നഷ്ടം കുറച്ച് ടാറ്റ മോട്ടോര്‍സ്; Jaguar Land Rover കാറുകളുടെ ഡിമാന്‍ഡ് തുണയായി
കാറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്നതിന്റെ കരുത്തില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നഷ്ടം കുറച്ചു.

കമ്പനിയുടെ കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടൊപ്പം വിലക്കയറ്റം മൂലമുണ്ടാകുന്ന നഷ്ടം ലഘൂകരിക്കാന്‍ ടാറ്റ ആഭ്യന്തര വിപണിയില്‍ കാര്‍ വില വര്‍ധിപ്പിച്ചിരുന്നു. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 9.45 ബില്യണ്‍ ഇന്ത്യന്‍ രൂപയുടെ (115.95 ദശലക്ഷം ഡോളര്‍) ഏകീകൃത അറ്റനഷ്ടമാണ് ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ഉടമകളായ ടാറ്റ രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഇത് 44.42 ബില്യണ്‍ രൂപയായിരുന്നു.

ത്രൈമാസ മൊത്ത വരുമാനം 80,650 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയാണ്. 2021-ല്‍ ഇതേ കാലയളവില്‍ 62,246 കോടി രൂപയായിരുന്നു വരുമാനം. പണപ്പെരുപ്പവും പ്രതികൂല വിദേശനാണ്യവും മാര്‍ജിനെ വീണ്ടും ബാധിച്ചതായി കമ്പനി അറിയിച്ചു.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയിലെ വിഹിതം ഏകദേശം ഇരട്ടിയായി (14 ശതമാനം) ആയി വര്‍ദ്ധിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പോലുള്ള എതിരാളികളില്‍ നിന്ന് കമ്പനി വിപണി വിഹിതം പിടിച്ചെടുത്തു. ഒരിക്കല്‍ ഓരോ രണ്ട് കാറുകളില്‍ ഒന്ന് മാരുതിയുടേതായിരുന്നുവെന്ന് ഓര്‍ക്കണം. ഇക്കഴിഞ്ഞ പാദം ഇന്ത്യന്‍ കാര്‍ വിപണിയുടെ 40% വിഹിതം മാരുതി സ്വന്തമാക്കി.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മൊത്തം വില്‍പ്പന 17.6% ഉയര്‍ന്ന് 75,307 യൂണിറ്റിലെത്തി. ചൈനയിലെ സംയുക്ത സംരംഭം ഒഴികെയുള്ള കണക്കാണിത്. ബ്രിട്ടീഷ് ആഡംബര കാര്‍ യൂണിറ്റ് ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നികുതിക്ക് മുമ്പുള്ള ത്രൈമാസ നഷ്ടം 173 ദശലക്ഷം പൗണ്ടായി (197.96 ദശലക്ഷം ഡോളര്‍) ചുരുങ്ങി. പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തവ്യാപാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 69% ഉയര്‍ന്ന് 1,42,755 യൂണിറ്റുകളായി.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കുന്ന പോസിറ്റീവ് ലാഭവിഹിതവും പണമൊഴുക്കും ഉപയോഗിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉല്‍പ്പാദനവും വില്‍പ്പനയും മെച്ചപ്പെടുത്താമെന്ന് കണക്കാക്കുന്നു.

മൊത്തവ്യാപാര വര്‍ദ്ധന ആസൂത്രണം ചെയ്തതിലും കുറവായിരുന്നു. പ്രാഥമികമായി ഒരു വിതരണക്കാരനില്‍ നിന്ന് പ്രത്യേക ചിപ്പുകളുടെ വിതരണം പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ ഈ പാദത്തില്‍ എളുപ്പത്തില്‍ റീ-സോഴ്‌സ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി. ഭാവിയില്‍ ചിപ്പ് വിതരണം മെച്ചപ്പെടുത്തുന്നതിനായി ചിപ്പ് വിതരണക്കാരുമായി ദീര്‍ഘകാല പങ്കാളിത്ത കരാറുകളില്‍ ഒപ്പുവെക്കുന്നതില്‍ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

'ഞങ്ങളുടെ ഏറ്റവും ലാഭകരവും ആവശ്യക്കാരുള്ളതുമായ വാഹനങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ് അനുഭവപ്പെടുന്നു. അര്‍ദ്ധചാലക നിര്‍മാണ പങ്കാളികളുമായുള്ള പുതിയ കരാറുകള്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ഞങ്ങളെ പ്രാപ്തരാക്കും. ഇത് മൂലം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്കാവുമെന്ന് പ്രതീക്ഷിക്കുന്നു' ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സിഇഒ തിയറി ബൊല്ലോര്‍ പറഞ്ഞു.

2,05,000 യൂണിറ്റ് ബുക്കിംഗുകളുമായി ബ്രിട്ടീഷ് ആഡംബര കാറുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് ശക്തമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് തങ്ങളുടെ വാണിജ്യ വാഹന ബിസിനസ്സില്‍ 15 ശതമാനം വളര്‍ച്ച നേടിയതായി കമ്പനി അഭിപ്രായപ്പെട്ടു. രണ്ടാം പാദത്തിലെ വരുമാനം 35 ശതമാനം വര്‍ധിച്ച് 16,400 കോടി രൂപയായി.

അര്‍ദ്ധചാലകങ്ങളുടെ വിതരണം മെച്ചപ്പെട്ടതും ഉത്സവ സീസണ്‍, പുതിയ ലോഞ്ചുകള്‍ എന്നിവ കാരണം 2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ യാത്രാ വാഹനങ്ങളുടെ ഡിമാന്‍ ശക്തമായിരുന്നുവെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ കമ്പനി 11,522 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 326 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിപണിയില്‍ ഡിമാന്‍ഡ് ശക്തമായി തുടരുന്നു എന്നാലും ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണം തുടരുകയാണെന്ന് ടാറ്റ മോട്ടോര്‍സ് പറഞ്ഞു.


Click it and Unblock the Notifications








