10 ദിവസത്തിനുള്ളില്‍ 7,000 യൂണിറ്റുകള്‍; Scorpio N-ന്റെ ഡെലിവറി തീയതി വെളിപ്പെടുത്തി Mahindra
ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര. കഴിഞ്ഞ കുറച്ച് നാളുകളായി ബ്രാന്‍ഡില്‍ നിന്നും എത്തുന്ന മോഡലുകള്‍ വലിയ ജനപ്രീതി നേടിയെടുക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ബ്രാന്‍ഡ് നിരയില്‍ നിന്നും എത്തുന്ന ഓരോ എസ്‌യുവികള്‍ക്കും ലഭിക്കുന്ന ഓര്‍ഡര്‍ ബുക്കിംഗുകള്‍ കമ്പനിക്ക് വേഗത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുള്ള തലങ്ങളിലേക്ക് നിറയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
Recommended Video

ഈ കനത്ത ബുക്കിംഗുകള്‍, സുപ്രധാന ഭാഗങ്ങളുടെ വിതരണത്തിലെ പോരായ്മകള്‍, ചില മോഡലുകളുടെയും വേരിയന്റുകളുടെയും കാര്യത്തില്‍ 24 മാസം വരെ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പ് കാലയളവിലേക്ക് നയിക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടുകഴിഞ്ഞു.

മഹീന്ദ്ര അതിന്റെ ഥാര്‍, XUV700, ബോലെറോ എന്നിവയ്ക്കായി 1.40 ലക്ഷം യൂണിറ്റുകളുടെ ബുക്കിംഗില്‍ ഇരിക്കുമ്പോഴും, പുതുതായി പുറത്തിറക്കിയ സ്‌കോര്‍പിയോ N ഒരു മിനിറ്റിനുള്ളില്‍ 25,000-ത്തിലധികം ബുക്കിംഗുകളും 30 മിനിറ്റിനുള്ളില്‍ 1,00,000-ത്തിലധികം ബുക്കിംഗുകളും നേടി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെ കമ്പനിയുടെ മൊത്തം എസ്‌യുവി ഓര്‍ഡറുകള്‍ 2.40 ലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു.

മഹീന്ദ്ര ഥാര്‍ പ്രതിമാസം 5,000 യൂണിറ്റുകള്‍ എന്ന നിരക്കില്‍ ബുക്കിംഗുകള്‍ കൊണ്ടുവരുന്നു, അതേസമയം XUV700-ന് ഓരോ മാസവും 10,000 ബുക്കിംഗ് ഉണ്ട്. XUV300-ന് മൊത്തം 13,000 ഓപ്പണ്‍ ബുക്കിംഗുകളും ഉണ്ട്, ഓരോ മാസവും ഏകദേശം 6,200 പുതിയ ബുക്കിംഗുകള്‍ ചേര്‍ക്കുകയും ചെയ്യുന്നു.

ഇത് XUV700-ന് 24 മാസത്തെ കാത്തിരിപ്പ് കാലയളവിലേക്ക് നയിച്ചു, എന്നിരുന്നാലും, റദ്ദാക്കലുകള്‍ വെറും 10 ശതമാനം മാത്രമാണ്. മഹീന്ദ്ര ഥാറിന് 7-8 മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്.

ഇപ്പോഴിതാ സ്‌കോര്‍പിയോ N-ന്റെ ഡെലിവറി തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. Z8L വേരിയന്റിന് മുന്‍ഗണന നല്‍കിക്കൊണ്ട് 2022 സെപ്റ്റംബര്‍ 26 മുതല്‍ മാത്രമേ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ ഡെലിവറി ആരംഭിക്കൂ. ആദ്യത്തെ 25,000 ബുക്കിംഗുകളുടെ ശരാശരി കാത്തിരിപ്പ് കാലയളവ് 4 മാസം മാത്രമായിരിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസമാണ് സെപ്തംബര്‍ 26. ആദ്യ 10 ദിവസത്തിനുള്ളില്‍ 7,000 യൂണിറ്റ് പുതിയ സ്‌കോര്‍പിയോ N എത്തിക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തി. അതായത്, ദസറയോടെ ഇന്ത്യന്‍ നിരത്തുകളില്‍ 7,000-ത്തിലധികം പുതിയ സ്‌കോര്‍പിയോ N നിരത്തിലെത്തുമെന്ന് വേണം പറയാന്‍.

ഡെലിവറി ടൈംലൈന്‍ വൈകാതെ തന്നെ CRM ചാനലുകള്‍ വഴി ആദ്യത്തെ 25,000 ബുക്കിംഗുകള്‍ക്ക് അറിയിക്കും, അതേസമയം ആദ്യത്തെ 25,000 ബുക്കിംഗുകള്‍ക്കപ്പുറമുള്ള ഉപഭോക്താക്കളെ അടുത്ത 10 ദിവസത്തിനുള്ളില്‍ അവരുടെ ഡെലിവറി കാലയളവ് അറിയിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നവരാത്രിയുടെ ശുഭവേളയില്‍ ഓള്‍-ന്യൂ സ്‌കോര്‍പിയോ N ഡെലിവറി ആരംഭിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് M&M ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

വാഹനങ്ങള്‍ പൂര്‍ണ്ണ ശക്തിയോടെ പുറത്തിറക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, സ്‌കോര്‍പിയോ N-ലെ നിക്ഷേപത്തിന്റെ ഭാഗമായ തങ്ങളുടെ ഉയര്‍ന്ന ഓട്ടോമേറ്റഡ് നിര്‍മ്മാണ ലൈന്‍ ഡെലിവറികള്‍ വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പുറത്തിറക്കിയ സ്‌കോര്‍പിയോ N ഒരു ലക്ഷം ബുക്കിംഗുകള്‍ നേടുന്ന അതിവേഗ എസ്‌യുവിയായി മാറിയിരുന്നു. ഈ പ്രശസ്തി കൈവരിക്കാന്‍ വാഹന നിര്‍മാതാവിന് വെറും 30 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്.

സമകാലിക സ്‌റ്റൈലിംഗ്, ഒന്നിലധികം എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍, ഏറ്റവും പുതിയ ഫീച്ചറുകള്‍, കണക്റ്റിവിറ്റി ടെക് എന്നിവയുടെ ഒരു ഹോസ്റ്റ്, സ്‌കോര്‍പിയോ ക്ലാസിക് എന്ന് പുനര്‍നാമകരണം ചെയ്ത നിലവിലെ തലമുറ സ്‌കോര്‍പിയോയ്‌ക്കൊപ്പം സ്‌കോര്‍പിയോ N വില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എഞ്ചിന് സവിശേഷതകളിലേക്ക് വന്നാല്‍, 200 bhp പവറും 380 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന TGDi mStallion പെട്രോള്‍ എഞ്ചിനൊപ്പം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വഴിയാണ് ഇതിന് കരുത്ത് ലഭിക്കുന്നത്.

mHawk ഡീസല്‍ എഞ്ചിന് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി (4X4) ഘടിപ്പിച്ചിരിക്കുന്നു. ഫ്‌ലൈ 4 വീല്‍ ഡ്രൈവ് സിസ്റ്റത്തില്‍ ഒരു പുതിയ ഇലക്ട്രിക് ഷിഫ്റ്റ് ഉപയോഗിച്ച്, സ്‌കോര്‍പിയോ N-ന് 2WD-ല്‍ നിന്ന് 4WD-ലേക്ക് പരിവര്‍ത്തനം ചെയ്യാനാകും.

സിപ്പ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകള്‍ ഓരോന്നും വ്യത്യസ്ത ട്രാഫിക്കിനും റോഡ് അവസ്ഥയ്ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നും മഹീന്ദ്ര പറയുന്നത്. പൂനെയിലെ ചക്കനിലുള്ള കമ്പനി പ്ലാന്റിലാണ് പുതിയ സ്‌കോര്‍പിയോ N നിര്‍മ്മിക്കുന്നത്. വിപണിയില്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവരുമായിട്ടാണ് മത്സരിക്കുന്നത്.


Click it and Unblock the Notifications








