eXUV300-യെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mahindra
2020 ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര, തങ്ങളുടെ XUV300 -യുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് പതിപ്പിനെ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

എന്നാല്‍ കൊവിഡ് പ്രതീസന്ധിയും പിന്നീടുണ്ടായ പ്രശ്‌നങ്ങളും മൂലം വാഹനത്തിന്റെ അരങ്ങേറ്റം വൈകുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര.

'eXUV300' എന്ന് പേരിട്ടിരിക്കുന്ന കണ്‍സെപ്റ്റ് കാര്‍, മഹീന്ദ്ര ഇലക്ട്രിക് സ്‌കേലബിള്‍ ആന്‍ഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (MESMA) അടിസ്ഥാനമാക്കിയുള്ള XUV300 കോംപാക്ട് എസ്‌യുവിയുടെ പൂര്‍ണ-ഇലക്ട്രിക് പതിപ്പാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലോ നാലാം പാദത്തിലോ ഈ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി സ്ഥിരീകരിച്ചു.

മഹീന്ദ്ര eXUV300 (അല്ലെങ്കില്‍ XUV400, പ്രൊഡക്ഷന്‍ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല) രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് (ചെറിയ ബാറ്ററിയുള്ളത്) കൂടുതല്‍ താങ്ങാനാവുന്നതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ടാറ്റ നെക്സോണ്‍ ഇവിയുടെ വില്‍പ്പന ലക്ഷ്യമിട്ടാണ് കമ്പനി ഈ മോഡലിനെ അവതരിപ്പിക്കുന്നതും.

സവിശേഷതകളും പ്രകടനവും ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലോംഗ്-റേഞ്ച് പതിപ്പ് (വലിയ ബാറ്ററിയുള്ളത്) കൂടുതല്‍ ചെലവേറിയതായിരിക്കും. ഹ്യുണ്ടായി കോന ഇവിയോടാകും മത്സരിക്കുക.

സാധാരണ ICE പതിപ്പിന് സമാനമായ ഇന്റീരിയറും എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗും ഇലക്ട്രിക് XUV300-ന് ഉണ്ടായിരിക്കും. നിലവിലെ XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. സവിശേഷതകളും ഫീച്ചറുകളും അതിന്റെ ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പിന് സമാനമായിരിക്കും.

പുതിയ മഹീന്ദ്ര eXUV300 സാധാരണ XUV300-മായി മൊത്തത്തിലുള്ള പ്രൊഫൈല്‍ പങ്കിടുമെങ്കിലും, പുതിയ ക്ലോസ്-ഓഫ് ഗ്രില്‍, ബ്ലൂ ഗ്രാഫിക്സോടുകൂടിയ പ്രത്യേക എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതിയ ബമ്പറുകള്‍ എന്നിവയുടെ രൂപത്തില്‍ ഇതിന് കാര്യമായ മാറ്റങ്ങള്‍ ലഭിക്കും.

ഇന്റീരിയറില്‍ പുതിയ വലിയ പോപ്പ്-ഔട്ട് സ്‌റ്റൈല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, വയര്‍ലെസ് ചാര്‍ജര്‍, പുതിയ സ്റ്റിയറിംഗ് മുതലായവ ഉണ്ടായിരിക്കും.

ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് തങ്ങള്‍ നേരത്തെ തന്നെ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സിഇഒ വീജയ് നക്ര പറഞ്ഞു. FY23-ന്റെ Q3 അല്ലെങ്കില്‍ Q4-ല്‍, തങ്ങള്‍ ഓള്‍-ഇലക്ട്രിക് XUV300 പുറത്തിറക്കും.

ഇന്ത്യയിലെ ഇവികളെ സംബന്ധിച്ച് തങ്ങളുടെ പോര്‍ട്ട്ഫോളിയോ പ്ലാന്‍ പ്രഖ്യാപിക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍. അതിനെക്കുറിച്ച് ഉടന്‍ നിങ്ങളോട് പറയും. ഇന്ത്യന്‍ വിപണിയില്‍ 13 പുതിയ എസ്‌യുവികള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം നവംബറില്‍ വെളിപ്പെടുത്തിയിരുന്നു.

അതില്‍ 8 എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഇത് തികച്ചും അഭിലഷണീയമായ ഒരു ലക്ഷ്യമാണെന്നും വീജയ് നക്ര വ്യക്തമാക്കി. ഇലക്ട്രിക് XUV300 കൂടാതെ, മഹീന്ദ്ര ഈ വര്‍ഷം eKUV100 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹീന്ദ്ര eKUV100 മോഡലിനെയും 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു, പക്ഷേ അത് നിര്‍മ്മാണത്തിന് മുമ്പുള്ള രൂപത്തിലായിരുന്നു. 15.9 kWh ബാറ്ററി പായ്ക്കുമായി ബന്ധിപ്പിച്ച 54 bhp കരുത്ത് നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിന് നല്‍കിയിരിക്കുന്നത്. 150 കിലോമീറ്റര്‍ വരെ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് ചെയ്യുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാര്‍ ആയിരിക്കും eKUV100.

2025-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുകയെന്ന ലക്ഷ്യത്തോടെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,000 കോടി രൂപയുടെ ഇലക്ട്രിക് വാഹന ബിസിനസില്‍ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു.

ഡെട്രോയിറ്റും ഇറ്റലിയും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങളുടെ കഴിവുകള്‍ സംയോജിപ്പിച്ച് ഒരു ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ മഹീന്ദ്ര പ്രവര്‍ത്തിക്കുകയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഇവ സംയോജിപ്പിച്ച് ഇന്ത്യക്ക് ഒരു ഇലക്ട്രിക് പ്ലാറ്റ്‌ഫോം ലഭിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. മഹീന്ദ്ര തങ്ങളുടെ ഇവി ബിസിനസിനായുള്ള സഖ്യങ്ങള്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇതിനകം 1,700 കോടി രൂപ ഇന്ത്യയിലെ ഇവി ബിസിനസില്‍ നിക്ഷേപിച്ചു, ഒരു പുതിയ ഗവേഷണ വികസന കേന്ദ്രത്തില്‍ 500 കോടി രൂപ കൂടി നിക്ഷേപിച്ചു.

ബാറ്ററി പാക്കുകള്‍, പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോറുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് ടെക്‌നോളജീസ് പ്ലാന്റ് കമ്പനി ഇതിനകം ബെംഗളൂരുവില്‍ തുറന്നിട്ടുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ചകന്‍ പ്ലാന്റില്‍ ഒരു പുതിയ നിര്‍മ്മാണ യൂണിറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

അതേസമയം മഹീന്ദ്ര തങ്ങളുടെ XUV300 സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് വൈകാതെ തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019-ല്‍ ലോഞ്ച് ചെയ്തതുമുതല്‍ സെഗ്മെന്റിലെ മികച്ച മോഡലായി വാഹനം മുന്നേറുകയാണ്.

കഴിഞ്ഞ ദിവസം മോഡലിന്റെ W8, W8 (O) വേരിയന്റുകളില്‍ കമ്പനി ഒരു നവീകരണം കൊണ്ടുവന്നിരുന്നു. 17 ഇഞ്ച് അലോയി വീലുകള്‍ മാറ്റി ഈ വേരിയന്റുകളില്‍ കമ്പനി 16 ഇഞ്ച് അലോയി വീലുകളാകും ഇനി നല്‍കുക.


Click it and Unblock the Notifications








