Compass-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Jeep; പുതുക്കിയ വില വിവരങ്ങള്‍ ഇതാ
അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പ്, രാജ്യത്ത് കോമ്പസ് എസ്‌യുവിയുടെ വില വര്‍ദ്ധിപ്പിച്ചു. ഈ പ്രീമിയം മിഡ്-സൈസ് സ്പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ എല്ലാ വകഭേദങ്ങള്‍ക്കും 90,000 രൂപയുടെ വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്.

വില വര്‍ദ്ധനവിന് ശേഷം, 2022 ജീപ്പ് കോമ്പസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.29 ലക്ഷം രൂപ മുതലാണ് വില, ഡീസല്‍ വേരിയന്റുകള്‍ക്ക് 20.89 ലക്ഷം രൂപ മുതലാണ് എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്.

വില വര്‍ദ്ധനവോടെ, 2022 ജീപ്പ് കോമ്പസിന്റെ അടിസ്ഥാന സ്പോര്‍ട് പെട്രോള്‍ വേരിയന്റിന് 19.29 ലക്ഷം രൂപയും നിലവിലെ ടോപ്പ്-എന്‍ഡ് വേരിയന്റായ ട്രെയില്‍ഹോക്ക് ഡീസല്‍ വേരിയന്റിന് 32.22 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. വിലക്കയറ്റത്തിന് പുറമെ, വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നടപ്പാക്കിയിട്ടില്ല.

ജീപ്പ് കോമ്പസിന് ഇന്ത്യയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 167 bhp കരുത്തും 350 Nm torque ഉം വികസിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടി-ജെറ്റ് ഡീസല്‍ എഞ്ചിനാണ് ഇതില്‍ ആദ്യത്തേത്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായ ഓട്ടോമാറ്റിക്കുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT എന്നിവയുമായി ജോടിയാക്കിയ 160 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.4-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഇതിന് ലഭിക്കുന്നു. 4X2, 4X4 ഡ്രൈവ്‌ട്രെയിനുകള്‍ക്കൊപ്പം കോമ്പസ് ലഭ്യമാണ്.

2017-ല്‍ പുറത്തിറക്കിയ കോമ്പസിന് 2021-ല്‍ കമ്പനി ഒരു മിഡ് ലൈഫ് സൈക്കിള്‍ ഫെയ്‌സ്‌ലിഫ്റ്റ് നല്‍കിയിരുന്നു. മാത്രമല്ല, അടുത്തിടെ രാജ്യത്ത് അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, അഞ്ചാം വാര്‍ഷിക പതിപ്പും ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ, അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കള്‍ പുതിയ തലമുറ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

എക്‌സോട്ടിക് റെഡ്, മഗ്‌നീഷ്യോ ഗ്രേ, മിനിമല്‍ ഗ്രേ, ബ്രൈറ്റ് വൈറ്റ്, ബ്രില്യന്റ് ബ്ലാക്ക്, ഗാലക്സി ബ്ലൂ, പുതിയ ടെക്നോ ഗ്രീന്‍ ഷേഡ് എന്നിങ്ങനെ 7 കളര്‍ ഓപ്ഷനുകളോടെയാണ് പുതിയ കോമ്പസ് ഓഫര്‍ ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് കോമ്പസ്. വില കൂടുതല്‍ ആണെങ്കിലും ബ്രാന്‍ഡിന് ആവശ്യമായ വില്‍പ്പന പ്രതിമാസം മോഡല്‍ നേടിയെടുക്കുകയും ചെയ്യാറുണ്ട്.

ഡിസൈന്‍ സവിശേഷതകളിലേക്ക് വന്നാല്‍, എല്‍ഇഡി റിഫ്‌ലക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ബേസ് കോമ്പസ് സ്പോര്‍ട്ട് വേരിയന്റിന് ലഭിക്കുന്നത്.

ബ്ലാക്ക് ഫാബ്രിക് സീറ്റിംഗ്, യു-കണക്ട്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള പുതിയ 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, 3.5 ഇഞ്ച് MID യൂണിറ്റ്, 4 സ്പീക്കറുകള്‍ എന്നിവയുള്ള ബ്ലാക്ക് കളര്‍ സ്‌കീമിലാണ് ഇന്റീരിയറുകള്‍ ഒരുക്കുന്നത്.

അതിന്റെ ഇന്റീരിയര്‍ അപ്ഡേറ്റുകള്‍ക്കിടയില്‍ എല്ലാ 4 പവര്‍ വിന്‍ഡോകളും ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണും നല്‍കിയിരിക്കുന്നത് കാണാം. മൊത്തം 2 എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ഓട്ടോ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, 4 ചാനല്‍ എബിഎസ് ഉള്ള 4 ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയിലൂടെയാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്.

അതേസമയം ബേസ് ട്രിമ്മില്‍ നിന്ന് മുകളിലേക്ക് നല്‍കുന്ന സുരക്ഷാ ഉപകരണങ്ങളില്‍ ഡൈനാമിക് സ്റ്റിയറിംഗ് ടോര്‍ക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്രീക്വന്‍സി സെലക്ടീവ് ഡാംപനിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു.

റൂഫ് റെയിലുകള്‍, ഇലക്ട്രിക്കലി ഫോള്‍ഡിംഗ് ORVM-കള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയ്ക്കൊപ്പം സ്പോര്‍ട്സ് വേരിയന്റിലുള്ള എല്ലാ സവിശേഷതകളും കോമ്പസ് ലോഞ്ചിറ്റിയൂഡ് വേരിയന്റിലും കാണാം. ഇതിന്റെ അകത്തളങ്ങളില്‍ 7.0 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 6 സ്പീക്കറുകളും ഉള്ള അധിക ഉപകരണങ്ങളും കമ്പനി നല്‍കുന്നുണ്ട്.

ജീപ്പ് കോമ്പസ് ലിമിറ്റഡ് വേരിയന്റിലെ ഫീച്ചര്‍ ലിസ്റ്റില്‍ ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രോ-ക്രോമാറ്റിക് മിറര്‍, ഓട്ടോ ഫോള്‍ഡിംഗ് ORVM-കള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളുന്നു.

മെമ്മറി ഫംഗ്ഷനോട് കൂടിയ 12 വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, മക്കെന്‍സ് ലെതര്‍ അപ്ഹോള്‍സ്റ്ററി, 6 എയര്‍ബാഗുകള്‍ എന്നിവയാണ് അകത്തളത്തിലെ മറ്റ് സവശേഷതകള്‍. ലിമിറ്റഡ് (O) വേരിയന്റിന് ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, 10.1 ഇഞ്ച് സ്‌ക്രീനുള്ള യു-കണക്റ്റ് ഫീച്ചര്‍ ഓപ്ഷനുകള്‍ എന്നിവ ലഭിക്കുന്നു.

ജീപ്പ് കോമ്പസ് മോഡല്‍ S വേരിയന്റിന്റെ മുകള്‍ഭാഗം വേര്‍തിരിക്കത്തക്കവിധം അധിക ഫീച്ചറുകളും സുരക്ഷാ ഉപകരണങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ഇതിന് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ലഭിക്കുന്നു. ആംബിയന്റ് ഫൂട്ട് ലൈറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, റിഫ്‌ലക്ടറുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ആല്‍പൈന്‍ 9 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, വലിയ 10.25 ഇഞ്ച് MID ക്ലസ്റ്റര്‍ എന്നിവയും ഈ വേരിയന്റിലെ സവിശേഷതയാണ്.


Click it and Unblock the Notifications








