വേദി, സമയം, പങ്കെടുക്കുന്നവര്‍... ഓട്ടോ എക്സ്പോ 2023-നെ കുറിച്ച് അറിയേണ്ടതെല്ലാം
അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാന്‍ പോകുന്ന ഓട്ടോ എക്സ്പോ 2023 ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളില്‍ ഒന്നാണ്. നിരവധി ഓട്ടോമൊബൈല്‍ കമ്പനികളും ഇതിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചില കമ്പനികള്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പരിപാടിയുടെ പൊലിമയില്‍ ഒട്ടും കുറവുണ്ടാകില്ലെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ഓട്ടോ എക്സ്പോ 2023 രാജ്യത്തുടനീളമുള്ള ഓട്ടോമോട്ടീവ് പ്രേമികളെ ആകര്‍ഷിക്കുന്ന ഒരു ഇവന്റായിരിക്കും. കോവിഡ് മഹാമാരി കാരണം മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഓട്ടോ എക്‌സ്‌പോക്കായി എല്ലാവരും കാത്തിരിക്കുകയാണ്. നിങ്ങള്‍ ഒരു വണ്ടിഭ്രാന്തന്‍ ആണെങ്കില്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-നെ കുറിച്ച് അറിയേണ്ടതെല്ലാം പങ്കുവെക്കുകയാണ് ഞങ്ങള്‍ ഈ ലേഖനത്തിലൂടെ. വേദി, സമയം, പങ്കെടുക്കുന്നവര്‍ എന്നിവയും മറ്റ് നിരവധി കാര്യങ്ങളുമടക്കം നിങ്ങള്‍ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

വേദി/ സ്ഥലം
നമുക്കാദ്യം ഓട്ടോ എക്സ്പോ 2023-ന്റെ വേദിയും സ്ഥലവും നോക്കി തുടങ്ങാം. വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023 ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ജെപി ഗോള്‍ഡ് കോഴ്സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ നടക്കും. രാജ്യത്ത് ഓട്ടോ എക്സ്പോയുടെ കഴിഞ്ഞ ഏതാനും പതിപ്പുകള്‍ നടത്തിയതും ഇതേ വേദിയാണ്. ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന കംപോണന്റ് ഷോ ഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കും.
തീയതിയും സമയവും
വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023 ജനുവരി 13 മുതല്‍ ജനുവരി 18 വരെയാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ജനുവരി 14 നും 15 നും രാവിലെ 11 നും രാത്രി 8 നും ഇടയില്‍ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാം. ജനുവരി 16, 17 തീയതികളില്‍ ക്ലോസിംഗ് സമയം വൈകീട്ട് 7 മണി വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. അവസാന ദിവസം എക്‌സ്‌പോയിലെ സന്ദര്‍ശിക്കാനുള്ള സമയം വീണ്ടും കുറയും. 1 മണിക്കൂര്‍ കൂടി കുറഞ്ഞ് ക്ലോസിംഗ് സമയം വൈകുന്നേരം 6 മണിക്കായിരിക്കും. പ്രദര്‍ശന സ്റ്റാളുകള്‍ അതാത് ക്ലോസിംഗ് സമയത്തിന് 30 മിനിറ്റ് മുമ്പ് അടച്ചിടുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

വേദിയില്‍ എങ്ങനെ എത്തിച്ചേരാം
ഓട്ടോ എക്സ്പോ 2023 ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ ആണ് നടക്കുന്നതെന്ന് കരുതി ബേജാറാകണ്ട. ദേശീയ തലസ്ഥാന മേഖലയുമായും (എന്‍സിആര്‍) നോയിഡ, ഗുരുഗ്രാം തുടങ്ങിയ ചുറ്റുമുള്ള മറ്റ് ഭാഗങ്ങളുമായും ഓട്ടോ എക്‌സ്‌പോ വേദി ബന്ധപ്പെട്ട് കിടക്കുന്നു. കൂടാതെ, മെട്രോ മാര്‍ഗവും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലൂടെയും ഡല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും എളുപ്പത്തില്‍ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടിലെത്താനാകും.
ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍
2023-ലെ ഏറ്റവും വലിയ ചില അവതരണങ്ങള്‍ ഓട്ടോ എക്സ്പോ 2023-ന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, BYD ഇന്ത്യ, എംജി, റെനോ, നിസാന്‍, കിയ എന്നീ കമ്പനികള്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കൂടാതെ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍, മെര്‍സിഡീസ് ബെന്‍സ് എന്നിവരും പങ്കെടുക്കും.
ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാത്തവര്‍
ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയാണ് ഓട്ടോ എക്‌സ്‌പോ 2023-ല്‍ സാന്നിധ്യം അറിയിക്കാത്ത പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കള്‍. റോയല്‍ എന്‍ഫീല്‍ഡും ഹാര്‍ലി-ഡേവിഡ്‌സണും ഓട്ടോ എക്‌സ്‌പോയില്‍ വളരെക്കാലമായി പങ്കെടുക്കുന്നില്ല. പുതിയ മോഡലുകളുടെ ലോഞ്ചുകളും കണ്‍സെപ്റ്റുകളും പ്രദര്‍ശിപ്പിച്ച് ടിവിഎസ് വര്‍ഷങ്ങളായി ഓട്ടോ എക്സ്പോയില്‍ അവരുടെ സാന്നിധ്യം അറിയിച്ച് വരാറുണ്ടായിരുന്നതാണ്. മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ വളരെ ജനപ്രിയമായ റൈഡര്‍ മാനിയയും പുതുതായി ലോഞ്ച് ചെയ്ത ടിവിഎസ് മോട്ടോ സോളും പോലെ സ്വന്തമായി തന്നെ ഫെസ്റ്റുകളും ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിനാലാണ് ഇങ്ങനെ.
പാസഞ്ചര്‍ കാര്‍ വിപണിയില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്നുള്ള ചില കമ്പനികള്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നില്ല. ഇവര്‍ക്കൊപ്പം സിട്രണ്‍, ഫോഴ്സ് മോട്ടോര്‍സ്, ഹോണ്ട കാര്‍സ് ഇന്ത്യ, ഇസുസു, ജീപ്പ്, ലാന്‍ഡ് റോവര്‍, മിനി, റെനോ, നിസാന്‍ എന്നിവയും 2023 ഓട്ടോ എക്‌സ്‌പോ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ എക്സ്പോ 2023, വരാനിരിക്കുന്ന കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം നിരവധി ആശയങ്ങളും സാങ്കേതിക കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിക്കും. അവ സമീപഭാവിയില്‍ തന്നെ ഉല്‍പ്പാദനത്തിന് ഒരുങ്ങും. രാജ്യത്തുടനീളമുള്ള വാഹന പ്രേമികള്‍ക്ക് ഈ പരിപാടി നല്ല അനുഭവമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








