ഇനി അവരുടെ കാലമല്ലേ...2023 ഓട്ടോ എക്സ്പോയില്‍ അരങ്ങേറുന്ന കിടു ഇലക്ട്രിക് കാറുകള്‍ ഇതാ
ഭാവിയുടെ ഇന്ധനം വൈദ്യുതിയാണ് എന്നത് ഇപ്പോള്‍ തര്‍ക്കമില്ലാത്ത വിഷയമാണെന്ന് തോന്നുന്നു. ടൂവീലര്‍, ഫേര്‍വീലര്‍ വിഭാഗങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന് വരുന്ന വന്‍ ഡിമാന്‍ഡ് ഇക്കാര്യം അടിവരയിടുന്നു. മാര്‍ക്കറ്റില്‍ ജനങ്ങള്‍ ഇവികളോട് താല്‍പര്യം കാണിക്കുന്നുവെന്ന് മനസ്സിലാക്കി വാഹന നിര്‍മാതാക്കളും അതിനോട് പോസിറ്റീവായി പ്രതികരിക്കുകയാണിപ്പോള്‍.
നിലവില്‍ 80 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ മോട്ടോര്‍സാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി ഭരിക്കുന്നത്. എന്നാല്‍ അടുത്ത ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിരവധി ഇവികളുടെ വരവിന് നാം സാക്ഷ്യം വഹിക്കും. അപ്പോള്‍ കളി മാറുമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊമൈല്‍ ഷോ ആയ ഓട്ടോ എക്‌സ്‌പോ 2023 അടുത്ത മാസം അരങ്ങേറാന്‍ പോകുകയാണ്. വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ നിരവധി ഇലക്ട്രിക് വാഹനങ്ങളും അരങ്ങേറ്റം കുറിക്കും. ജനുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയുടെ 16ാം പതിപ്പില്‍ അരങ്ങേറാന്‍ സാധ്യതയുള്ള ഇലക്ട്രിക് കാറുകളെ കുറിച്ചാണ് ഞങ്ങള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

മാരുതി എസ്‌യുവി ഇവി കണ്‍സെപ്റ്റ്
ഓട്ടോ എക്സ്പോയില്‍ തങ്ങളുടെ ഭാവി എസ്‌യുവി ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുമെന്ന് മാരുതി സുസുക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. YY8 എന്ന് ആന്തരികമായി രഹസ്യനാമം നല്‍കിയിട്ടുള്ള പുതിയ മാരുതി എസ്‌യുവി ഇവി കണ്‍സെപ്റ്റ് ഇന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡിന്റെ ആദ്യ ഇവിയെ കുറിച്ചുള്ള ആമുഖം നല്‍കും. ഈ ഇലക്ട്രിക് കാര്‍ 2025 ന്റെ ആദ്യ പകുതിയില്‍ ലോഞ്ച് ചെയ്യാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.
പുതിയ മാരുതി ഇവി ടൊയോട്ടയുടെ 27PL പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 40PL പ്ലാറ്റ്ഫോമിന്റെ താങ്ങാനാവുന്ന ഡെറിവേറ്റീവാകും. ഈ മാരുതി ഇലക്ട്രിക് കാര്‍ രണ്ട് ബാറ്ററി പാക്കുകള്‍ ഓഫര്‍ ചെയ്‌തേക്കും. 48kWh ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ചും 59 kWh ബാറ്ററി പാക്ക് 500 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ടൂ-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് ലേഔട്ടില്‍ ഇത് വരും.
എംജി ഇവികള്‍
എംജി എയര്‍ 2-ഡോര്‍ ഇവി
എംജി 4 ഇവി
എംജി മോട്ടോര്‍ ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യ-സ്‌പെക്ക് എയര്‍ 2-ഡോര്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. ഈ അര്‍ബന്‍ ഇവിക്കൊപ്പം എംജി 4 ഇവിയും വാഹന നിര്‍മാതാവ് ഓട്ടോ എക്‌സ്‌പോ 2023-ല്‍ പ്രദര്‍ശിപ്പിക്കും. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി. SAIC-യുടെ മോഡുലാര്‍ സ്‌കേലബിള്‍ പ്ലാറ്റ്ഫോം (MSP) അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. പുതിയ എംജി 4 ഇവി യഥാക്രമം 170 bhp, 203 bhp പവര്‍ നല്‍കുന്ന 51kWh, 64kWh ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് പതിപ്പുകള്‍ക്കും സിംഗിള്‍-മോട്ടോര്‍, RWD സംവിധാനമുണ്ട് കൂടാതെ പരമാവധി 250 Nm ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
WLTP സൈക്കിള്‍ അനുസരിച്ച്, 51 kWh ബാറ്ററി പതിപ്പ് 350 കിലോമീറ്റര്‍ റേഞ്ചും 64 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഓട്ടോ എക്‌സ്‌പോയില്‍ ഇതിനൊപ്പം എംജി മോട്ടോര്‍ ഇന്ത്യ എയര്‍ 2 ഡോര്‍ ഇവിയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന-സ്‌പെക്ക് വുലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കി ഒരുക്കുന്ന പുതിയ എന്‍ട്രി-ലെവല്‍ എംജി ഇവിയുടെ നിര്‍മാണം 2023 മാര്‍ച്ചില്‍ ആരംഭിക്കാനാണ് സാധ്യത. 20 kWh മുതല്‍ 25 kWh വരെയുള്ള ബാറ്ററി പായ്ക്ക് ഇവിയില്‍ ഉപയോഗിക്കാനാണ് സാധ്യത. ഇത് 40 bhp പവര്‍ നല്‍കുകയും ഏകദേശം 150 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യും.
ഹ്യുണ്ടായി ഇവികള്‍
ഹ്യുണ്ടായി അയോണിക് 6
ഹ്യുണ്ടായി അയോണിക് 5
2023 ഓട്ടോ എക്സ്പോയില്‍ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവറിന്റെ വില ഹ്യുണ്ടായി പ്രഖ്യാപിക്കും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ അംഗീകൃത ഡീലര്‍ഷിപ്പ് വഴിയോ പുതിയ ഇവി ബുക്ക് ചെയ്യാം. ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കിയുള്ളതാണ് ഇവി. 72.6kWh, 58kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
അടുത്തിടെ പുറത്തിറക്കിയ അയോണിക് 6 ഇലക്ട്രിക് സെഡാനും ഹ്യുണ്ടായി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. അയോണിക് 5, കിയ EV6 എന്നിവയ്ക്ക് അടിവരയിടുന്ന E-GMP സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 53 kWh, 77 kWh എന്നിങ്ങനെ രണ്ട് ബാറ്ററി സൈസ് ഓപ്ഷനുകളിലാണ് ഹ്യൂണ്ടായി അയോണിക് 6 ഇവി വാഗ്ദാനം ചെയ്യുന്നത്. 53 kWh ബാറ്ററിയുള്ള റിയര്‍-വീല്‍ ഡ്രൈവ് പതിപ്പ് 429 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍, 77.4 kwh ഉള്ള RWD പതിപ്പ് 614 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. AWD പതിപ്പ് 583 കിലോമീറ്റര്‍ എന്ന WLTP സാക്ഷ്യപ്പെടുത്തിയ റേഞ്ച് നല്‍കുന്നു.
ടാറ്റ ഇവികള്‍
ടാറ്റ ആള്‍ട്രോസ് ഇവി
ടാറ്റ പഞ്ച് ഇവി കണ്‍സെപ്റ്റ്
ടാറ്റ കര്‍വ്
ടാറ്റ അവിനിയ
നിലവില്‍ ഇന്ത്യന്‍ ഇവി സെഗ്മെന്റ് ഭരിക്കുന്ന ടാറ്റ മോട്ടോര്‍സ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി ഒന്നിലധികം ഇവികള്‍ പ്രദര്‍ശിപ്പിക്കും. ഉല്‍പ്പാദനത്തിന് തയ്യാറായ അള്‍ട്രോസ് ഇവി ചടങ്ങില്‍ കമ്പനി പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം പഞ്ചിനെ അടിസ്ഥാനപ്പെടുത്തിയുള്ള മൈക്രോ ഇവി എസ്‌യുവിയും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചേക്കും. ടാറ്റ മോട്ടോഴ്സ് 2023 ഓട്ടോ ഷോയില്‍ കര്‍വ്, അവിനിയ ഇവി കണ്‍സെപ്റ്റുകളുടെ വ്യത്യസ്ത പതിപ്പുകളും പ്രദര്‍ശിപ്പിക്കും.
BYD
ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) അതിന്റെ പുതിയ അറ്റോ 3 ഇലക്ട്രിക് എസ്യുവി ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. 33.99 ലക്ഷം രൂപ വിലയുള്ള അറ്റോ 3, എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയ്ക്ക് ഒരു പ്രീമിയം ബദലായാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രംഗപ്രവേശനം ചെയ്യുന്നത്. 60 kWh BYD ബ്ലേഡ് ബാറ്ററി പാക്ക് ഫീച്ചര്‍ ചെയ്യുന്ന അറ്റോ 3 ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. അറ്റോ 3 മാത്രമല്ല, BYD അതിന്റെ ഒന്നിലധികം ആഗോള ഇവികളും ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. 2023 ഓട്ടോ എക്സ്പോ ജനുവരി 13 മുതല്‍ 18 വരെയാണ് നടക്കാന്‍ പോകുന്നത്. ജനുവരി 15 മുതല്‍ 18 വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാം. 2023 ഓട്ടോ എക്സ്പോയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക്‌മൈഷോയില്‍ ലഭ്യമാണ്.


Click it and Unblock the Notifications








