ലോഞ്ചിന് മുന്നോടിയായി City e:HEV -യുടെ ആക്സസറി ലിസ്റ്റ് വെളിപ്പെടുത്തി Honda
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട അടുത്തിടെ വരാനിരിക്കുന്ന സിറ്റി e:HEV ഹൈബ്രിഡ് രാജ്യത്ത് അവതരിപ്പിച്ചു. 2022 മെയ് മാസത്തിൽ വാഹനം വിൽപ്പനയ്‌ക്കെത്തും. സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിൽ തന്നെ നിർമ്മിക്കും. 21,000 രൂപ ടോക്കൺ തുകയിൽ വാഹനത്തിനായുള്ള ബുക്കിംഗും ഇതിനോടകം ഹോണ്ട ആരംഭിച്ചിട്ടുണ്ട്.

സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിൽ തന്നെ നിർമ്മിക്കും. 21,000 രൂപ ടോക്കൺ തുകയിൽ വാഹനത്തിനായുള്ള ബുക്കിംഗും ഇതിനോടകം ഹോണ്ട ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, സിറ്റി e:HEV ഹൈബ്രിഡിന്റെ ആക്സസറികളുടെ ലിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ക്രോം എലമെന്റുള്ള ഡോർ വൈസർ, സ്റ്റെപ്പ് ഇല്യൂമിനേഷൻ ലൈറ്റുകൾ, വിൻഡോ ക്രോം മോൾഡിംഗ്, റൂഫ് എൻഡ് വൈസർ, സ്‌മാർട്ട്‌ഫോൺ ഹോൾഡറുള്ള വയർലെസ് ചാർജർ എന്നിങ്ങനെ ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകൾ സിറ്റി സെഡാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ബേസിക്ക് കിറ്റ്, ക്രോം പാക്കേജ്, യൂട്ടിലിറ്റി പാക്കേജ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി കമ്പനി ആക്‌സസറികൾ വാഗ്ദാനം ചെയ്യുന്നു.

യൂട്ടിലിറ്റി പാക്കേജിലെ ഫീച്ചർ ലിസ്റ്റിൽ മുന്നിലും പിന്നിലും ഒരു ബമ്പർ പ്രൊട്ടക്ടർ, ഡോർ ഹാൻഡിൽ പ്രൊട്ടക്ടർ, ഡോർ എഡ്ജ് ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗുകൾ എന്നിവ ഉൾപ്പെടുന്നു.

മറുവശത്ത്, ക്രോം പാക്കേജിൽ ഫ്രണ്ട് ബമ്പർ സൈഡ് ഗാർണിഷ്, ട്രങ്ക് ഗാർണിഷ്, ടെയിൽ ലാമ്പ് ഗാർണിഷ്, ഡോർ ലോവർ ഗാർണിഷ് എന്നിവ ഉൾപ്പെടുന്നു. ബേസിക് കിറ്റിൽ ബക്കറ്റ് മാറ്റ്, ഫ്ലോർ മാറ്റ്, പില്ലോകൾ, കീ ചെയിൻ, എമർജൻസി ഹാമർ, മൈക്രോ ഫൈബർ ക്ലോത്ത് എന്നിവ ഉൾപ്പെടുന്നു.

ഇവ കൂടാതെ, ലോഞ്ച് കഴിഞ്ഞ് ഉപഭോക്താക്കൾക്ക് ബോഡി കവർ, സിറ്റി ലോഗോ പ്രൊജക്ടർ, ലെഗ്റൂം ലാമ്പ്, ഫ്രണ്ട് ബമ്പർ സെന്റർ ഗാർണിഷ് എന്നിവയും തെരഞ്ഞെടുക്കാം.

2022 മെയ് മാസത്തിൽ സിറ്റി e:HEV ഹൈബ്രിഡിന്റെ ലോഞ്ചിനോട് അടുത്ത് വാഹനത്തിന്റെ വിലനിർണ്ണയത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാം.

എന്നിരുന്നാലും V, ZX എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന മോഡലിന് 22 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. ഇന്ത്യയിലെ മിഡ് സൈസ് സെഡാൻ വിഭാഗത്തിൽ ഹോണ്ട സിറ്റി മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെർണ, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർട്ടസ് എന്നിവയ്ക്കെതിരെ മത്സരിക്കുന്നു.

രണ്ട് ഇലക്ട്രിക് മോട്ടോർ സെറ്റപ്പോടു കൂടിയ 1.5 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ യൂണിറ്റാണ് സെഡാന്റെ ഹൃദയം.

പെട്രോൾ മോട്ടോർ 98 bhp പരമാവധി പവറും 127 Nm പീക്ക് torque ഉം സൃഷ്ടിക്കുമ്പോൾ, ഇലക്ട്രിക് മോട്ടോർ 109 bhp പവറും 253 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സെഡാന്റെ രണ്ട് ഇലക്ട്രിക് മോട്ടോറുകളിൽ ഒന്ന് ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററായി പ്രവർത്തിക്കുന്നു.

ഇത് വാഹനത്തിന്റെ മൈലേജ് മെച്ചപ്പെടുത്തുകയും എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു. രണ്ടാമത്തെ മോട്ടോർ വീലുകളുമായി കണക്ട് ചെയ്തിരിക്കുന്നു. സിറ്റി ഹൈബ്രിഡിന് 14.5 കിലോഗ്രാം ഭാരം വരുന്ന 0.734 kWh ലിഥിയം അയൺ ബാറ്ററിയാണ് ഹോണ്ട നൽകിയിരിക്കുന്നത്.

ഒരൊറ്റ, നിശ്ചിത ഗിയർ റേഷ്യോയാണ് വാഹനത്തിന്റെ ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി നിർമ്മാതാക്കൾ നൽകിയിട്ടുള്ളത്. എഞ്ചിൻ ഡ്രൈവ്, ഇവി ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ വാഹനത്തിന് ലഭിക്കുന്നുണ്ട്.

സിറ്റി ഹൈബ്രിഡ് ലിറ്ററിന് 27 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യും എന്നതാണ് ഏറ്റവും പ്രധാന ഹൈലൈറ്റ്. വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാറുകളിലൊന്നായിരിക്കും ഇത്.

ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ ZX വേരിയന്റ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ( ADAS) ഉൾപ്പെടുന്ന ഹോണ്ടയുടെ സെൻസിംഗ് ടെക്കുമായി വരും.

വാഹനത്തിന്റെ ADAS സ്യൂട്ടിൽ ലെയിൻ കീപ്പിംഗ് അസിസ്റ്റ്, റോഡ് ഡിപാച്ചർ മിറ്റിഗേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഓട്ടോണമസ് ടെക്ക് അവതരിപ്പിക്കുന്ന സെഗ്മെന്റിലെ ആദ്യത്തെ മോഡലാണിത്.

ഹോണ്ട സിറ്റി e:HEV 4549 mm നീളവും 1748 mm വീതിയും 1489 mm ഉയരവുമായി വരുന്നു, ഇത് നോർമൽ മോഡലിന് സമാനമാണ്. അതോടൊപ്പം വാഹനത്തിന് 2600 mm വീൽബേസും ലഭിക്കുന്നു. 40 ലിറ്ററാണ് സെഡാന്റെ ഫ്യുവൽ ടാങ്ക് ശേഷി.


Click it and Unblock the Notifications








