ഇന്ത്യയിലെ ടോപ് 7 കമ്പനികളുടെ ഏറ്റവും മൈലേജുള്ള കാറുകൾ
കാര്‍ വാങ്ങുമ്പോള്‍ മൈലേജ് പരിഗണിക്കുന്ന മലയാളിയുടെ ശീലത്തിന് ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ബിഎസ്6 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ കൂടി എത്തിയതോടെ വാഹന രംഗത്ത് അടിമുടി നവീകരണം അരങ്ങേറി.

പല ഡീസല്‍ എഞ്ചിന്‍ കാറുകളും നിര്‍ത്തി. ഡീസലില്‍ നിന്ന് പെട്രോളിലേക്കുള്ള മാറ്റത്തിന് വേഗത കൂടിയെങ്കിലും പല കമ്പനികളും ഇന്ന് ഡീസല്‍ എഞ്ചിന്‍ കാറുകള്‍ ഇറക്കുന്നുണ്ട്. CNG ഹൈബ്രിഡ് എഞ്ചിനുകള്‍ കൂടി വന്നതോടെ മൈലേജ് കൂടുതലുള്ള കാറുകളുടെ നിര കൂടി. ഇന്ത്യയിലെ ടോപ് 7 കമ്പനികളുടെ ഏറ്റവും മൈലേജുള്ള മോഡലുകള്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.

മാരുതി സുസുക്കി
ഇന്ധനക്ഷമതയുടെ കാര്യം പരിഗണിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്‍ ബ്രാന്‍ഡ് ഒരുപക്ഷേ മാരുതി സുസുക്കി ആയിരിക്കും. മുന്‍കാലങ്ങളില്‍ തുടങ്ങി വെച്ച ഉയര്‍ന്ന മൈലേജ് കാറുകളുടെ നിര്‍മാണം മാരുതി ഇന്നും തുടര്‍ന്ന് പോരുന്നു. മാരുതി സെലേറിയോ ഹാച്ച്ബാക്കാണ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി മാറുന്നത്.

പെട്രോളിലും സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്ന കാര്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ വാഹനമാണ്. പെട്രോള്‍ എഎംടി വേരിയന്റില്‍ ഇത് ലിറ്ററിന് 26.68 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. സിഎന്‍ജി മോഡില്‍ നിങ്ങള്‍ക്ക് കിലോയ്ക്ക് 35.60 കിലോമീറ്റര്‍ ഓടാം.

ഹ്യുണ്ടായി
കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായി വിവിധ സെഗ്മെന്റുകളില്‍ മികച്ച ഇന്ധനക്ഷമതയുള്ള കാറുകള്‍ ഓഫര്‍ ചെയ്യുന്നു. പെട്രോള്‍, ഡീസല്‍, CNG കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ ബ്രാന്‍ഡാണിത്.

ഹ്യുണ്ടായിയുടെ i10 നിയോസ്, ഓറ, i20 എന്നിവയുടെ ഡീസല്‍ വകഭേദങ്ങള്‍ യഥാക്രമം 25 കി.മീ/ലി, 25.2 കി.മീ/ലി മൈലേജ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഓറയുടെയും ഗ്രാന്‍ഡ് i10 നിയോസിന്റെയും CNG വകഭേദങ്ങള്‍ കിലോഗ്രാമിന് 28 കി.മീ മൈലേജ് നല്‍കുന്നു.

ടാറ്റ
ഉയര്‍ന്ന സുരക്ഷ സവിശേഷതകളുമായി ടാറ്റ തങ്ങളുടെ മോഡല്‍ നില വിപുലീകരിച്ചിരുന്നു. പുതിയ പ്ലാറ്റ്ഫോമുകളും ഡിസൈനിംഗും ഉപയോഗിച്ച ടാറ്റയുടെ വിപണ കീഴടക്കി. ഇലക്ട്രിക് വാഹന വിപണി ട്ാറ്റയാണ് കുത്തകയാക്കി വെച്ചിരിക്കുന്നത്. മൈലേജിന്റെ കാര്യത്തില്‍ ടാറ്റ മോഡലുകളില്‍ ഒന്നാമന്‍ ആള്‍ട്രോസാണ്.

ടാറ്റയില്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് 25 കി.മീ/ ലി മൈലേജ് നല്‍കുന്നു. CNG ഓപ്ഷനുകള്‍ പരിഗണിച്ചാല്‍ ടിയാഗോയും ടിഗോറും കിലോയ്ക്ക് 26.4 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

മഹീന്ദ്ര
ആഗോള നിലവാരമുള്ള എസ്യുവികള്‍ക്ക് പേരുകേട്ട കമ്പനിയാണ് മഹീന്ദ്ര. അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയ എസ്‌യുവികള്‍ എല്ലാം വന്‍ ഹിറ്റാണ്. XUV700 പുറത്തിറക്കിയ ശേഷം മഹീന്ദ്രക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ബോണ്‍ ഇലക്ട്രിക് ശ്രേണിയിലൂടെ ഇലക്ട്രിക് വാഹന വിപണിയിലേക്കും മഹീന്ദ്ര ചുവടുവെക്കുകയാണ്. മഹീന്ദ്ര ഉല്‍പ്പന്ന നിരയില്‍ ഏറ്റവും മൈലേജ് വാഗ്ദാനം ചെയ്യുന്ന കാര്‍ XUV300 ആണ്. അതിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി പട്ടികയില്‍ ഒന്നാമതുണ്ട്. ലിറ്ററിന് 20 കിലോമീറ്ററാണ് വാഗ്ദാനം.

കിയ
ഇന്ത്യയില്‍ അവതരിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ വിജയം വരിച്ച കാര്‍ ബ്രാന്‍ഡാണ് കിയ മോട്ടോര്‍സ്. കിയ മോഡല്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ സെല്‍റ്റോസ് ആണ്. 2019-ല്‍ ലോഞ്ച് ചെയ്ത ശേഷം ഇതുവരെ മൂന്ന് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. എന്നിരുന്നാലും, ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മറ്റൊരു കിയ കാര്‍ ആണ് ഒന്നാമത്.

കിയയുടെ കോംപാക്റ്റ് എസ്‌യുവിയായ സോനെറ്റ് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 24 കി.മീ മൈലേജ് നല്‍കുന്നു. കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ ഫീച്ചര്‍ ലോഡഡ് ഇന്റീരിയറുകളും മസ്‌കുലര്‍ ഡിസൈനും ഉള്ള സോനെറ്റ് മികച്ച ഓപ്ഷനായി മാറുന്നു.

ടൊയോട്ട
ഇന്ത്യക്കാര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ഒരു ബ്രാന്‍ഡാണ് ടൊയോട്ട. ആഗോള തലത്തില്‍ വന്‍ സാന്നിധ്യമായ ടൊയോട്ടയുടെ പക്കല്‍ നിരവധി ഓഫറുകളുണ്ട്. ടൊയോട്ട മോഡലുകളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നത് അടുത്തിടെ വിപണിയില്‍ എത്തിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ആണ്.

ഹൈറൈഡറിന്റെ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 27.97 കി.മീ/ലി മൈലേജ് നല്‍കും. നിയോഡ്രൈവ് എന്നറിയപ്പെടുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പവര്‍ട്രെയിനും ഇതിന് ലഭിക്കുന്നുണ്ട്.

ഹോണ്ട
ഇന്ത്യന്‍ വിപണിയില്‍ ദീര്‍ഘകാലമായി സാന്നിധ്യമറിയിക്കുന്ന ബ്രാന്‍ഡ് ആണ് ഹോണ്ട. ഹോണ്ടയുടെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ മൂന്ന് സെഡാനുകള്‍ ഉണ്ട്. നാലാം തലമുറ സിറ്റി, അമേസ്, അഞ്ചാം തലമുറ സിറ്റി. പുതുതായി പുറത്തിറക്കിയ സിറ്റി ഹൈബ്രിഡ് പതിപ്പാണ് അവരുടെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍. ലിറ്ററിന് 26.5 കിലോമീറ്റര്‍ ആണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications