പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനൊരുങ്ങി Jeep; Grand Cherokee-യുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി
കോമ്പസ്, മെറിഡിയന്‍ മോഡലുകള്‍ക്ക് പിന്നാലെ തങ്ങളുടെ മറ്റൊരു മോഡലിനെക്കൂടി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്. പുതിയ മോഡല്‍ എത്തുന്നതോടുകൂടി തങ്ങളുടെ നിര വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഏറ്റവും പുതിയ ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് നേരത്തെ കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോഞ്ച് തീയതിയും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ജീപ്പ് അതിന്റെ പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ വില നവംബര്‍ 11-ന് പ്രഖ്യാപിക്കും.

ബ്രാന്‍ഡിന്റെ മുന്‍നിര എസ്‌യുവി എന്ന നിലയില്‍ പുതിയ ഗ്രാന്‍ഡ് ചെറോക്കി ജീപ്പിന്റെ ഇന്ത്യന്‍ ലൈനപ്പില്‍ മെറിഡിയന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. റാംഗ്ലര്‍, കോമ്പസ്, മെറിഡിയന്‍ എന്നിവയ്ക്ക് ശേഷം ജീപ്പിന്റെ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന നാലാമത്തെ മോഡലാണിത്.

വാഗനീറിലും മെറിഡിയനിലും മുമ്പ് കണ്ടിട്ടുള്ള പുത്തന്‍ സ്‌റ്റൈലിംഗ് സൂചനകള്‍ പുതിയ ഗ്രാന്‍ഡ് ചെറോക്കിയിലും കാണാന്‍ സാധിക്കും. എല്‍ഇഡി ഡിആര്‍എല്ലുകളുള്ള നേര്‍ത്ത ഹെഡ്‌ലൈറ്റുകളാല്‍ ചുറ്റപ്പെട്ട സെവന്‍ സ്ലോട്ട് ഗ്രില്ലാണ് എസ്‌യുവിയിലുള്ളത്.

D-പില്ലറിലെ ഫ്‌ലോട്ടിംഗ് റൂഫ് ഇഫക്റ്റും പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകളും പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. പുതിയ ഗ്രാന്‍ഡ് ചെറോക്കി വിദേശത്ത് രണ്ട് വലുപ്പത്തില്‍ വില്‍ക്കുമ്പോള്‍, ഇന്ത്യ-സ്‌പെക്ക് മോഡല്‍ സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സീറ്റ് പതിപ്പായിരിക്കുമെന്നും ദൈര്‍ഘ്യമേറിയ മൂന്ന് നിരകളുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി L അല്ലെന്നും വൃത്തങ്ങള്‍ പറയുന്നു.

അകത്ത്, എസ്‌യുവിക്ക് ഒരു വലിയ 10.1 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, കോ-ഡ്രൈവറിന് മുന്നില്‍ മറ്റൊരു സമര്‍പ്പിത ടച്ച്സ്‌ക്രീന്‍ എന്നിവയും ലഭിക്കും. പുതിയ എസ്‌യുവിക്ക് ADAS സാങ്കേതികവിദ്യ ലഭിക്കുമെന്ന് ബ്രാന്‍ഡും സ്ഥിരീകരിച്ചു. പനോരമിക് സണ്‍റൂഫ്, ലെതര്‍ അപ്ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്ത മുന്‍ തലമുറ ഗ്രാന്‍ഡ് ചെറോക്കിയില്‍ നിന്ന് വ്യത്യസ്തമായി, പുതിയ മോഡലിന് 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മാത്രമേ ലഭിക്കൂ. സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്ന ഈ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ടുകള്‍ ജീപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓഫറിലുള്ള മൂന്ന് ഓപ്ഷനുകളില്‍ ഏറ്റവും ശക്തമായത് 290 bhp കരുത്തും 348 Nm ടോര്‍ക്കും നല്‍കുന്ന 3.6 ലിറ്റര്‍ പെന്റാസ്റ്റാര്‍ V6 എഞ്ചിനാണ്.

375 bhp കരുത്തും 637 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്ന പുതിയ 4xe ഹൈബ്രിഡ് സജ്ജീകരണമാണ് ഏറ്റവും പുതിയ പവര്‍ട്രെയിന്‍. ഹൈബ്രിഡ് സംവിധാനം 40 കിലോമീറ്റര്‍ വൈദ്യുതി മാത്രം പരിധി അനുവദിക്കുന്നു.

ഗ്രാന്‍ഡ് ചെറോക്കിയുടെ മൂന്ന് പവര്‍ട്രെയിനുകളില്‍ ഏറ്റവും അറിയപ്പെടുന്നത് 360 bhp കരുത്തും 528 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 5.7 ലിറ്റര്‍ ഹെമി V8 ആണ്. ഗ്രാന്‍ഡ് ചെറോക്കിയുടെ മൂന്ന് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

പുതിയ ഗ്രാന്‍ഡ് ചെറോക്കിക്ക് ഫോര്‍ വീല്‍ ഡ്രൈവും തിരഞ്ഞെടുക്കാവുന്ന ഭൂപ്രദേശ മോഡുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഓട്ടോ, സ്പോര്‍ട്ട്, മഡ്/സാന്‍ഡ്, സ്‌നോ. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, ഏകദേശം 85 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

വിപണിയില്‍ എത്തുമ്പോള്‍ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ഇന്ത്യയിലെ മറ്റ് ആഡംബര എസ്‌യുവികളായ മെര്‍സിഡീസ് GLE, ബിഎംഡബ്ല്യൂ X5, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എന്നിവയ്ക്കെതിരെ മത്സരിക്കും. തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഡിസംബര്‍ ആദ്യത്തോടെ പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








