എസ്‌യുവി സെഗ്മെൻ്റിൽ കൊമ്പ്കോർക്കാൻ ഹോണ്ടയുടെ പുത്തൻ മോഡൽ വരുന്നു
ജനറൽ മോട്ടോഴ്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പുതിയ ഇലക്ട്രിക് എസ്‌യുവിയായ പ്രോലോഗിന്റെ ആദ്യ സെറ്റ് ചിത്രങ്ങൾ ഹോണ്ട ഒടുവിൽ പുറത്തുവിട്ടു. ഈ പുതിയ എസ്‌യുവി ആദ്യം 2024 ൽ വടക്കേ അമേരിക്കയിലാണ് വിൽപ്പനയ്‌ക്കെത്തുക

കാഡിലാക് ലിറിക്ക്, ഷെവർലെ ബ്ലേസർ, ജിഎംസി ഹമ്മർ തുടങ്ങിയ ഇലക്ട്രിക് എസ്‌യുവികൾക്ക് അടിവരയിടുന്ന ജിഎമ്മിന്റെ അൾട്ടിയം പ്ലാറ്റ്‌ഫോമിലാണ് പ്രോലോഗ് നിർമ്മിച്ചിരിക്കുന്നത്. "നിയോ റഗ്ഗഡ്" എസ്‌യുവി എന്നാണ് പ്രോലോഗിനെ ഹോണ്ട വിളിക്കുന്നത്.

പുതിയ ഹോണ്ട സിആർ-വിയെക്കാൾ 203 എംഎം നീളവും 127 എംഎം വീതിയുമുള്ള വീൽബേസാണ് പ്രോലോഗിന്. എസ്‌യുവി 21 ഇഞ്ച് വീലുകളാണ് പുതിയ പ്രോലോഗിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻഭാഗം ഹോണ്ട ഇ ഇലക്ട്രിക് സിറ്റി കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

കാരണം അതിൽ കാണുന്ന വലിയ കറുത്ത ബാർ ഹോണ്ട ഇ ഇലക്ട്രിക് സിറ്റിയിലും ഉണ്ട് . പിൻഭാഗത്ത്, ഹോണ്ട ലോഗോ മുഴുവൻ ബ്രാൻഡ് നാമത്തിനും വഴിയൊരുക്കുന്നു, കൂടാതെ 'E:' സീരീസ് ബാഡ്ജിംഗും അവതരിപ്പിക്കുന്നുണ്ട്. "കാലിഫോർണിയയിലെ താഹോ തടാകത്തിന് സമീപമുള്ള പ്രകൃതി ഭംഗിയും നിറങ്ങളും" പ്രചോദനം ഉൾക്കൊണ്ട് നോർത്ത് ഷോർ പേൾ എന്ന പ്രത്യേക പെയിന്റ് ഫിനിഷാണ് പ്രോലോഗിന് ഹോണ്ട നൽകിയിരിക്കുന്നത്

അകത്ത്, 11 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ 11.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനുമായി ചേർന്നിരിക്കുന്നു, ഇന്റീരിയർ നിറങ്ങൾ പർവത മഞ്ഞിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നൽകിയിരിക്കുന്നത്. 2025-ഓടെ കമ്പനി ഡീസൽ കാറുകൾ നിർത്തലാക്കുന്നതിനാൽ, ഭാവിയിലെ ഹോണ്ട യുഎസ് നിരയിൽ പ്രധാനമായും പെട്രോളും ഇവികളും ആധിപത്യം സ്ഥാപിക്കും; അതിനാൽ പ്രോലോഗ് ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന മോഡലായിരിക്കും.

പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 510 കിലോമീറ്റർ റേഞ്ചും പരമാവധി 190 കിലോവാട്ട് വരെ ബാറ്ററി കപ്പാസിറ്റിയും വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ സിറ്റി സെഡാനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എസ്‌യുവി ഹോണ്ട ഒരുക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ, അത് അടുത്ത വർഷം എപ്പോഴാണ് വെളിപ്പെടുത്തുക എന്ന വിവരം ഇത് വരെ ലഭിച്ചിട്ടില്ല. ബ്രാൻഡ് ഇപ്പോൾ നിലവിൽ ഇന്ത്യയിൽ ഒരു എസ്‌യുവിയും വിൽക്കുന്നില്ല.

ഇന്ത്യൻ വിപണി പരിഗണിക്കുകയാണെങ്കിൽ, ഹോണ്ട ഇന്ത്യയ്‌ക്കായുള്ള പ്രോലോഗ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, 2023-ഓടെ രാജ്യത്ത് ഒരു പുതിയ എസ്‌യുവി അവതരിപ്പിക്കാൻ ഇതിന് പദ്ധതിയുണ്ട്. വരാനിരിക്കുന്ന ഹോണ്ട എസ്‌യുവി, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികളുടെ എതിരാളിയായിരിക്കും.

എന്തായാലും ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഹോണ്ടയ്ക്ക് ഒരു എസ്‌യുവി നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ പുതിയ വാഹനം അധികം താമസിച്ചാൽ വിപണി കൈവിട്ടു പോകാൻ സാധ്യതയുണ്ട്. പക്ഷേ സെഡാൻ മേഖലയിൽ ഹോണ്ട സിറ്റി വിപണി പിടിച്ച് കുലുക്കിയിട്ടുണ്ട് എന്ന് തന്നെ പറയാം. എന്തായാലും പുത്തൻ മോഡലിനായി കാത്തിരിക്കാം


Click it and Unblock the Notifications








