ഒരേ പൊളി... 2022-ല്‍ പുറത്തിറങ്ങിയ മികച്ച മൈലേജുള്ള ടോപ് 10 കാറുകള്‍
ഇന്ന് ഒരു കാര്‍ വാങ്ങുമ്പോള്‍ ആളുകള്‍ പല കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കിലും മൈലേജ് ഇന്നും ഒരു സുപ്രധാന ഘടകമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാകില്ല. മിക്ക ആളുകളും ഒരു കാര്‍ വാങ്ങുമ്പോള്‍ വിശാലമായ ക്യാബിനും സുരക്ഷാ സവിശേഷതകളും ഇന്ന് പരിഗണിക്കുന്നതായി കാണാം. എന്നിരുന്നാലും നല്ല ഫീച്ചറുകള്‍ക്കൊപ്പം മികച്ച മൈലേജും കൂടി വാഗ്ദാനം ചെയ്യുന്ന കാറുകളുടെ തട്ട് താണ് തന്നെ ഇരിക്കും. 2022-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഏറ്റവും ഇന്ധനക്ഷമതയുള്ള 10 കാറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
1. മാരുതി സുസുക്കി സെലേറിയോ
മൈലേജ്: 26.68 കി.മീ/ലി
രണ്ടാം തലമുറ മാരുതി സുസുക്കി സെലേറിയോയാണ് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്ന്. സെലേറിയോയുടെ VXi AMT വേരിയന്റ് ലിറ്ററിന് 26.68 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ZXi, ZXi+ AMT വേരിയന്റുകള്‍ 26 കി.മീ/ലി മൈലേജ് നല്‍കുന്നു. ZXi+ മാനുവല്‍ വേരിയന്റ് 24.97 കി.മീ/ലി ആണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. 5.15 ലക്ഷം മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) പുതിയ മാരുതി സുസുക്കി സെലേറിയോയുടെ വില. 67 bhp പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ ജെറ്റ് K10 പെട്രോള്‍ എഞ്ചിനാണ് പുതിയ സെലേറിയോയ്ക്ക് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷന്‍ യൂണിറ്റുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

2. ഹോണ്ട സിറ്റി e-HEV
മൈലേജ്: 26.5 കി.മീ/ലി
ഈ വര്‍ഷം ലോഞ്ച് ചെയ്ത ഹോണ്ട സിറ്റി e-HEVക്ക് സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിച്ചു. പുതിയ സിറ്റി ഹൈബ്രിഡിന് ഓള്‍-ബ്ലാക്ക് ഇന്റീരിയറും പിന്‍ സീറ്റുകളുടെ വശങ്ങളില്‍ ബാറ്ററിക്കായി വ്യതിരിക്തമായ കൂളിംഗ് വെന്റുകളും ലഭിക്കുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് ഇത് വരുന്നത്. ഇന്ത്യയില്‍ 19.92 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയിലാണ് ഹോണ്ട പുതിയ സിറ്റി e-HEV വാഗ്ദാനം ചെയ്യുന്നത്. 10 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സെഡാന് കഴിയും. ലിറ്ററിന് 26.68 കിലോമീറ്റര്‍ മൈലേജാണ് ഈ കാര്‍ വാഗ്ദാനം ചെയ്യുന്നത്.
3. മാരുതി സുസുക്കി വാഗണ്‍ ആര്‍
മൈലേജ്: 25.19 കി.മീ/ലി
ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. ഇന്ത്യയിലെ വാഗണ്‍ ആറിന്റെ വില 5.45 ലക്ഷം മുതല്‍ 7.08 ലക്ഷം രൂപ വരെയാണ് (രണ്ടും വില ഡല്‍ഹി എക്സ്ഷോറൂം ആണ്). രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹാച്ച്ബാക്ക് മാരുതി വാഗ്ദാനം ചെയ്യുന്നത് 67 bhp കരുത്തുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ആദ്യത്തേത്. 90 bhp കരുത്തുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് രണ്ടാമത്തേത്. ആദ്യത്തേത് AMT യൂണിറ്റിനൊപ്പം ലിറ്ററിന് 25.19 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. രണ്ടാമത്തേത് AMT യൂണിറ്റിനൊപ്പം 24.43 കി.മീ/ലി മൈലേജും വാഗ്ദാനം ചെയ്യുന്നു. വാഗണ്‍ ആറിന്റെ CNG വകഭേദം കിലോഗ്രാമിന് 34.04 കിലോമീറ്റര്‍ എന്ന മികച്ച മൈലേജ് നല്‍കുന്നു.
4. മാരുതി സുസുക്കി ഡിസയര്‍
മൈലേജ്: 24.14 കി.മീ/ലി
മാരുതി സുസുക്കി ഡിസയറിന് കരുത്തേകുന്നത് 1.2 ലിറ്റര്‍ K12N പെട്രോള്‍ എഞ്ചിനാണ്. പുതിയ മാരുതി സുസുക്കി ഡിസയര്‍ മുമ്പത്തേക്കാള്‍ 7 എച്ച്പി കൂടുതല്‍ കരുത്ത് പകരുന്നതോടൊപ്പം കൂടുതല്‍ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവല്‍ യൂണിറ്റ് 23.26 കി.മീ/ലി മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം 5-സ്പീഡ് AMT യൂണിറ്റ് ലിറ്ററിന് 24.12 കിലോമീറ്റര്‍ മൈലേജ് നല്‍കും. 6.24 ലക്ഷം മുതല്‍ 9.18 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) ഇന്ത്യയിലെ മാരുതി സുസുക്കി ഡിസയറിന്റെ വില.
5. മാരുതി സുസുക്കി ബലേനോ / ടൊയോട്ട ഗ്ലാന്‍സ
മൈലേജ്: 22.94 കി.മീ/ലി
2022 മാരുതി സുസുക്കി ബലേനോയും പുതിയ ടൊയോട്ട ഗ്ലാന്‍സയും 2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് K12N പെട്രോള്‍ എഞ്ചിനിലാണ് വരുന്നത്. ഈ എഞ്ചിന്‍ പരമാവധി 90 bhp പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓഫറുകളില്‍ ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ എഞ്ചിന്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് വാഗ്ദാനം ചെയ്യുന്നു. AMT യൂണിറ്റ് 22.94 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 6.35 ലക്ഷം മുതല്‍ 9.49 ലക്ഷം രൂപ (എക്‌സ്‌ഷോറും) വരെയാണ് 2022 ബലേനോയുടെ വില. അതേസമയം പുതിയ ഗ്ലാന്‍സയുടെ വില 6.39 ലക്ഷം മുതല്‍ 9.69 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം).
6. മാരുതി സുസുക്കി ആള്‍ട്ടോ
മൈലേജ്: 22.05 കി.മീ/ലി
മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ ആള്‍ട്ടോ 0.8 ലിറ്റര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. അത് 48 bhp പവര്‍ ഉല്‍പ്പാദിപ്പിക്കുകയും ARAI സാക്ഷ്യപ്പെടുത്തിയ ലിറ്ററിന് 22.05 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി ആള്‍ട്ടോ CNG വേരിയന്റിലും ലഭ്യമാണ്. അത് കിലോക്ക് 31.59 കിലോമീറ്റര്‍ എന്ന മികച്ച മൈലേജ് നല്‍കുന്നു. ഇന്ത്യയിലെ മാരുതി സുസുക്കി ആള്‍ട്ടോയുടെ വില 3.39 ലക്ഷം രൂപയില്‍ തുടങ്ങി 5.03 ലക്ഷം രൂപ വരെ നീളുന്നു (എക്‌സ്-ഷോറൂം ഡല്‍ഹി).
7. റെനോ ക്വിഡ്
മൈലേജ്: 22.0 കി.മീ/ലി
2022-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ് റെനോ ക്വിഡ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ 0.8 ലിറ്റര്‍ എഞ്ചിന്‍ 54 bhp പവര്‍ നല്‍കുന്നു. 68 bhp കരുത്തുള്ള 1.0 ലിറ്റര്‍ എഞ്ചിനാണ് രണ്ടാമത്തേത്. ക്വിഡ് ഹാച്ച്ബാക്ക് AMT ഗിയര്‍ബോക്സിനൊപ്പം ലിറ്ററിന് 22.0 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ക്വിഡിന്റെ 1.0 ലിറ്റര്‍ മാനുവല്‍ വേരിയന്റ് ARAI മൈലേജ് ലിറ്ററിന് 21.74 കിലോമീറ്ററും 0.8 ലിറ്റര്‍ മാനുവല്‍ യൂണിറ്റ് 20.71 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. 4.64 ലക്ഷം രൂപ മുതല്‍ 5.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.
8. ഡാറ്റ്‌സണ്‍ റെഡി-ഗോ
മൈലേജ്: 22.0 കി.മീ/ലി
ഡാറ്റ്സണ്‍ റെഡി-ഗോയ്ക്ക് 2020-ല്‍ ഒരു മുഖംമിനുക്കലും ടോപ്പ്-സ്‌പെക്ക് വേരിയന്റിലെ പുതിയ ഫീച്ചറുകളുടെ ലിസ്റ്റും ലഭിച്ചു. 54 bhp 0.8 ലിറ്റര്‍ പെട്രോള്‍, 68 bhp 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ റെഡി-ഗോ ഹാച്ച്ബാക്ക് ലഭ്യമാണ്. 1.0 ലിറ്റര്‍ AMT പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 22.0 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നു, അതേസമയം മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ യഥാക്രമം 20.71 കി.മീ/ലി, 21.7 കി.മീ/ലി മൈലേജ് വാഗ്ദാനം ചെയ്യുന്നു.
9. മാരുതി സുസുക്കി എസ്-പ്രസോ
മൈലേജ്: 21.7 കി.മീ/ലി
മാരുതി സുസുക്കി സെലേറിയോ, വാഗണ്‍ R എന്നിവയിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എസ്‌പ്രെസോ പങ്കിടുന്നത്. മാരുതി സുസുക്കി എസ്‌പ്രെസോ ടോപ്പ്-സ്‌പെക്ക് VXI, VXI+ വേരിയന്റുകള്‍ക്ക് 21.7 കി.മീ/ലി മൈലേജ് നല്‍കുന്നുണ്ട്. അതേ സമയം താഴ്ന്ന വേരിയന്റുകള്‍ ലിറ്ററിന് 21.4 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. 4.25 ലക്ഷം മുതല്‍ 6.10 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.
മാരുതി സുസുക്കി ഇഗ്‌നിസ്
മൈലേജ്: 20.89 കി.മീ/ലി
83 bhp പവറും 113 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ K12M പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ഇഗ്‌നിസിന് കരുത്തേകുന്നത്. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. മാനുവല്‍, AMT യൂണിറ്റുകളില്‍ ഇത് ലിറ്ററിന് 20.89 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നു. 5.35 ലക്ഷം മുതല്‍ 7.72 ലക്ഷം രൂപ വരെയാണ് ഇഗ്‌നിസിന്റെ വില (എക്സ് ഷോറൂം).


Click it and Unblock the Notifications