വിലവര്‍ധനവിന് മുമ്പുള്ള ലാസ്റ്റ് ചാന്‍സ്; ഈ ആഴ്ചയിലെ മികച്ച ഇയര്‍ എന്‍ഡ് ഓഫറുകള്‍ ഇതാ
പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷം പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. 2022 വിടപറയാന്‍ ഇനി അധികം സമയം ഇല്ലെന്നിരിക്കേ വര്‍ഷാവസാന ഓഫറുകളില്‍ മികച്ച കാറുകള്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് അവസാന അവസരമാണിപ്പോള്‍.
അടുത്ത വര്‍ഷം ജനുവരിയില്‍ മിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്ന നിരയില്‍ വില വര്‍ധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനാല്‍ മികച്ച ഡീലില്‍ പുത്തന്‍ കാര്‍ സ്വന്തമാക്കാനുള്ള ലാസ്റ്റ് ചാന്‍സാണിത്. അടുത്ത വര്‍ഷമാകാന്‍ കാത്തിരുന്നാല്‍ കുറച്ച് അധികം പണം കൊടുക്കേണ്ടി വരും.
ഈ വര്‍ഷം അവസാനിക്കാനിരിക്കെ, മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര, ജീപ്പ് എന്നിവയുള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകളും പുതിയ കാര്‍ വാങ്ങുന്നവര്‍ക്കായി ലാഭകരമായ ഡീലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, ഈ ഡിസംബറിലെ മികച്ച വര്‍ഷാവസാന കിഴിവുകള്‍ ഇതാ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

1. ജീപ്പ് മെറിഡിയന്‍
ആനുകൂല്യങ്ങള്‍: 2.5 ലക്ഷം രൂപ വരെ
ഈ മാസം, ജീപ്പ് മെറിഡിയന്‍ 2.5 ലക്ഷം രൂപ വരെ കിഴിവോടെ ലഭ്യമാണ്. 2022 ജൂണില്‍ ലോഞ്ച് ചെയ്ത ജീപ്പ് മെറിഡിയന്‍ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന മൂന്ന് വരി എസ്‌യുവിയാണ്. മെക്കാനിക്കലായി, 170 bhp പവര്‍ ഔട്ട്പുട്ട് നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍ കോടിയാക് എന്നിവയാണ് എതിരാളികള്‍.
2. ജീപ്പ് കോമ്പസ്
ആനുകൂല്യങ്ങള്‍: 1.5 ലക്ഷം രൂപ
ക്യാഷ് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി ബോണസ്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 1.5 ലക്ഷം രൂപ കിഴിവോടെയാണ് ജീപ്പ് കോമ്പസ് വാഗ്ദാനം ചെയ്യുന്നത്. ഇത് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അതിന്റെ സെഗ്മെന്റിലെ ഏറ്റവും പ്രീമിയം ഓഫറുകളിലൊന്നാണിത്. ഒന്നിലധികം ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയില്‍ 163 bhp കരുത്തുള്ള 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 173 bhp കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉപയോഗിക്കുന്നു. 6് സ്പീഡ് മാനുവല്‍, 7 സ്പീഡ് DCT, 9് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
3. സ്‌കോഡ കുഷാഖ്
ആനുകൂല്യങ്ങള്‍: 1.25 ലക്ഷം രൂപ വരെ
സ്‌കോഡ കുഷാഖിന് രാജ്യത്തെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ മോഡലുകളാണ് എതിരാളികളാകുന്നത്. 2022 ഡിസംബറില്‍ പുതിയ കുഷാഖ് വാങ്ങുന്നവര്‍ക്ക് 1.25 ലക്ഷം രൂപ വരെ മൊത്തം കിഴിവുകളാണ് സ്‌കോഡ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. സ്‌കോഡ കുഷാക്കിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും - 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ അല്ലെങ്കില്‍ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് DCT എന്നിവ ഉള്‍പ്പെടുന്നു.
4. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
ആനുകൂല്യം: 1 ലക്ഷം രൂപ വരെ
പുതിയ MQB A0 IN പ്ലാറ്റ്ഫോമില്‍ പുറത്തിറക്കിയ ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയിലെ ആദ്യത്തെ എസ്‌യുവിയാണ് ടൈഗൂണ്‍. കുഷാഖിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ വിലയുള്ള മൊത്തം കിഴിവുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എട്ട് വേരിയന്റുകളില്‍ ലഭ്യമായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ അടുത്തിടെ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ പരിശോധനയില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.
5. ടാറ്റ സഫാരി/ ഹാരിയര്‍
ആനുകൂല്യങ്ങള്‍: 1 ലക്ഷം രൂപ വരെ
സഫാരി, ഹാരിയര്‍ എന്നീ മോഡലുകള്‍ക്ക് ഡിസംബര്‍ മാസം ഒരു ലക്ഷം രൂപ വരെ പരമാവധി ആനുകൂല്യങ്ങള്‍ ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 170 bhp പവര്‍ ഔട്ട്പുട്ട് നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സഫാരിക്ക് കരുത്ത് പകരുന്നത്. ഹാരിയറിന്റെ അതേ പവര്‍ട്രെയിനും അണ്ടര്‍പിന്നിംഗുകളും പങ്കിടുന്ന മൂന്ന് നിരകളുള്ള എസ്‌യുവി യായ ഹാരിയറിന് വിശാലമായ ഇന്റീരിയറും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കുന്നു. അടുത്ത വര്‍ഷം രണ്ട് എസ്‌യുവികളുടെയും ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.
6. മഹീന്ദ്ര XUV300
ആനുകൂല്യങ്ങള്‍ : 75000 രൂപ വരെ
XUV300-ന് W8 (O) ട്രിമ്മില്‍ 75000 രൂപ വരെ വിലയുള്ള കിഴിവുകളും വാഗ്ദാനം ചെയ്യുന്നു, കൂടാതെ, 110 bhp 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 131 bhp 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 117 bhp, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് 6് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് AMT യൂണിറ്റ് തിരഞ്ഞെടുക്കാം.
7. നിസ്സാന്‍ കിക്ക്‌സ്
ആനുകൂല്യങ്ങള്‍: 70,000 രൂപ വരെ
നിസാന്‍ കിക്ക്സ് സെഗ്മെന്റിലെ ഏറ്റവും പൈസ വസൂലാകുന്ന ഓഫറുകളില്‍ ഒന്നാണ്. കൂടാതെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ നിസാന്‍ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നു. ഈ എസ്‌യുവി ഉടന്‍ വിപണിയില്‍ നിന്ന് നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിസാന്‍ കിക്ക്‌സ് വാങ്ങാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ നിലവില്‍ കിക്ക്സിന് 70,000 രൂപ വരെ വിലക്കിഴിവ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
8. ഹോണ്ട WR-V
ആനുകൂല്യങ്ങള്‍: 75000 രൂപ വരെ
നിലവില്‍ ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഒരേയൊരു എസ്‌യുവിയാണ് ഹോണ്ട WR-V, പുതിയ ഹോണ്ട WR-V വാങ്ങുന്നവര്‍ക്ക് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് 75,000 രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഹോണ്ട WR-V ക്രോസ് ഓവര്‍ വാങ്ങാം. 90 bhp, 1.2 ലിറ്റര്‍ പെട്രോളും 100 bhp, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ഒരു മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഹോണ്ട WR-V-ക്ക് ട്വീക്ക് ചെയ്ത സ്‌റ്റൈലിംഗും വിശാലമായ ഇന്റീരിയറും ലഭിക്കുന്നു.
9. ഹോണ്ട സിറ്റി (അഞ്ചാം തലമുറ)
ആനുകൂല്യങ്ങള്‍: 75000 രൂപ വരെ
സെഗ്മെന്റിലെ ഏറ്റവും സുഖകരവും പ്രീമിയവും വിശ്വസനീയവുമായ ഓഫറുകളില്‍ ഒന്നാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റി. മാത്രമല്ല മിക്ക എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഇന്‍-കാബിന്‍ അനുഭവത്തിന് പേരുകേട്ടതാണ് ഹോണ്ടയുടെ ഈ സെഡാന്‍. ഈ മാസം പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് ബ്രാന്‍ഡ് നിലവില്‍ 75,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. സെഡാന്‍ കാറുകളില്‍ കമ്പമുള്ളവര്‍ക്ക് മികച്ച ഓഫറില്‍ സ്വന്തമാക്കാവുന്ന കാറാണിത്.
10. മാരുതി സുസുക്കി എസ്-പ്രെസോ
ആനുകൂല്യങ്ങള്‍: 75000 രൂപ വരെ
ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറുകളിലൊന്നാണ് മാരുതി എസ്-പ്രെസോ, 67 bhp പരമാവധി പവര്‍ ഔട്ട്പുട്ട് നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ ഒരു ഓപ്ഷണല്‍ CNG പവര്‍ട്രെയിന്‍ തിരഞ്ഞെടുക്കാം. പുതിയ എസ്-പ്രെസോക്ക് ബ്രാന്‍ഡ് 75,000 രൂപയുടെ പരമാവധി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. മാരുതി എസ്പ്രെസോ കാറിന്റെ CNG വേരിയന്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. അതേസമയം AMT വേരിയന്റുകള്‍ക്ക് കിഴിവ് ഒന്നും ലഭിക്കുന്നില്ല. എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. CNG ട്രിമ്മുകള്‍ക്കായി ഒഴിച്ചുള്ള എല്ലാ പെട്രോള്‍ വേരിയന്റുകളിലും 5,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.
11. മാരുതി സുസുക്കി സെലേറിയോ
ആനുകൂല്യങ്ങള്‍: 75000 രൂപ വരെ
മാരുതി സുസുക്കി സെലേറിയോയ്ക്ക് രാജ്യത്ത് പരമാവധി 75000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. മാരുതി എസ്-പ്രെസോയുടെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ആണ് സെലേറിയോ പങ്കിടുന്നത്. സെലേറിയോയുടെ CNG വേരിയന്റുകള്‍ക്ക് പരമാവധി 75,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. പെട്രോള്‍ AMT വേരിയന്റുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭിക്കുന്നില്ല. എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ബാധകമാണ്. CNG ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് 4,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് ലഭിക്കും. 5.25 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. ഈ ഓഫറുകള്‍ സ്ഥലത്തിനനുസരിച്ചും മോഡലുകള്‍ക്കനുസരിച്ചും മാറാം.
12. ഹ്യൂണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ
ആനുകൂല്യങ്ങള്‍: 1 ലക്ഷം രൂപ വരെ
ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ സെഗ്മെന്റിലെ ഏറ്റവും ശക്തമായ ഹാച്ച്ബാക്കുകളിലൊന്നാണ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. ടര്‍ബോ എഞ്ചിന്‍ 100 bhp പവര്‍ ഔട്ട്പുട്ടും 172 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ വാങ്ങുന്നവര്‍ക്ക് ഈ മാസം ഒരു ലക്ഷം രൂപയുടെ പരമാവധി കിഴിവുകള്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications