യൂസ്ഡ് Tata Nexon EV വാങ്ങണോ? ഇക്കാര്യങ്ങള്‍ നോക്കിയിട്ട് തീരുമാനിക്കൂ...

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണിയിലെ തമ്പുരാക്കന്‍മാരാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യയില്‍ ഇവി വില്‍പ്പനയുടെ സിംഹഭാഗവും ടാറ്റയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവിയാണ് നെക്‌സോണ്‍ ഇവി. 2020 ജനുവരിയിലാണ് ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ ഇവി പുറത്തിറക്കിയത്. സ്വകാര്യ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറായിരുന്നു ഇത്.

ഇലക്ട്രിക് എസ്‌യുവി ഉപഭോക്താക്കളുടെ ഇഷ്ടം നേടുകയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി മാറുകയും ചെയ്തു. മലിനീകരണം കുറക്കുന്നതോടൊപ്പം ഇന്ധന വിലവര്‍ധനവിന്റെ നാളുകളില്‍ ഉപഭോക്താവിന്റെ കീശക്കും ഇവി ഒരു താങ്ങായി മാറുന്നു. ഇത്തരത്തില്‍ ഒരു യൂസ്ഡ് ടാറ്റ നെക്‌സോണ്‍ ഇവി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ അതിന് മുമ്പ് നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഞങ്ങള്‍ പറയാന്‍ പോകുന്നത്.

യൂസ്ഡ് Tata Nexon EV വാങ്ങണോ? ഇക്കാര്യങ്ങള്‍ നോക്കിയിട്ട് തീരുമാനിക്കൂ...

30.2kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഫ്രണ്ട്-ആക്സില്‍ ഘടിപ്പിച്ച 129 bhp, 245 ഇലക്ട്രിക് മോട്ടോര്‍ ഉള്‍പ്പെടുന്ന ടാറ്റയുടെ സിപ്ട്രോണ്‍ പവര്‍ട്രെയിന്‍ ആണ് നെക്സോണ്‍ ഇവിക്ക് കരുത്ത് പകരുന്നത്. ടാറ്റ ഈ വര്‍ഷമാദ്യം നെക്‌സോണ്‍ ഇവി മാക്‌സ് അവതരിപ്പിച്ചിരുന്നു. അത് മോഡലിന് കൂടുതല്‍ വലിയ ബാറ്ററിയും കൂടുതല്‍ പവറും നല്‍കുന്നു. എന്നാല്‍ ആ മോഡല്‍ യൂസ്ഡ് കാര്‍ വിപണിയിലെത്താന്‍ ഇത്തിരി കൂടി കഴിയും.

ചാര്‍ജിംഗ് സമയത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് 15A എസി ചാര്‍ജറിന് ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഏകദേശം 8-9 മണിക്കൂര്‍ എടുക്കും. അതേസമയം CCS2-അനുയോജ്യമായ DC ഫാസ്റ്റ് ചാര്‍ജര്‍ ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. കോസ്റ്റിംഗിലും ബ്രേക്കിംഗിലും ബാറ്ററി നിറയ്ക്കുന്ന എനര്‍ജി റീജനറോഷന്‍ സിസ്റ്റവും ഇവിയില്‍ ഉണ്ട്. 3.3kWh പോര്‍ട്ടബിള്‍ ചാര്‍ജറും വാള്‍ മൗണ്ടഡ് ഹോം ചാര്‍ജറും നെക്‌സോണ്‍ ഇവിക്കൊപ്പം ടാറ്റ നല്‍കിയിട്ടുണ്ട്.

അതിനാല്‍ നിങ്ങള്‍ ഒരു യൂസ്ഡ് ടാറ്റ നെക്‌സോണ്‍ ഇവി വാങ്ങുകയാണെങ്കില്‍ ഉടമയില്‍ നിന്ന് ഇവ രണ്ടും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്നാല്‍ പരിശീലനം ലഭിച്ച ഒരു ടെക്നീഷ്യന്റെ സഹായത്തോടെ മാത്രം ഹോം ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. 312 കിലോമീറ്റര്‍ റേഞ്ചാണ് നെക്‌സോണ്‍ ഇവിയുടെ കാര്യത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഇത് മാറിയേക്കും. മിക്‌സഡ് സിറ്റി-ഹൈവേ ഡ്രൈവിംഗ് സൈക്കിളില്‍ ഇത് 208 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നുണ്ട്.

നഗരത്തില്‍ വാഹനമോടിക്കുമ്പോള്‍ ഉയര്‍ന്ന തോതിലുള്ള റീജനറേഷന്റെ ഫലമായി 216 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചു. അതേസമയം ഹൈവേയില്‍ കുറഞ്ഞ റീജനറേഷനോടെ മോട്ടോര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതിനാല്‍ ഫുള്‍ ചാര്‍ജില്‍ 201 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നതെന്നാണ് ടെസ്റ്റ് ഫലങ്ങള്‍. ആദ്യം വായിക്കുമ്പോള്‍ ഇത് വളരെ കുറവാണെന്ന് തോന്നുമെങ്കിലും മിക്ക ആളുകളുടെയും ദൈനംദിന യാത്രകള്‍ക്ക് 200 കിലോമീറ്റര്‍ റേഞ്ച് തന്നെ ധാരാളമാകും. XM, XZ+, XZ+ Lux എന്നീ മൂന്ന് വേരിയന്റുകളിലായാണ് നെക്സോണ്‍ ഇവി പുറത്തിറക്കിയത്.

അടിസ്ഥാന വേരിയന്റായതിനാല്‍, XM-ല്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, മിഡ്-സ്പെക്ക് XZ+ എല്ലാ അടിസ്ഥാന കാര്യങ്ങള്‍ക്കുമൊപ്പം 16 ഇഞ്ച് അലോയ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ മിററുകള്‍, 7.0 ഇഞ്ച് കളര്‍ MID, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ-അനുയോജ്യമായ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതില്‍ നല്‍കുന്നു. നിങ്ങള്‍ ബജറ്റിന്റെ കാര്യത്തില്‍ ആശങ്കകളില്ലാത്ത ആളാണെങ്കില്‍ ടോപ്പ്-സ്‌പെക്ക് XZ+ LUX നോക്കാം.

സണ്‍റൂഫ്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടോ ഹെഡ്‌ലൈറ്റുകള്‍, വൈപ്പറുകള്‍, 8 സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം എന്നിവ കൂടി ഇതില്‍ ചേര്‍ക്കപ്പെടുന്നു. പുതിയ കാര്‍ വാങ്ങുന്ന പോലെ തന്നെ പുത്തന്‍ സാങ്കേതികവിദ്യയായതിനാല്‍ തന്നെ ഒരു ഇവിയുടെ ആയുസ്സും പുനര്‍വില്‍പ്പനയും ഒരു പരിധിവരെ അജ്ഞാതമാണ്. കൂടാതെ ബാറ്ററി ലൈഫിനെക്കുറിച്ച് ആശങ്കകളും ഉണ്ട്. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായി ടാറ്റ നെക്‌സോണ്‍ ഇവിയുടെ മോട്ടോറിനും ബാറ്ററിക്കും 8-വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറന്റി നല്‍കുന്നു.

ബാക്കിയുള്ള കാറുകള്‍ക്ക് 3-വര്‍ഷം അല്ലെങ്കില്‍ 1,25,000 കിലോമീറ്റര്‍ വാറന്റിയുണ്ട്. ഇത് ആശങ്ക കുറച്ച് ലഘൂകരിക്കും. 5 വര്‍ഷത്തെ വിപുലീകൃത വാറന്റി പാക്കേജിനൊപ്പം ഇവി ഓഫര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ വാറന്റിയുള്ള കാര്‍ വാങ്ങാന്‍ ശ്രമിക്കുക. നെക്‌സോണ്‍ ഇവിയില്‍ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ടവയായിരുന്നു അതില്‍ കൂടുതലും. അത് കാലാനുസൃതമായ അപ്ഡേറ്റുകള്‍ വഴി പരിഹരിക്കപ്പെട്ടു. അതിനാല്‍ യുസ്ഡ് ഇവി വാങ്ങുമ്പോള്‍ കാറിന് അപ്-ടു-ഡേറ്റ് സോഫ്റ്റ്വെയര്‍ ഉണ്ടെന്ന് ഉറപ്പാക്കുക.

ടാറ്റയുടെ സേവന ശൃംഖല രാജ്യത്തുടനീളമുള്ളതിനാല്‍ അക്കാര്യത്തില്‍ സമാധാനം ഉണ്ടാകും. സെക്കന്‍ഡ് ഹാന്‍ഡ് ടാറ്റ നെക്‌സോണ്‍ ഇവി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയാം. സോഫ്റ്റ്വെയര്‍ ബഗുകള്‍ ആണ് ആദ്യത്തേത്. കുറച്ച് ഉടമകള്‍ അവരുടെ നെക്‌സോണ്‍ ഇവിയിലെ സോഫ്റ്റ്വെയര്‍ തകരാറുകളെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇവി 'ഡ്രൈവ്'ല്‍ നിന്ന് 'ന്യൂട്രല്‍' ആയി മാറുന്നു. മറ്റ് ചില സന്ദര്‍ഭങ്ങളില്‍ ബാറ്ററി ചാര്‍ജ് നിമിഷങ്ങള്‍ക്കുള്ളില്‍ ഗണ്യമായി കുറയുന്നു. ഈ രണ്ട് പ്രശ്‌നങ്ങളും നെക്‌സോണ്‍ ഇവിയുടെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവുമായി (BMS) ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സോഫ്റ്റ്‌വെയര്‍ അപ്-ടു-ഡേറ്റ് ആണെന്ന് ഉറപ്പാക്കുക.

അതുപോലെ തന്നെ പരാതി ഉയരുന്ന മറ്റൊന്നാണ് ചാര്‍ജിംഗ് പോര്‍ട്ടില്‍ ചാര്‍ജര്‍ കുടുങ്ങുന്നതുമായി ബന്ധപ്പെട്ട് ഉള്ളത്. ഇത് മാനുവലായി നീക്കുന്നതിന് ഫ്രണ്ട് വീല്‍ ആര്‍ച്ചില്‍ ഒതുക്കിയിരിക്കുന്ന ഒരു റിലീസ് ലൈന്‍ ഉപയോഗിക്കണം. ചിലര്‍ക്ക് ചാര്‍ജര്‍ ശരിയായ രീതിയില്‍ ലോക്ക് ചെയ്യപ്പെടുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു. നിങ്ങള്‍ ഒരു യൂസ്ഡ് നെക്‌സോണ്‍ ഇവി വാങ്ങുന്നതിന് മുമ്പ് ഈ രണ്ട് കാര്യങ്ങളും പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. എന്തെങ്കിലും പ്രശ്‌നം കാണപ്പെടുകയാണെങ്കില്‍ തന്നെ ഒരു അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് അത് പരിഹരിക്കുക.

അപൂര്‍വമായിട്ടങ്കിലും എസി സിസ്റ്റം ഫലപ്രദമായി തണുപ്പിക്കുന്നില്ല അല്ലെങ്കില്‍ പൂര്‍ണ്ണമായും ഷട്ട്ഡൗണ്‍ ചെയ്യുന്നില്ലെന്ന് ചില നെക്സോണ്‍ ഇവി ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ടസ്റ്റ് ഡ്രൈവില്‍ എസി ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇനി സെക്കന്‍ഡ് ഹാന്‍ഡ് നെക്‌സോണ്‍ ഇവിയുടെ റീസെയില്‍ വാല്യു പരിശോധിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെയാണ് വില വരുന്നത്. നല്ല ഡിമാന്‍ഡും താരതമ്യേന പുതിയ മോഡലും ആയതിനാലാണ് യൂസ്ഡ് നെക്‌സോണ്‍ ഇവിയുടെ വില ഇത്രക്ക് ഉയരത്തില്‍ നില്‍ക്കുന്നത്. എന്നിരുന്നാലും കാര്യമായ വിലപേശല്‍ നടത്തിയാല്‍ മാന്യമായ ഒരു വിലയില്‍ ഒരു യൂസ്ഡ് നെക്‌സോണ്‍ ഇവി നിങ്ങള്‍ക്ക് പോര്‍ച്ചില്‍ എത്തിക്കാം.

Article Published On: Wednesday, December 14, 2022, 18:40 [IST]
English summary
Here are few things to keep in mind before buying a used tata nexon ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X