പതിവ് തെറ്റിച്ച് Toyota; ഹൈക്രോസ് വന്നാലും ക്രിസ്റ്റ എങ്ങും പോകില്ല; ഡീസൽ എഞ്ചിനിൽ വിൽപ്പന തുടരും

ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും ഡീസല്‍ എഞ്ചിനുകളില്‍ തുടര്‍ന്നും ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്ന് ടൊയോട്ട. എന്നാല്‍ പുതുതായി പുറത്തിറങ്ങുന്ന ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിനെ കൂടാതെ പെട്രോള്‍ വകഭേദത്തിൽ മാത്രമായിരിക്കും ലഭിക്കുക. 17 വര്‍ഷമായി ഇന്ത്യയില്‍ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റ് അടക്കി ഭരിക്കുകയാണ് ടൊയോട്ട ഇന്നോവ.

ഇക്കാലത്തിനിടെ രാജ്യത്ത് ഒരു ദശലക്ഷത്തിലധികം ഇന്നോവകള്‍ വിറ്റഴിച്ച ടൊയോട്ട അതിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലിനെ ഇന്ന് പുത്തന്‍ അവതാരത്തില്‍ അവതരിപ്പിച്ചു. മൂന്നാം തലമുറയിലെ പുതുതലമുറ ഇന്നോവ ഹൈക്രോസ് പെട്രോള്‍, ഹൈബ്രിഡ് പതിപ്പുകളിലാണ് വിപണിയില്‍ എത്തുന്നത്. പെര്‍ഫോമന്‍സ്, സുരക്ഷ, ഇന്ധനക്ഷമത എന്നിവയുടെ കാര്യത്തില്‍ ഒരുപടി മുകളില്‍ നില്‍ക്കുമെങ്കിലും ഇന്നോവ ക്രിസ്റ്റയെ കൈവിട്ടുകളയാന്‍ ടൊയോട്ട ഒരുക്കമല്ല. നിലവിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ പതിപ്പ് 2023 വരെ തുടരാന്‍ പോകുകയാണ്.

പതിവ് തെറ്റിച്ച് Toyota; ഹൈക്രോസ് വന്നാലും ക്രിസ്റ്റ എങ്ങും പോകില്ല

ചിപ്പ് ക്ഷാമവും വിതരണ ശൃംഖലയിലെ വെല്ലുവിളികളും കാരണം ഇന്നോവ ക്രിസ്റ്റയുടെ ഉല്‍പ്പാദനം തടസ്സപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡീസല്‍ വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതരായി. എന്നാല്‍ 2023 ഫെബ്രുവരി മുതല്‍ ഉല്‍പ്പാദനം മെച്ചപ്പെടുമെന്നാണ് കമ്പനി മനസ്സിലാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ക്രിസ്റ്റയുടെ ശരാശരി 2,000-2,500 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കും. പ്രധാനമായും ഡീസല്‍ വേരിയന്റുകളായിരിക്കും നിര്‍മിക്കുന്നത്. ജപ്പാനില്‍ നിന്നുള്ള മുഖ്യ എതിരാളികളായ മാരുതി സുസുക്കി, ഹോണ്ട കാര്‍സ് ഇന്ത്യ എന്നിവ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചിരുന്നു.

എന്നാൽ ടൊയോട്ട ഇന്നോവയിലും ഫോര്‍ച്യൂണറിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത് തുടരും. ഡീസല്‍ വാഹനങ്ങളുടെ വിപണി വിഹിതം കുറയുന്ന കാഴ്ചയാണ് സമീപകാലത്ത് കാണാന്‍ സാധിക്കുന്നത്. മൊത്തത്തിലുള്ള വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതം 18-20 ശതമാനമായി കുറഞ്ഞു. എന്നാല്‍ 10 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങളില്‍ ടൊയോട്ട, ഹ്യൂണ്ടായി, കിയ, മഹീന്ദ്ര, ടാറ്റ എന്നീ കമ്പനികളുടെ വാഹനങ്ങളുടെ മികവില്‍ ഡീസല്‍ വിപണി വിഹിതം 50 ശതമാനത്തിലധികം തുടരുന്നു.

പ്രതിമാസം 20,000 യൂണിറ്റുകള്‍ വില്‍ക്കുന്ന എംപിവി സെഗ്‌മെന്റില്‍ ഇപ്പോഴും 50-60 ശതമാനത്തിലധികം വരും ഡീസല്‍ വാഹനങ്ങളുടെ വിപണി വിഹിതം. ഡീസല്‍ എഞ്ചിന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ ഇന്നോവ ക്രിസ്റ്റ ആകര്‍ഷിക്കും. എന്നാല്‍ നല്ല ഇന്ധനക്ഷമത ലഭിക്കാന്‍ മികച്ച ബദല്‍ തേടുന്ന ഉപഭോക്താക്കളെ ഹൈക്രോസ് കൊണ്ടുപോകും. അവര്‍ ഒരുപക്ഷേ ഹൈബ്രിഡ് ആയിരിക്കും തെരഞ്ഞെടുക്കുക. ചിപ്പ് ക്ഷാമം കാരണം ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന് ഈ സാമ്പത്തിക വര്‍ഷം ആഗോള ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചേക്കില്ല.

കഴിഞ്ഞ 12 മാസത്തിനിടെ അതിന്റെ വില്‍പ്പന പ്രവചനം മൂന്ന് തവണ പരിഷ്‌കരിക്കാന്‍ അത് നിര്‍ബന്ധിതരായി. ചിപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ ആഗോള തളത്തിലുള്ള കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിനാല്‍ പ്രാദേശിക ഉല്‍പ്പാദനത്തെ ഇത് സാരമായി ബാധിക്കുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ 2022 നവംബര്‍ വരെയുള്ള കാലയളവില്‍, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോള തലത്തില്‍ പ്രതിമാസം 1 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നഷ്ടം നേരിടുമെന്നാണ് റിപ്പോര്‍ട്ട്. വിതരണ ശൃംഖല വെല്ലുവിളികള്‍ കണക്കിലെടുത്ത് ഇന്ത്യയിലെ പദ്ധതികളും അവര്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

വിതരണത്തിലെ അനിശ്ചിതത്വം കണക്കിലെടുത്ത്, ഭാവിയില്‍ ഇന്ത്യയിലെ ഉല്‍പ്പാദനം തടസ്സപ്പെട്ടേക്കാം. എന്നാല്‍ വിപണിയില്‍ ഇന്നോവയുടെ ഏറ്റവും മികച്ച മോഡല്‍ നിരയെ തന്നെ ഒരുക്കി നിര്‍ത്താന്‍ കമ്പനി ശ്രമിക്കും. എംപിവി നിരയില്‍ നിന്ന് മുന്‍ തലമുറ മോഡലുകള്‍ പിന്‍വലിക്കുന്ന ടൊയോട്ടയുടെ പരമ്പരാഗത രീതിയില്‍ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണ് ഇന്നോവ ക്രിസ്റ്റയുടെ തുടര്‍ച്ച.2005-ല്‍ ക്വാളിസ് ഇന്നോവയ്ക്ക് വഴിമാറി. പിന്നീട് 2015-ല്‍ ഇന്നോവ ക്രിസ്റ്റ വന്നപ്പോള്‍ ഇന്നോവ മാറിനിന്നു.

എന്നാല്‍ ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ ഡിമാന്‍ഡ് പരിഗണിച്ചാണ് മുന്‍തലമുറ മോഡലും പുതിയ മോഡലും ഒരുമിച്ച് വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ 2.7-ലിറ്റര്‍, 4-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായാണ് വരുന്നത്. ഇത് 163.7 bhp പീക്ക് പവറും 245 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഈ മോഡല്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്.

4,735 എംഎം നീളവും 1,850 എംഎം വീതിയും 1,795 എംഎം ഉയരവുമാണ് ക്രിസ്റ്റയുടെ അളവുകള്‍. കൂടാതെ, 2,750 എംഎം വീല്‍ബേസുമായാണ് ഇന്നോവ ക്രിസ്റ്റ വരുന്നത്. ഇന്ത്യയില്‍ ഇന്ന് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രിയം ഏറുകയാണ്. ജനപ്രിയ വാഹന നിര്‍മാതാക്കായ ടൊയോട്ട ഇന്നോവ ഹൈക്രോസ് കൂടി അവതരിപ്പിക്കുന്നതോടെ രാജ്യത്തെ ഹൈബ്രിഡ് മോഡല്‍ ലൈനപ്പ് കൂടുതല്‍ ശക്തിപ്പെടും. ഇന്നോവക്ക് രാജ്യത്തുള്ള സല്‍പേരും കൂടിയാകുമ്പോള്‍ ഹൈബ്രിഡ് പെട്ടെന്ന് ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Innova crysta will sale along with innova hycross continue with diesel engines in india
Story first published: Friday, November 25, 2022, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X