ടോപ്പ് ഫൈവിൽ മാരുതി തന്നെ; 2022 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ അഞ്ച് മോഡലുകൾ
രാജ്യത്തെ മൊത്തത്തിലുള്ള വാഹന വിൽപ്പനയ്ക്ക് ശക്തമായ സംഭാവന നൽകുന്ന ഒന്നാണ് ഹാച്ച്ബാക്ക് സെഗ്‌മെന്റ്. സെമി കണ്ടക്ടറുകളുടെ വിതരണത്തിലെ കുറവ് വാഹന വ്യവസായത്തെ സാരമായി ബാധിച്ചു, പരിമിതികൾ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ മാസം വിൽപ്പനയിൽ നേരിയ 1.9 ശതമാനം ഇടിവ് മാത്രമാണ് ഉണ്ടായത്.

രാജ്യത്തെ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് മോഡലുകളും മാരുതി സുസുക്കിയിൽ നിന്നുള്ളതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവ ഏതെല്ലാം എന്ന് നമുക്ക് വിശദ്ധമായി നോക്കാം.

മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കി സ്വിഫ്റ്റ് വാഗൺ ആറിനെ പിന്തള്ളി 2022 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് ആയി ഉയർന്നു. 2021 ഫെബ്രുവരിയിൽ വിറ്റ 20,264 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 19,202 യൂണിറ്റ് സ്വിഫ്റ്റ് ഹാച്ചാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.

ഇതുവഴി അഞ്ച് ശതമാനം ഇടിവും കമ്പനി രേഖപ്പെടുത്തി. ക്യുമുലേറ്റീവ് വിൽപ്പനയുടെ കാര്യത്തിൽ, സ്വിഫ്റ്റ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി വീണ്ടും ഉയർന്നുവന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

മാരുതി സുസുക്കി വാഗൺ ആർ
2022 ഫെബ്രുവരിയിലെ 18,728 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ മാരുതി സുസുക്കിക്ക് വാഗൺ ആർ ടോൾ ബോയ് ഹാച്ചിന്റെ വിൽപ്പനയിൽ 22 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ മാസം 14,669 യൂണിറ്റ് വിൽപ്പനയാണ് വാഹനം നെടിയത്.

കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകളുടെ ഒരു പുതിയ സെറ്റുമായി കമ്പനി അടുത്തിടെ 2022 വാഗൺ ആർ രാജ്യത്ത് അവതരിപ്പിച്ചു. പുതിയ മോഡൽ ഈ മാസം വാഗൺ ആറിന്റെ വിൽപ്പന വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു. പുതുക്കിയ വാഗൺ ആറിനെ വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം പിടിച്ചടക്കുമോ എന്ന് കണ്ടറിയാം.

മാരുതി സുസുക്കി ബലേനോ
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക്, ബലേനോ 37 ശതമാനം ഇടിവുണ്ടായിട്ടും ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലായി സ്ഥാനം പിടിച്ചു. 2021 -ൽ ഇതേ കാലയളവിൽ വിറ്റ 20,070 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഫെബ്രുവരിയിൽ 12,570 യൂണിറ്റാണ് ബലെനോ വിറ്റഴിച്ചത്.

പുതിയ ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് ഫീച്ചറുകളോടെ കമ്പനി അടുത്തിടെ രാജ്യത്ത് 2022 ബലേനോ പുറത്തിറക്കി. ന്യൂ ഏജ് ബലേനോ എന്ന് മാരുതി വിളിക്കുന്ന പ്രീമിയം ഹാച്ചിന്റെ ഈ പരിഷ്കരിച്ച പതിപ്പ് വാഹനത്തിന്റെ വിൽപ്പന മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

മാരുതി സുസുക്കി ആൾട്ടോ
മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ രാജ്യത്തെ ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ കാർ വിൽപ്പനയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ്. 2021 ഫെബ്രുവരിയിലെ 16,919 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ഫെബ്രുവരിയിൽ 11,551 യൂണിറ്റ് വിൽപ്പനയോടെ ആൾട്ടോയുടെ വിൽപ്പന 32 ശതമാനം കുറഞ്ഞു.

പിൽകാലത്തെ നിലയെ അപേക്ഷിച്ച് ഇപ്പോൾ അല്പം മോശം സാഹചര്യമാണെങ്കിലും ചെറു ഹാച്ചിന് മാരുതി ഒരു അപ്പ്ഡേറ്റ് നൽകാൻ പദ്ധതി ഇടുന്നുണ്ട്, ഇത് വിപണിയിൽ എത്തിയാൽ കാര്യങ്ങൾ മെച്ചപ്പെട്ടേക്കാം. കൂടാതെ ആഗോള വിൽപ്പനയുടെ കാര്യത്തിൽ ഓൾട്ടോ ഏഴ് റാങ്ക് കരസ്ഥമാക്കുന്നു.

മാരുതി സുസുക്കി സെലേറിയോ
ഇതാണ് വിൽപ്പന പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംനേടുന്ന മറ്റൊരു മാരുതി സുസുക്കി മോഡൽ. 2021 നവംബറിൽ, മാരുതി സുസുക്കി പുതിയ സെലേറിയോയെ രാജ്യത്ത് അവതരിപ്പിച്ചു. ഈ വർഷം ജനുവരിയിൽ വാഹനത്തിന് സിഎൻജി ഓപ്ഷൻ ലഭിച്ചു.

ഇത് കഴിഞ്ഞ മാസം മോഡലിന്റെ വിൽപ്പന കൂടുതൽ വർധിപ്പിച്ചു. ഇന്ത്യൻ വാഹന നിർമ്മാതാക്കൾ 2022 ഫെബ്രുവരിയിൽ സെലേറിയോയുടെ 9,896 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,214 യൂണിറ്റ് വിൽപ്പനയുണ്ടായിരുന്നു, അതുവഴി 59 ശതമാനം വളർച്ചയാണ് ചെറു ഹാച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവയെ കൂടാതെ ടാറ്റ പഞ്ച്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, മാരുതി സുസുക്കി എസ്-പ്രെസ്സോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നിവ 2022 ഫെബ്രുവരി വിൽപ്പനയിൽ ആദ്യ 10 -ൽ സ്ഥാനം പിടിക്കുന്നു. ഇതിലും ആധിപത്യം പുലർത്തുന്നത് മാരുതി മോഡലുകൾ തന്നെയാണ് എന്നതും ശ്രദ്ധിക്കണം.


Click it and Unblock the Notifications