2022-ലെ സൂപ്പര്‍ സബ്ബുകള്‍; പകരക്കാരായി വന്ന് മുന്‍ഗാമികളെക്കാള്‍ കേമന്‍മാരായ മികച്ച 5 കാറുകള്‍
2022-ല്‍ നിരവധി കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ചില വാഹന നിര്‍മാതാക്കള്‍ ചില മോഡലുകള്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കുകയും മുഖം മിനുക്കി പുതിയ അവതാരത്തില്‍ എത്തിക്കുകയും ചെയ്തു. അവയുടെ മുന്‍ഗാമികളെ അപേക്ഷിച്ച് വന്‍ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ആ കാറുകളില്‍ പലതും വിപണിയില്‍ ഇറങ്ങിയത്.
ചിലപ്പോള്‍ നിര്‍മാതാക്കള്‍ ചില മോഡലുകള്‍ക്ക് അപ്ഡേറ്റ് നല്‍കുകയോ പകരക്കാരെ ഇറക്കുകയോ ചെയ്യുമ്പോൾ ചിലപ്പോള്‍ പണി പാളാറുണ്ട്. എന്നാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ എല്ലാം ഒത്തുവന്നാല്‍ ആ ഉല്‍പ്പന്നം വിപ്ലവം സൃഷ്ടിക്കുന്ന ഒന്നായി മാറിയിരിക്കും. അക്കാര്യത്തില്‍ ഉദാഹരണമായി പറയാന്‍ പറ്റുന്ന ചില മോഡലുകള്‍ ഇന്ന് നമുക്കറിയാം. സാധ്യതകളുടെ അതിരുകള്‍ ഭേദിച്ച് അവരുടെ മുന്‍ഗാമികളെക്കാള്‍ വിപ്ലവം സൃഷ്ടിച്ച മികച്ച അഞ്ച് കാറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ ഞങ്ങള്‍ പറയാന്‍ പോകുന്നത്.

ഫോക്‌സ്‌വാഗൺ വെര്‍ട്ടിസ്
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അവരുടെ ഇന്ത്യ 2.0 സ്ട്രാറ്റജി വിജയകരമായി നടപ്പാക്കാന്‍ മുന്നില്‍ നിര്‍ത്തിയ പടക്കുതിരകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് സെഡാന്‍. ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാന്റെ പകരക്കാരനായാണ് വെര്‍ട്ടിസ് ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയത്. MQB-AO-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഫോക്‌സ്‌വാഗണ്‍ മോഡലായിരുന്നു ഇത്. ഇത് കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ പുതുമാറ്റത്തിന്റെ കാറ്റടിപ്പിച്ചു. സെഡാന്‍ ഞൊടിയിടയില്‍ അതിന്റെ രൂപവും പെര്‍ഫോമന്‍സും കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു.
സെഡാനില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഫോക്‌സ്‌വാഗണ്‍ തെല്ലും പിശുക്ക് കാണിക്കാതിരിക്കുക കൂടി ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരമായി. ഇന്ത്യയില്‍ വെര്‍ട്ടിസ് സെഡാന്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. അതില്‍ ആദ്യത്തെ 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ TSI ടര്‍ബോ പെട്രോള്‍ പരമാവധി 115 bhp കരുത്തില്‍ 178 Nm ടോര്‍ക്കും വരെ നല്‍കാന്‍ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 1.5 TSI ടര്‍ബോ പെട്രോള്‍ 150 bhp പവറില്‍ 250 Nm ടോര്‍ക്ക് വരെയാണ് നല്‍കുന്നത്. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് (1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് മാത്രം) എന്നിവയാണ് ഫോക്സ്വാഗണ്‍ വെര്‍ട്ടിസില്‍ വാഗ്ദാനം ചെയ്യുന്നത്.
സ്‌കോഡ സ്ലാവിയ
ആളുകള്‍ കോംപാക്ട് എസ്‌യുവികള്‍ക്ക് പിന്നാലെ പാഞ്ഞതോടെ കഴിഞ്ഞ കുറച്ച് നാളായി കോംപാക്ട് സെഡാന്‍ സെഗ്‌മെന്റ് പാടെ അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലും പുത്തന്‍ ഉണര്‍വ് കാണപ്പെട്ടു. ഫെബ്രുവരിയില്‍ സ്‌കോഡ സ്ലാവിയ അരങ്ങേറിയതോടെയാണ് ഇതിന് തുടക്കമായത്. ദീര്‍ഘകാലമായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമായിരുന്ന സ്‌കോഡ റാപ്പിഡിന്റെ പകരനായാണ് സ്ലാവിയ അരങ്ങേറിയത്. പുതിയ കാര്‍ എല്ലാ അര്‍ത്ഥത്തിലും അതിന്റെ മുന്‍ഗാമിയേക്കാള്‍ വിപ്ലവകാരിയായിരുന്നു.
പുതുമയാര്‍ന്നതും ശ്രദ്ധേയവുമായ സ്റ്റൈലിംഗ്, പഞ്ചി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍, ഫീച്ചറുകളുടെ നീണ്ട നിര എന്നിവ സ്‌കോഡയുടെ തുറുപ്പുഗുലാനായി സ്ലാവിയയെ മാറ്റി. കുഷാഖിനൊപ്പം ചെക്ക് കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലെ ഭാഗ്യനക്ഷത്രമായി മാറിയിരിക്കുകയാണ് സ്ലാവിയ. പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് ഈ മോഡല്‍ ലഭ്യമാകുന്നത്. പുതിയ സ്‌കോഡ സ്ലാവിയ സെഡാന്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് 115 bhp എഞ്ചിനും 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണവ.
മഹീന്ദ്ര സ്‌കോര്‍പിയോ N
എസ്‌യുവികളുടെ ബിഗ് ഡാഡിക്ക് ഈ വര്‍ഷമാണ് ഒരു ജനറേഷന്‍ മേക്ക്ഓവര്‍ ലഭിച്ചത്. മോഡലിന്റെ പരുക്കന്‍ ലുക്കില്‍ നിന്ന് മാറി പുതിയൊരു അവതാരത്തിലാണ് മഹീന്ദ്ര പുതിയ സ്‌കോര്‍പിയോ N വിപണിയില്‍ ഇറക്കിയത്. മുമ്പത്തേക്കാളേറെ പ്രീമിയമായി മാറിയ മഹീന്ദ്ര സ്‌കോര്‍പ്പിയോ N മികച്ച ഓഫ്-റോഡിംഗ് ശേഷിയും കാഴ്ചവെക്കുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ N അതിന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് ഒരു വിപ്ലവകരമായ ഉൽപ്പന്നം തന്നെ ആണ്.
അതിന്റെ മുന്‍ഗാമിയുടെ സീറോ-സ്റ്റാര്‍ റേറ്റിംഗില്‍ നിന്ന് വ്യത്യസ്തമായി അടുത്തിടെ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ സ്‌കോര്‍പിയോ N ഈ പ്രസ്താവന ഊന്നിപ്പറയുന്നു. കാറില്‍ 203 bhp 2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ 2.2-ലിറ്റര്‍ 132 bhp, 175 bhp ഡീസല്‍ എഞ്ചിനുകളാണ് വരുന്നത്. ഈ പവര്‍ട്രെയിനുകള്‍ 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. എസ്‌യുവി 4WD ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, ഇത് 175 bhp ഡീസല്‍ എഞ്ചിനില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.
മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്
ഈ വര്‍ഷം മേയ് മാസത്തിലാണ് പുതിയ തലമുറ മെര്‍സിഡീസ് C-ക്ലാസ് പുറത്തിറക്കിയത്. മെര്‍സിഡീസ് ബെന്‍സ് 190 ശ്രേണിയുടെ പകരക്കാരനായാണ് ഇത് വികസിപ്പിച്ചെടുത്തത്. വാസ്തവത്തില്‍ C-ക്ലാസ് സെഡാന്‍ അതിന്റെ പ്രതീക്ഷക്ക് മുകളില്‍ നില്‍ക്കുന്നതിനാല്‍ തന്നെ അതിനെ ബേബി S-ക്ലാസ് എന്ന് വിളിക്കുന്നു. ഔട്ട്‌ഗോയിംഗ് C-ക്ലാസില്‍ നിന്നല്ല, മറിച്ച് മുന്‍നിര S-ക്ലാസില്‍ നിന്നാണ് ഡിസൈന്‍ പ്രചോദനവും. ബേബി S-ക്ലാസ് എന്ന് വിളിക്കുന്നുവെന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അത് അതിന്റെ രൂപത്തിലും യാത്രാസുഖത്തിലും ആ ചുമതല നിറവേറ്റുന്നു. ഈ സെഡാന്‍ മുന്‍ തലമുറ മോഡലിനെ അപേക്ഷിച്ച് ഒരു വിപ്ലവം സൃഷ്ടിച്ച കാറാണെന്ന് ധൈര്യമായി പറയാനാകും.
രണ്ട് ഡീസല്‍ എഞ്ചിനും ഒരു പെട്രോള്‍ എഞ്ചിനുമാണ് C-ക്ലാസ് വാഗ്ദാനം ചെയ്യുന്നത്. പുതിയ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന C200 ആണ് ഇവിടുത്തെ അടിസ്ഥാന മോഡല്‍. ഈ എഞ്ചിന്‍ 204 bhp കരുത്തും 300 Nm ടോര്‍ക്കും നല്‍കുന്നു. കൂടുതല്‍ വലുതും കാര്യക്ഷമവും ചെലവേറിയതുമായ ഡീസല്‍ യൂണിറ്റ് 200 bhp പവറും 440 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റാണ് C220d -യ്ക്ക് കരുത്തേകുന്നത്. ടോപ്പ്-സ്‌പെക്ക് മോഡലില്‍ അതേ എഞ്ചിന്‍ കൂടുതല്‍ ശക്തമായ ട്യൂണിംഗില്‍ ലഭ്യമാണ്. ഇത് C300d -യില്‍ 265 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു,
ഹ്യുണ്ടായി ട്യൂസോണ്‍
2004-ല്‍ രാജ്യത്ത് ലോഞ്ച് ചെയ്തത് മുതല്‍ ഹ്യൂണ്ടായി ട്യൂസോണിന് അത്ര നല്ല കാലമായിരുന്നില്ല. എന്നാല്‍ പുതു തലമുറ ട്യൂസോണ്‍ ആ പ്രതിച്ഛായ മൊത്തം മാറ്റി. തലയെടുപ്പുള്ള ലുക്ക്, മികച്ച ഇന്റീരിയര്‍, സുഖസൗകര്യങ്ങള്‍, ശ്രദ്ധേയമായ സുരക്ഷാ ഫീച്ചറുകളുടെ നിര എന്നിവയെല്ലാമാണ് മുന്‍ഗാമിയേക്കാള്‍ കേമനാകാന്‍ പുതുതലമുറ ട്യൂസോണിനെ സഹായിച്ചത്. പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഡ്രൈവിംഗ് ഡൈനാമിക്‌സും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം എസ്‌യുവിയെ മികച്ച ഒരു പാക്കേജാക്കി മാറ്റുന്നു.
നാലാം തലമുറ ഹ്യുണ്ടായി ട്യൂസോണ്‍ എസ്‌യുവി പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. പെട്രോള്‍ യൂണിറ്റ് 154 bhp പീക്ക് പവറും 192 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. കൂടാതെ, ഈ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. മറുവശത്ത്, 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ആയിരിക്കും കൂടുതല്‍ ജനപ്രിയമായ തിരഞ്ഞെടുപ്പ്. ഈ എഞ്ചിന്‍ 184 bhp പവറും 416 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ യൂണിറ്റ് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉപയോഗിക്കുന്നു.


Click it and Unblock the Notifications








