Bolero കൂടുതല്‍ സുരക്ഷിത വാഹനമാക്കി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്, ബൊലേറോയെ കൂടുതല്‍ സുരക്ഷിത വാഹനമാക്കി മാറ്റി മഹീന്ദ്ര. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നീ സുരക്ഷ ഫീച്ചറുകളാണ് വാഹനത്തില്‍ കമ്പനി ഒരുക്കുന്നത്.

സുരക്ഷ നിയമമനുസരിച്ച്, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കാറുകള്‍ക്കും 2022 ജനുവരി 1 മുതല്‍ ഒരു ഡ്രൈവര്‍, കോ-പാസഞ്ചര്‍ എയര്‍ബാഗും ഉണ്ടായിരിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് മഹീന്ദ്രയും ഇപ്പോള്‍ ബൊലേറോ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

എസ്‌യുവിയിലെ ഈ സൈലന്റ് അപ്ഡേറ്റ് അതിലെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഒരു ക്യാബിന്‍ പ്രദാനം ചെയ്യുകയും ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതോ നാവിഗേറ്റുചെയ്യുന്നതോ എളുപ്പമാക്കുകയും ചെയ്യുന്നു.

സുരക്ഷാ ഫീച്ചറുകളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുന്നു:
- ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS)
- ഡ്രൈവര്‍, കോ-ഡ്രൈവര്‍ എയര്‍ബാഗ്
- റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍
- സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍
- കോ-ഡ്രൈവര്‍ ഒക്യുപന്റ് ഡിറ്റക്ഷന്‍ സിസ്റ്റം

ഈ സുരക്ഷാ ഫീച്ചറുകളെല്ലാം ഇപ്പോള്‍ മഹീന്ദ്ര ബൊലേറോയുടെ എല്ലാ വേരിയന്റുകളിലും ചേര്‍ത്തിട്ടുണ്ട്. എസ്‌യുവി മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്: B4, B6, B6 (O). ഇതില്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് ഇപ്പോള്‍ 8.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

നേരത്തെ സൂചിപ്പിച്ചതുപോലെ, 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നിര്‍ബന്ധിത സുരക്ഷാ നിയമങ്ങളുടെ ഭാഗമാണ് പുതിയ അപ്ഡേറ്റുകള്‍. അപകട സമയത്ത് പരിക്കുകള്‍ കുറയ്ക്കുന്നതിനാണ് പാസഞ്ചര്‍ വാഹനങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഈ പുതിയ നിയമം നിര്‍ബന്ധമാക്കിയത്.

പുതിയ സുരക്ഷ ഫീച്ചറുകള്‍ കൂടാതെ, ഡിസൈന്‍, ഇന്റീരിയര്‍, മെക്കാനിക്കല്‍ എന്നിവയുടെ കാര്യത്തില്‍ ബൊലേറോ അതേപടി തുടരുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ ബ്രാന്‍ഡിന്റെ mHawk75 1.5-ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 3,600 rpm-ല്‍ 74.96 bhp കരുത്തും 1,600 rpm-നും 2,200 rpm-നും ഇടയില്‍ 210 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഡീസല്‍ എഞ്ചിന്‍ മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നു, അത് മെച്ചപ്പെടുത്തിയ ഇന്ധനക്ഷമതയ്ക്കായി ഓട്ടോ-സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സവിശേഷത പ്രാപ്തമാക്കുന്നു.

ഏഴ് സീറ്റുകള്‍, എയര്‍ കണ്ടീഷനിംഗ്, സെന്‍ട്രല്‍ ലോക്കിംഗ്, കീലെസ് എന്‍ട്രി, അടിസ്ഥാന ഓഡിയോ സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബൊലേറോയുടെ സവിശേഷതകള്‍. ക്ലസ്റ്ററിലെ MID ഡിസ്പ്ലേ പരമാവധി ദൂരം, ശരാശരി ഇന്ധനക്ഷമത, ഗിയര്‍ പൊസിഷന്‍ എന്നിവയും അതിലേറെയും പോലുള്ള വിവിധ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

മഹീന്ദ്ര ബൊലേറോ വര്‍ഷങ്ങളായി ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുകയാണ്. എന്നിരുന്നാലും, ബ്രാന്‍ഡ് പുതിയ ഥാര്‍, XUV700 പോലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിച്ചതിനാല്‍, കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകളില്‍ എസ്‌യുവി ഒരു പടി പിന്നോട്ട് പോയിയെന്ന് വേണം പറയാന്‍.

2022 ജനുവരിയില്‍ കമ്പനി മോഡലിന്റെ 3,506 യൂണിറ്റാണ് നിരത്തില്‍ എത്തിച്ചത്. എന്നാല്‍ 2021-ലെ ഇതേ കാലയളവില്‍ 7,567 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. ഇത് 50 ശതമാനത്തോളം വാര്‍ഷിക ഇടിവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്.

അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ബൊലേറോ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റുകളും ഫീച്ചര്‍ അപ്ഡേറ്റുകളും കമ്പനി മുന്നോട്ട് കൊണ്ടുപോകും. എന്നിരുന്നാലും, കമ്പനി പ്രഖ്യാപിച്ച പ്ലാന്‍ അനുസരിച്ച് അടുത്ത തലമുറ എസ്‌യുവി 2025 ഓടെ മാത്രമേ പുറത്തിറങ്ങുകയുള്ളൂ.

അതേസമയം ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ 2022 ജനുവരിയിലെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, കഴിഞ്ഞ മാസം, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, കയറ്റുമതി എന്നിവയില്‍ നിന്നുള്ള കമ്പനിയുടെ മൊത്തം വില്‍പ്പന 46,804 യൂണിറ്റായിരുന്നു.

2021-ല്‍ ഇതേ മാസത്തില്‍ വിറ്റ 39,149 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, കമ്പനിക്ക് വര്‍ഷാവര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്ന് വേണം പറയാന്‍. 2021 ഡിസംബറില്‍ വിറ്റ 39,157 വാഹനങ്ങളെ അപേക്ഷിച്ച് സമാനമായ 20 ശതമാനം പ്രതിമാസ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. കമ്പനി ട്രാക്ടര്‍, കാര്‍ഷിക ഉപകരണ മേഖലയില്‍ നിന്നുള്ള വില്‍പ്പന ഇതില്‍ ഉള്‍പ്പെടുന്നില്ല.

'2022 ജനുവരിയില്‍ മൊത്തത്തിലുള്ള 20 ശതമാനം വളര്‍ച്ചയോടെ തങ്ങള്‍ തങ്ങളുടെ വളര്‍ച്ചാ പാത തുടര്‍ന്നുവെന്നാണ് കമ്പനിയുടെ വില്‍പ്പന പ്രകടനത്തെക്കുറിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വീജയ് നക്ര പറഞ്ഞത്.

തങ്ങളുടെ വാണിജ്യ വാഹനങ്ങള്‍ എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച രേഖപ്പെടുത്തി. മൊത്തത്തില്‍ 58 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 'വിവിധ ആഗോള വിതരണ ശൃംഖല വെല്ലുവിളികള്‍ക്കിടയിലും, ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധത തങ്ങള്‍ നിറവേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








