Maruti-യെ വെല്ലാന്‍ ആരുണ്ട്? രാജ്യത്ത് 3500 വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്ന ആദ്യ കമ്പനി
രാജ്യത്ത് 3,500 പുതിയ കാര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്ന ആദ്യ കമ്പനിയെന്ന നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. നിലവില്‍ 2,250 നഗരങ്ങളില്‍ മാരുതി സുസുക്കിക്ക് സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ ഇത്രയും വിപുലമായ ഷോറൂം ശൃംഖലയുള്ള ഏക കാര്‍ കമ്പനിയാണ് മാരുതി.
കമ്പനിയുടെ 3,500-ാമത്തെ വില്‍പ്പന ഔട്ട്ലെറ്റായ ഹൈദരാബാദിലെ ഏറ്റവും പുതിയ നെക്സ ഷോറൂം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി 237 വില്‍പ്പന കേന്ദ്രങ്ങളാണ് തുറന്നത്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 170 ഔട്ട്ലെറ്റുകള്‍ കൂടി കുട്ടിചേര്‍ത്ത് മാരുതി തങ്ങളുടെ വില്‍പ്പന ശൃംഖല വിപുലീകരണം തുടരുകയാണ്.

സുസുക്കിയുടെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ 40ാം വര്‍ഷികത്തിലാണ് ഈ നാഴികക്കല്ല് പിന്നിടുന്നത്. വിവിധ സെഗ്‌മെന്റിലായുള്ള ഡിമന്‍ഡ് പരിഹരിക്കാന്‍ കമ്പനിയുടെ മള്‍ട്ടി-ചാനല്‍ സെയില്‍സ് നെറ്റ്വര്‍ക്ക് സഹായിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.
രാജ്യത്ത് ഏകദേശം 3 ശതമാനം ആളുകള്‍ക്ക് വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇത് വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നു. കൂടാതെ ഫോര്‍ വീലര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൊബിലിറ്റി വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ വില്‍പ്പന ശൃംഖലയുടെ വിപുലീകരണം ഈ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ഘട്ടമാണെന്ന് ഹിസാഷി പറഞ്ഞു.

3,500 വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏക കാര്‍ നിര്‍മ്മാതാക്കളുമായി മാരുതി സുസുക്കി മാറി. മാരുതി സുസുക്കി അരീന, നെക്‌സ, കൊമേഴ്‌സ്യല്‍ എന്നീ മൂന്ന് ഫോര്‍മാറ്റുകളിലൂടെയാണ് മാരുതി സുസുക്കി പുതിയ വാഹനങ്ങള്‍ വില്‍ക്കുന്നത്. ഇതോടൊപ്പം കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച പര്‍ച്ചേസിംഗ് എക്‌സ്പീരിയന്‍സ് അനുഭവിച്ചറിയാനും അവസരമുണ്ട്.
ഈ വര്‍ഷം ഒക്ടോബറില്‍ മാരുതി സുസുക്കി മൊത്തം 1,56,067 യൂണിറ്റ് വാഹനങ്ങളാണ് നിര്‍മിച്ചത്. പാസഞ്ചര്‍ വാഹനങ്ങളും ലഘു വാണിജ്യ വാഹനങ്ങളും അതില്‍ ഉള്‍പ്പെടുന്നു. മാരുതി അടുത്തിടെ ബലേനോയുടെയും XL6-ന്റെയും CNG പതിപ്പ് പുറത്തിറക്കിയിരുന്നു. രണ്ട് നെക്‌സ മോഡലുകള്‍ക്കും
യഥാക്രമം 12.24 ലക്ഷം രൂപയും 8.28 ലക്ഷം രൂപയുമാണ് പ്രാരംഭ വില.
മാരുതി സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി അടുത്തിടെ പുറത്തിറക്കിയ ഗ്രാന്‍ഡ് വിറ്റാര ഹിറ്റായി മാറിയിരുന്നു. ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും എത്തിയതോടെ ഹൈബ്രിഡ് വാഹനങ്ങളുടെ ജനപ്രീതി ഉയര്‍ന്നു. ഇപ്പോള്‍ മാരുതി ബജറ്റ് കാറുകളില്‍ ടെക്‌നോളജി കൊണ്ടുവരുന്ന സന്തോഷത്തിലാണ് വാഹന പ്രേമികള്‍.
മാരുതിയുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിലേക്കും ഡിസയറിലേക്കുമാണ് ഇനി ഹൈബ്രിഡ് ടെക് അവതരിപ്പിക്കാന്‍ പോവുന്നത്. 2024-ന്റെ ആദ്യ പാദത്തില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന വളരെ ജനപ്രിയമായ ഹാച്ച്ബാക്കിന്റെയും കോംപാക്ട് സെഡാന്റെയും അടുത്ത തലമുറ പതിപ്പുകള്‍ക്ക് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളാക്കാന്‍ കഴിയുന്ന ഒരു പുതിയ സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനം ലഭിക്കും.
2024 മാരുതി ഡിസയര്‍, സ്വിഫ്റ്റ് എന്നിവ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ആദ്യത്തെ ബജറ്റ് വാഹനങ്ങളായിരിക്കും. പുതുതലമുറ സുസുക്കി സ്വിഫ്റ്റ് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണിപ്പോള്‍.
ടൊയോട്ടയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത പുതിയ 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതില്‍ നല്‍കാന്‍ സാധ്യത.
ഇത് ഏകദേശം 35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നതാണ് വലിയ പ്രത്യേകത. മാനുവല്‍, എഎംടി ഗിയര്‍ബോക്സോടുകൂടിയ നിലവിലെ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 23.76 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications