മഹീന്ദ്ര XUV700 കാത്തിരിപ്പ് കാലയളവ് മൂന്ന് മാസം കുറഞ്ഞു; കാരണം എന്താണെന്നല്ലേ?
ലോഞ്ച് ചെയ്തത് മുതല്‍ മഹീന്ദ്ര XUV700 ചൂടപ്പം പോലെയാണ് വിറ്റുതീരുന്നത്. മഹീന്ദ്രയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നായി ഇത് ചുരുങ്ങിയ കാലയളവിനുള്ളില്‍ മാറി. എന്നിരുന്നാലും XUV700 വാങ്ങാന്‍ കൊതിച്ചിരിക്കുന്നവരെ നിരാശരാക്കിയിരുന്ന ഒരു കാര്യം അതിന്റെ നീണ്ട കാത്തിരിപ്പ് കാലയളവാണ്.

സമീപകാലത്ത് മഹീന്ദ്ര XUV700-ന്റെ ചില വേരിയന്റുകള്‍ക്കുള്ള കാത്തിരിപ്പ് കാലയളവ് 19 മാസത്തിലെത്തി, അതായത് ഒന്നര വര്‍ഷത്തിലധികം. എന്നാല്‍ ഇപ്പോള്‍ മഹീന്ദ്ര XUV700 പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. മോഡലിന്റെ ഔദ്യോഗിക കാത്തിരിപ്പ് കാലയളവ് അല്‍പ്പം കുറഞ്ഞിരിക്കുകയാണ്. വാഹനത്തിന്റെ ഉല്‍പാദനം കമ്പനി കൂട്ടിയതിനാലാണ് കാത്തിരിപ്പ് കാലയളവ് കുറയുന്നത്.

2021 ഓഗസ്റ്റില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം അവസാനമാണ് മോഡല്‍ ആഭ്യന്തര വിപണിയിലെത്തിയത്. XUV500 മോഡലിന് പകരമായാണ് XUV700 എസ്‌യുവിയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവതരിപ്പിക്കുന്നത്.

എസിഐ റിപ്പോര്‍ട്ട് അനുസരിച്ച് XUV700 ടോപ് സ്‌പെക് വേരിയന്റുകളായ AX7 L പെട്രോള്‍, AX7 L ഡീസല്‍ എന്നിവക്കാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്. ഈ വണ്ടി കൈയ്യില്‍ കിട്ടാന്‍ 16 മാസം വരെ കാത്തിരിക്കണം. ഇത് ഏകദേശം 3 മാസം കുറഞ്ഞു. ഇത് കഴിഞ്ഞാല്‍ പിന്നീട് അടുത്ത ഡിമാന്‍ഡ് കൂടിയ വേരിയന്റുകളായ AX7 പെട്രോളിനും AX7 ഡീസലിനും 15 മാസമാണ് കാത്തിരിപ്പ് കാലയളവ്.

ബേസ്-സ്‌പെക്ക് MX, മിഡ്-സ്‌പെക്ക് AX3, AX5 വേരിയന്റുകളുടെ ഡീസല്‍ പതിപ്പുകള്‍ ഡെലിവറി ചെയ്യാന്‍ 10 മാസം വരെ എടുത്തേക്കാം. അതേ സമയം, MX, AX3, AX5 വേരിയന്റുകളുടെ പെട്രോള്‍ പതിപ്പുകള്‍ 2-3 മാസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാനാകും. ഓരോ സ്ഥലത്തും വ്യത്യസ്ത ഡീലര്‍ഷിപ്പുകളില്‍ ഈ കാത്തിരിപ്പ് കാലയളവുകള്‍ വ്യത്യാസപ്പെടാം.

പ്രത്യേകിച്ച് ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ പതിപ്പുകളുടെ പുതുക്കിയ കാത്തിരിപ്പ് കാലയളവ് ഇപ്പോഴും ദൈര്‍ഘ്യമേറിയതാണ്. ഒരു കൊല്ലത്തില്‍ കൂടുതലായതിനാല്‍ പലരും ഇത്രയും കാലം കാത്തിരിക്കാന്‍ ഇഷ്ടപ്പെട്ടേക്കില്ല. എന്നിരുന്നാലും മുന്‍ കാത്തിരിപ്പ് കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയവ കുറവാണ്.

എല്ലാ മാസവും മഹീന്ദ്ര പുറത്തുവിടുന്ന മൊത്തവ്യാപാര കണക്കുകള്‍ സൂചിപ്പിക്കുന്നത് നിര്‍മ്മാതാക്കള്‍ ഓരോ മാസവും ഏകദേശം 6,000 യൂണിറ്റ് XUV700 നിര്‍മ്മിക്കുന്നുണ്ടെന്നാണ്. എസ്‌യുവിയുടെ വന്‍ ഡിമാന്‍ഡ് പരിഗണിക്കുമ്പോള്‍ ഇത് നന്നേ കുറവാണ്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണ്. വരും മാസങ്ങളില്‍ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയക്കുന്നത് കമ്പനി വര്‍ദ്ധിപ്പിച്ചേക്കാം.

2022 മഹീന്ദ്ര XUV700
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുന്നത്. ഇവ രണ്ടും 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ പരമാവധി 200 bhp കരുത്തും 380 Nm ടോര്‍ക്കും അവകാശപ്പെടുമ്പോള്‍, ഡീസല്‍ എഞ്ചിന്‍ 185 bhp പരമാവധി കരുത്തും 450 Nm ടോര്‍ക്കും അവകാശപ്പെടുന്നു.

പെട്രോള്‍ എഞ്ചിനുമായി (15 കിലോമീറ്റര്‍ വരെ) താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നുവെന്ന കാരണം കൊണ്ടാണ് ഡീസല്‍ എഞ്ചിന് (17 കിലോമീറ്റര്‍ വരെ) ഡിമാന്‍ഡ് കൂടാന്‍ കാരണം. കൂടാതെ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്ന അധിക ടോര്‍ക്ക് XUV700 എസ്‌യുവിയെ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനും സഹായിക്കുന്നുണ്ട്. വാഹനത്തിന്റെ മിക്ക വേരിയന്റുകളിലും ഫ്രണ്ട് വീല്‍ ഡ്രൈവാണ്. ടോപ്പ്-എന്‍ഡ് ഡീസല്‍ പതിപ്പുകള്‍ക്ക് മാത്രമാണ് മഹീന്ദ്ര ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

അലക്സ നിയന്ത്രിത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. മള്‍ട്ടിപ്പിള്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, പനോരമിക് സണ്‍റൂഫ് തുടങ്ങി പലതും വാഹനത്തിലുണ്ട്. വാഹനത്തില്‍ പ്രവേശിക്കുമ്പോള്‍ മികച്ച അനുഭവം ലഭ്യമാക്കാന്‍ ഉടമകള്‍ക്ക് വയര്‍ലെസ് ആയി ക്യാബിന്റെ താപനില നിയന്ത്രിക്കാന്‍ കഴിയും.

ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവറുടെ മയങ്ങിയാല്‍ ഉണര്‍ത്താനുള്ള അലേര്‍ട്ടുകള്‍ എന്നിവയടക്കമുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) എന്നിവയും വാഹനത്തിലുണ്ട്. XUV700-ന് 60-ലധികം കണക്റ്റഡ് ഫീച്ചറുകളും ലഭിക്കുന്നു. അത് ലോകത്തെവിടെ നിന്നും വാഹനത്തിന്റെ സവിശേഷതകള്‍ നിയന്ത്രിക്കാന്‍ ഉടമകളെ അനുവദിക്കുന്നു.

13.18 ലക്ഷം രൂപ മുതല്‍ 24.58 ലക്ഷം രൂപ വരെ വിലയിലാണ് മോഡല്‍ മഹീന്ദ്ര അവതരിപ്പിച്ചത്. എന്നാല്‍ അടുത്തിടെ എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ വില കമ്പനി കുറച്ചിരുന്നു. എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 6,000 രൂപ വരെയാണ് കുറഞ്ഞത്. കമ്പനിയുടെ ജനപ്രിയ മോഡലുകളിലൊന്നിന്റെ വില കുറച്ചത് പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. പണപ്പെരുപ്പവും സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമവുമുള്ള സമയത്ത് കാറുകള്‍ക്ക് വില കുറയുന്നത് വളരെ അപൂര്‍വമാണ്.

മഹീന്ദ്ര XUV700 പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ പുതുക്കിയ എക്‌സ്‌ഷോറൂം ചുവടെ വായിക്കാം:
മഹീന്ദ്ര XUV700 പെട്രോള്‍
- AX5 5-സീറ്റര്‍ മാനുവല്‍: 16,49,247 രൂപ
- AX5 7-സീറ്റര്‍ മാനുവല്‍: 17,12,938 രൂപ
- AX7 മാനുവല്‍: 19,14,515 രൂപ
- AX5 5-സീറ്റര്‍ ഓട്ടോമാറ്റിക്: 18,23,416 രൂപ
- AX7 ഓട്ടോമാറ്റിക്: 20,88,849 രൂപ
- AX5 5-സീറ്റര്‍ മാനുവല്‍: 17,14,456 രൂപ
- AX5 7-സീറ്റര്‍ മാനുവല്‍: 17,78,148 രൂപ
- AX7 7-സീറ്റര്‍ മാനുവല്‍: 19,79,724 രൂപ
- AX5 5-സീറ്റര്‍ ഓട്ടോമാറ്റിക്: 18,86,080 രൂപ
- AX5 7-സീറ്റര്‍ ഓട്ടോമാറ്റിക്: 19,49,680 രൂപ
- AX7 ഓട്ടോമാറ്റിക്: 21,52,140 രൂപ
- AX7 AWD ഓട്ടോമാറ്റിക്: 22,92,199 രൂപ

മഹീന്ദ്ര XUV700 ഡീസല്‍

മഹീന്ദ്ര ഥാറിന് പിന്നാലെ ഹിറ്റായ മഹീന്ദ്രയുടെ പുതിയ മോഡല്‍ വന്‍ വില്‍പന നേടി കുതിക്കുകയാണ്.
ഏകദേശം 1.50 ലക്ഷത്തിലധികം ബുക്കിംഗുകളാണ് മോഡല്‍ സ്വന്തമാക്കിയത്. ഥാറിലും XUV700, സ്‌കോര്‍പിയോ N എന്നിവക്ക് ലഭിക്കുന്ന സ്വീകാര്യത പുറത്തിറങ്ങാന്‍ പോകുന്ന XUV400 ഇലക്ട്രിക്കിന് ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് അല്‍കാസര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ വിപണിയിലെ മറ്റ് ജനപ്രിയ സെവന്‍ സീറ്റര്‍ എസ്‌യുവികളാണ് മഹീന്ദ്ര XUV700 ന്റെ എതിരാളികള്‍. ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക്, നിസാന്‍ കിക്ക്സ് തുടങ്ങിയ എസ്‌യുവികള്‍ അണിനിരക്കുന്ന ഫൈവ് സീറ്റര്‍ കോണ്‍ഫിഗറേഷനിലും XUV700 വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








