരിയന്റിന്റെ വിലയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

C5 എയര്‍ക്രോസിന്റെ പവര്‍ട്രെയിനില്‍ സിട്രണ്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ മോട്ടോര്‍ C5 എയര്‍ക്രോസിന്റെ സ്റ്റാന്‍ഡേര്‍ഡ് പവര്‍ഹൗസായി തുടരുന്നു. ഇതിന് 177 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരണവുമായി ജോടിയാക്കിയിരിക്കുന്നു.

C5 എയര്‍ക്രോസിന്റെ നേരിട്ടുള്ള മത്സരം അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി ട്യൂസോണ്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എന്നിവയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

എന്നിരുന്നാലും, അതിന്റെ വില പരിശോധിക്കുമ്പോള്‍, ഇത് ജീപ്പ് മെറിഡിയന്‍, 2022 എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര അള്‍ടൂറാസ് G4, ടൊയോട്ട ഫോര്‍ച്യൂണറിന്റെ ലോവര്‍ എന്‍ഡ് ട്രിമ്മുകള്‍ എന്നിവയ്ക്കും എതിരാളിയാകും.

നിലവില്‍, സിട്രണിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയില്‍ C5 എയര്‍ക്രോസും C3 ഉം മാത്രമാണുള്ളത്. C5 എയര്‍ക്രോസ് അവതരിപ്പിച്ച് സിട്രണ്‍ ഒരു പ്രീമിയം കാര്‍ നിര്‍മ്മാതാവായി സ്വയം സ്ഥാപിക്കാന്‍ ശ്രമിച്ചു, എന്നിരുന്നാലും വില്‍പ്പന നമ്പറുകള്‍ക്കായി അത് C3-നെയാണ് കണക്കാക്കുന്നത്.

മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ് തുടങ്ങിയവയുമായി മത്സരിക്കുന്ന 4 മീറ്ററില്‍ താഴെയുള്ള ഒരു കോംപാക്ട് എസ്‌യുവിയായിരിക്കും സിട്രണ്‍ ഇനി വിപണിയില്‍ എത്തിക്കുക.

ഇതിന്റെ ഭാഗമായി C3 എയര്‍ക്രോസ് എന്നൊരു മോഡലിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. വൈകാതെ ഈ മോഡലിനെയും, വിവിധ ശ്രേണികളിലേക്ക് മറ്റ് മോഡലുകളെയും അവതരിപ്പിക്കാനാണ് ഫ്രഞ്ച് കമ്പനി പദ്ധതിയിടുന്നത്.


Click it and Unblock the Notifications








