Mahindra XUV700-നെ മുട്ടുകുത്തിക്കണം; ADAS ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തി Tata Safari
യാത്രക്കാരുടെ സുരക്ഷക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കി ജനമനസ്സുകളിലേക്ക് ചേക്കേറിയ വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റ മോട്ടോര്‍സിന്റെ മുന്‍നിര എസ്‌യുവി മോഡലാണ് ടാറ്റ സഫാരി. മാന്യമായ വില്‍പ്പനയായിരുന്നു സഫാരി രേഖപ്പെടുത്തിയിരുന്നത്. അടുത്ത കാലത്തായി സഫാരിയുടെ നിരവധി സ്‌പെഷ്യല്‍ എഡിഷനുകള്‍ അവതരിപ്പിക്കുകയും കാലക്രമേണ കാറിന്റെ ഫീച്ചറുകള്‍ പരിഷ്‌കരിക്കുയും ചെയ്ത് ടാറ്റ മോഡലിനെ വിപണിയില്‍ പ്രസക്തമാക്കി നിലനിര്‍ത്തി പോരുകയും ചെയ്തു.
മഹീന്ദ്ര XUV700, സ്‌കോര്‍പിയോ N എന്നിവയുടെ വരവ് ടാറ്റ സഫാരിയുടെ വില്‍പ്പനയെ ബാധിച്ചുവെന്ന് വേണം കരുതാന്‍. മഹീന്ദ്ര എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കാരണം ചില ഉപഭോക്താക്കള്‍ ടാറ്റ സഫാരിയെ തേടിവന്നിരുന്നു. മഹീന്ദ്രയുടെ എസ്‌യുവികളുടെ കാത്തിരിപ്പ് കാലയളവ് കുറക്കാന്‍ അവര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. മഹീന്ദ്ര ഉല്‍പാദനം കൂട്ടി ഡെലിവറി പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചാല്‍ സഫാരിയുടെയും ഹാരിയറിന്റെയും വില്‍പ്പനയെക്കുറിച്ച് ടാറ്റയ്ക്ക് ആശങ്കപ്പെടേണ്ടതായി വരും.

അതിനായി ടാറ്റ കണ്ടെത്തിയ മാര്‍ഗമാണ് ടാറ്റ സഫാരിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാമെന്നത്. അതോടെ സെഗ്മെന്റിലെ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ ശ്രദ്ധ തിരിച്ചുപിടിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. അതിന്റെ ഭാഗമായി എസ്‌യുവിയില്‍ കാര്യമായ ചില മാറ്റങ്ങള്‍ വരുത്താനാണ് ടാറ്റയുടെ പ്ലാന്‍. അതിനായി മുഖ്യ എതിരാളിയായ മഹീന്ദ്ര XUV700-ന്റെ വലിയ പ്രത്യേകതകളില്‍ ഒന്നായ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) അവര്‍ അവതരിപ്പിക്കേണ്ടതുണ്ട്. തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളില്‍ ADAS സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതായി ടാറ്റ മോട്ടോര്‍സ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
ഇന്ന് ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡിംഗായ സുരക്ഷ ഫീച്ചറുകളില്‍ ഒന്നാണ് ADAS. ഇന്ന് വിപണിയിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുള്ള കാറുകള്‍ തേടുന്നതായി കാണാം. മുമ്പ് അത്യാവശ്യം വിലയുള്ള കാറുകളില്‍ മാത്രം ലഭ്യമായിരുന്ന ADAS ഫീച്ചര്‍ ഇപ്പോള്‍ 20 ലക്ഷം രൂപയില്‍ താഴെയുള്ള കാറുകളലും സജ്ജീകരിക്കാന്‍ പോകുകയാണ് കാര്‍ നിര്‍മാതാക്കള്‍. ഇപ്പോള്‍ ടാറ്റ സഫാരിക്ക് ADAS ടെക്‌നോളജി കൂടി നല്‍കി കൂടുതല്‍ ഉഷാറാക്കുകയാണ് ടാറ്റ.
വ്യത്യസ്ത ക്യാമറകളും സെന്‍സറുകളും എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നല്‍കുന്ന ഒരു റഡാര്‍ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ADAS.
ഉടന്‍ മുഖംമിനുക്കിയെത്താന്‍ പോകുന്ന ടാറ്റ സഫാരി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ നിരവധി ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ടാറ്റ സഫാരിയുടെ ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങളിലൂടെ വരാനിരിക്കുന്ന ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റില്‍ ADAS റഡാര്‍ താഴത്തെ മുന്‍ ബമ്പറില്‍ ദൃശ്യമാണ്.
ടാറ്റ മോട്ടോര്‍സ് സഫാരി എസ്‌യുവിയുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ വരുത്തും. എന്നിരുന്നാലും, 360-ഡിഗ്രി സറൗണ്ട് ക്യാമറ, മികച്ചതും വലുതുമായ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ADAS എന്നിങ്ങനെയുള്ള കൂടുതല്‍ ഫീച്ചറുകള്‍ ഇത്തവണ പ്രതീക്ഷിക്കാം.
2023 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ സഫാരിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. മഹീന്ദ്ര XUV700, എംജി ആസ്റ്റര്‍, ഹോണ്ട സിറ്റി e: HEV, ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നിവയില്‍ ADAS നിലവില്‍ ഈ വിലനിലവാരത്തില്‍ ലഭ്യമാണ്.
വരാനിരിക്കുന്ന ഹ്യുണ്ടായി വെര്‍ണ, കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റുകളില്‍ ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ടെന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കണം. മറ്റ് വാഹന നിര്‍മാതാക്കളുടെ പാത പിന്തുടര്‍ന്ന് ടാറ്റ മോട്ടോര്‍സും അടുത്ത മാസം വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും ടാറ്റ തങ്ങളുടെ മുന്‍നിര മോഡലുകളായ സഫാരിയിലും ഹാരിയറിലും ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. XMS വേരിയന്റിലും അതിനുമുകളിലുള്ള വേരിയന്റുകളിലുമാണ് ചില സാങ്കേതിക, സുരക്ഷാ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ നേരത്തെ സഫാരിയില്‍ ലഭ്യമായിരുന്ന ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഒഴിവാക്കിയിട്ടുണ്ട്. കംഫര്‍ട്ട് ഹെഡ് റെസ്ട്രെയ്ന്റുകള്‍ പോലുള്ള ഫീച്ചറുകള്‍ സഫാരിയുടെ XZ+ വേരിയന്റില്‍ മാത്രമേ ഇനി മുതല്‍ ലഭ്യമാകൂ. സഫാരി ക്രിയോടെക് 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുമായാണ് നിലവില്‍ വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 170 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാഹനം സ്വന്തമാക്കാം.
Source: Motorbeam


Click it and Unblock the Notifications