വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും Mahindra-യുടെ നെടുംതൂണായി Bolero; വില്‍പ്പന കണക്കുകള്‍ ഞെട്ടിക്കുന്നത്
ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്ര നിരയിലെ ഏറ്റവും ജനപ്രിയമായ പാസഞ്ചര്‍ വാഹനങ്ങളില്‍ ഒന്നാണ് ബൊലേറോ. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും വാഹനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് വേണം പറയാന്‍.

കഴിഞ്ഞ മാസം, അതായത്, 2022 ഫെബ്രുവരിയില്‍, ഇന്ത്യന്‍ വിപണിയില്‍ മൊത്തം 11,045 യൂണിറ്റ് ബൊലേറോ വിറ്റഴിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഇത് ബ്രാന്‍ഡിന്റെ ശ്രേണിയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഫെബ്രുവരിയില്‍, മഹീന്ദ്ര ബൊലേറോയുടെ 4,843 യൂണിറ്റുകളാണ് കമ്പനി വിറ്റത്. വാര്‍ഷിക വില്‍പ്പനയുടെ (YoY) അടിസ്ഥാനത്തില്‍ 128.06 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. 2022 ജനുവരിയില്‍, ബ്രാന്‍ഡ് ബൊലേറോയുടെ 3,506 യൂണിറ്റുകള്‍ വിറ്റഴിച്ചു, അങ്ങനെ 2022 ഫെബ്രുവരിയില്‍ 215.03 ശതമാനത്തിന്റെ ഭീമാകാരമായ പ്രതിമാസ (MoM) വില്‍പ്പന വളര്‍ച്ചയും മോഡലില്‍ ബ്രാന്‍ഡ് രേഖപ്പെടുത്തി.

മഹീന്ദ്ര ബൊലേറോയുടെ വില്‍പ്പന കണക്കുകളില്‍ ബൊലേറോയുടെയും ബൊലേറോ നിയോയുടെയും കണക്കുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തേത് അടിസ്ഥാനപരമായി TUV300-ന്റെ റീബ്രാന്‍ഡ് ചെയ്തതും ഫെയ്‌സ്‌ലിഫ്റ്റ് ചെയ്തതുമായ പതിപ്പാണ്.

1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 100 bhp കരുത്തും 260 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റാണ് മഹീന്ദ്ര ബൊലേറോയ്ക്ക് കരുത്തേകുന്നത്. എന്നാല്‍ ബൊലേറോ നിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ഔട്ട്പുട്ട് കണക്കുകളാണ് ഇതില്‍ ഉള്ളതെന്ന് കാണാന്‍ സാധിക്കും.

ഈ യൂണിറ്റ് 76 bhp കരുത്തും 210 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഗിയര്‍ബോക്‌സ് ഓപ്ഷന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു, അത് പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. ബൊലേറോയും ബൊലേറോ നിയോയും 4 മീറ്ററില്‍ താഴെ നീളമുള്ള 7 സീറ്റര്‍ വാഹനങ്ങളാണ്.

ഇന്ത്യന്‍ വിപണിയില്‍ 8.99 ലക്ഷം മുതലാണ് മഹിന്ദ ബൊലേറോയുടെ വില ആരംഭിക്കുന്നത്. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 9.99 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. വിപണിയില്‍ മാരുതി എര്‍ട്ടിഗ, കിയ കാരെന്‍സ് എന്നിവയ്‌ക്കെതിരയാണ് ഇത് പ്രധാനമായും മത്സരിക്കുന്നത്.

ബൊലേറോ നിയോയുടെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍, 8.99 ലക്ഷം രൂപ മുതലാണ് ഈ മോഡലിന് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റിനായി 11.33 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ മറ്റെല്ലാ സബ്-4 മീറ്റര്‍ എസ്‌യുവികള്‍ക്കും എതിരെയാണ് ഇത് മത്സരിക്കുന്നത്.

കാലങ്ങളായി വിപണിയില്‍ ഉള്ളതുകൊണ്ട് തന്നെ വാഹനത്തിന് ഒരു നവീകരണം നല്‍കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. പുതിയ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളും റീസ്‌റ്റൈല്‍ ചെയ്ത ഫ്രണ്ട് ഫാസിയയും ഉള്‍പ്പെടെ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൊലേറോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ പുറത്തിറക്കാന്‍ മഹീന്ദ്ര പദ്ധതിയിടുകയും ചെയ്യുന്നു.

അതേസമയം 2022 ഫെബ്രുവരിയിലെ ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള വില്‍പ്പന പരിശോധിച്ചാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 15,380 യൂണിറ്റുകളില്‍ നിന്ന് 27,563 യൂണിറ്റുകളുടെ മൊത്തം വില്‍പ്പനയാണ് മഹീന്ദ്ര രേഖപ്പെടുത്തിയിരിക്കുന്നത്. 79.2 ശതമാനം വര്‍ധനവും വില്‍പ്പനയില്‍ ഉണ്ടായി. 19,860 യൂണിറ്റുകളുള്ള 2022 ജനുവരിയിലെ മുന്‍ മാസത്തെ അപേക്ഷിച്ച്, 38.8 ശതമാനം വില്‍പ്പന കുതിച്ചുചാട്ടം രേഖപ്പെടുത്തി.

ആഭ്യന്തര നിര്‍മാതാവ് കഴിഞ്ഞ മാസം 9.1 ശതമാനം വിപണി വിഹിതമാണ് നേടിയത്. 2021 ഫെബ്രുവരിയിലെ 5 ശതമാനത്തില്‍ നിന്ന് വര്‍ഷം തോറും 4.1 ശതമാനം നേട്ടത്തോടെയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില്‍പ്പന നിരയില്‍ ബൊലേറോ ഒന്നാമത് നില്‍ക്കുമ്പോള്‍, ഥാറാണ് രണ്ടാമത് ഉള്ളത്.

രണ്ടാം തലമുറ ഥാര്‍, 2020 അവസാനത്തോടെ അരങ്ങേറ്റം കുറിച്ചത് മുതല്‍ വിപണിയില്‍ ഹിറ്റാണ്, കൂടാതെ 2021 ഫെബ്രുവരിയിലെ 2,842 യൂണിറ്റുകളില്‍ നിന്ന് 2022 ഫെബ്രുവരി മാസത്തില്‍ 5,072 യൂണിറ്റുകളായി വില്‍പ്പന ഉയര്‍ന്നു. 78 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

XUV300 കോംപാക്ട് എസ്‌യുവി കഴിഞ്ഞ മാസം മൊത്തം 4,511 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി, 2021 ലെ ഇതേ കാലയളവിലെ 3,174 യൂണിറ്റുകളില്‍ നിന്ന് 42 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. XUV300-യുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 130 bhp പവര്‍ ഉത്പാദിപ്പിക്കുന്ന കൂടുതല്‍ ശക്തമായ പെട്രോള്‍ എഞ്ചിനിനൊപ്പം അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെ അടുത്ത വര്‍ഷം ആദ്യം വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര XUV700 4,138 യൂണിറ്റുകളുമായി നാലാം സ്ഥാനത്താണ്. 2021 ഫെബ്രുവരിയിലെ വില്‍പ്പനയില്‍ 26 ശതമാനം ഇടിവോടെ 3,532 യൂണിറ്റുകളില്‍ നിന്ന് 2,610 യൂണിറ്റുകളുമായി സ്‌കോര്‍പിയോ അഞ്ചാം സ്ഥാനത്ത് തുടരുന്നു. രണ്ടാം തലമുറ സ്‌കോര്‍പിയോ ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

23 ശതമാനം വളര്‍ച്ചയോടെ 120 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 147 യൂണിറ്റുകളുമായി മറാസോ പട്ടികയില്‍ ആറാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇ-വെരിറ്റോയും KUV-യും യഥാക്രമം 12, 1 യൂണിറ്റുകള്‍ വിപണിയില്‍ വിറ്റപ്പോള്‍ ആള്‍ട്യുറാസ് G4-യുടെ 27 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചത്.


Click it and Unblock the Notifications








