4 പുതിയ കളര്‍ ഓപ്ഷനും നിരവധി മാറ്റങ്ങളും; 2022 Baleno-യുടെ പുതിയ ടീസര്‍ ചിത്രവുമായി Maruti
നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ, ഉടന്‍ തന്നെ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. നിരവധി അപ്ഡേറ്റുകളും, നവീകരണങ്ങളുമായിട്ടാകും ഇത്തവണ വാഹനം വിപണിയില്‍ എത്തുക.

പുതിയ ബലേനോയുടെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിച്ചിട്ടുണ്ട്, ഫെബ്രുവരി 10-ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം, ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് എന്നിവയ്ക്ക് എതിരാളിയായി തുടരുകയും ചെയ്യും. വരാനിരിക്കുന്ന വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രം ഇപ്പോള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം തന്നെ വാഹനത്തിന്റെ ഏതാനും വിവരങ്ങളും ഓണ്‍ലൈനില്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. വിപണിയില്‍ എത്തിയിട്ട് നാളുകളായെങ്കിലും കാര്യമായ അപ്‌ഡേറ്റുകള്‍ ഒന്നും ഇല്ലാതെയായിരുന്നു ഇതുവരെ വാഹനത്തിന്റെ ശ്രേണിയിലെ ഓട്ടം.

എന്നാല്‍ ശ്രേണിയില്‍ എതിരാളികള്‍ എല്ലാവരും മുഖംമിനിക്കുകയും, നവീകരണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് മാരുതിയും മാറി ചിന്തിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എക്‌സ്റ്റീരിയറിലു, ഇന്റീരിയറിലും നിരവധി മാറ്റങ്ങളോടെയാകും വാഹനം എത്തുകയെന്ന് വേണം പറയാന്‍.

ബലേനോയുടെ എക്സ്റ്റീരിയറുകളില്‍ മാരുതി ചില പ്രധാന പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡിആര്‍എല്ലുകള്‍, ഫ്രണ്ട് ബമ്പര്‍, ഫോഗ് ലാമ്പ് ഹൗസിംഗ്, എയര്‍ ഡാമുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടെ മുന്‍വശത്തെ ഭൂരിഭാഗവും നവീകരിച്ചിട്ടുണ്ട്.

സൈഡ് പ്രൊഫൈല്‍ മിക്കവാറും സമാനമാണ്. പിന്‍ഭാഗത്ത്, പുതിയ ബലേനോയില്‍ പുതുക്കിയ ടെയില്‍ഗേറ്റ് ഡിസൈന്‍, പുതുക്കിയ ബമ്പര്‍, എല്‍ഇഡി ഹൈലൈറ്റുകളുള്ള പുതിയ L ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ എന്നിവയുണ്ട്.

മൊത്തത്തില്‍, ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപ്ഡേറ്റ് ചെയ്ത ബലേനോ വളരെ സ്പോര്‍ട്ടിയറാണ്. നാല് പുതിയ നിറങ്ങളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, ഒപുലന്റ് റെഡ്, സെലസ്റ്റിയല്‍ ബ്ലൂ എന്നിവയാണ് പുതിയ കളര്‍ ഓപ്ഷനുകള്‍.

എക്സ്റ്റീരിയര്‍ പോലെ തന്നെ ഇന്റീരിയറും നവീകരണത്തിന് വിധേയമായിട്ടുണ്ട്. പുതിയ ബലേനോയ്ക്ക് പുതുക്കിയ ഡാഷ്ബോര്‍ഡും വലിയ, ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭിക്കും. ഡെല്‍റ്റ വേരിയന്റിന് 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുമ്പോള്‍ സീറ്റ, ആല്‍ഫ വേരിയന്റുകള്‍ക്ക് 9.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് കമ്പനി വാഗ്ദാനം ചെയ്യും.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും. മാരുതിയുടെ പ്രൊപ്രൈറ്ററി കണക്റ്റിവിറ്റി പ്ലാറ്റ്ഫോമായ സുസുക്കി കണക്ട് പുതിയ ബലേനോയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ ഒരു ഹെഡ്സ്-അപ്പ് ഡിസ്പ്ലേയാണ് (HUD), അത് ഒരു ശ്രേണിയിലുള്ള വിവരങ്ങള്‍ കാണിക്കും. എന്നിരുന്നാലും, കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ലഭ്യമാകാന്‍ സാധ്യതയില്ല.

പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എസി വെന്റുകള്‍ എന്നിവ പുതിയ ബലേനോയുടെ മറ്റ് അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു.

പുതിയ ബലേനോയുടെ വിപുലമായ അപ്ഡേറ്റുകളുടെ പട്ടിക കാണിക്കുന്നത് ഹാച്ച് ബെസ്റ്റ് സെല്ലര്‍ ആയതുകൊണ്ട് മാത്രം മാരുതി സംതൃപ്തരല്ല എന്നാണ്. നിലവില്‍, ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയും കിയയും തങ്ങളുടെ മിക്ക കാറുകള്‍ക്കും വിപുലമായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

താങ്ങാനാവുന്ന നേട്ടം നിലനിര്‍ത്തിക്കൊണ്ട്, സാധ്യമാകുന്നിടത്തെല്ലാം എതിരാളികളുടെ ഓഫറുകളുമായി പൊരുത്തപ്പെടുത്താനാണ് ഈ നവീകരണങ്ങളിലൂടെ മാരുതി ലക്ഷ്യമിടുന്നത്. കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണത്തിനൊപ്പം തന്നെ ഇത്തവണ സുരക്ഷയിലും ഒരു പങ്ക് കമ്പനി വഹിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും ്അധികം വിറ്റഴിക്കപ്പെടുന്ന വാഹനമായതുകൊണ്ട് സുരക്ഷയുടെ പേരില്‍ കമ്പനി ഒരുപാട് പഴി ഇതിനോടകം തന്നെ കേട്ടിട്ടുണ്ട്. ഇത്തവണ ഒരു പരിധിവരെ ഇതിലും ശ്രദ്ധിക്കാന്‍ കമ്പനിക്ക് ആയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ബലേനോയിലൂടെ, ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ മാരുതി ഉറപ്പാക്കും. ഇതുവരെയുള്ള ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ അനുസരിച്ച്, ബ്രെസയും എര്‍ട്ടിഗയും മാത്രമാണ് മതിയായ സുരക്ഷ വാഗ്ദാനം ചെയ്യുന്നത്. പുതിയ ബലെനോയ്ക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാകാന്‍ സാധ്യതയുണ്ട്.

ഇത് സുരക്ഷിതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കാന്‍, മാരുതി Heartect പ്ലാറ്റ്ഫോമിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പാകും ഉപയോഗിക്കുക. പുതിയ ബലേനോ അതിന്റെ ഷാസികള്‍ക്കും ബോഡി പാനലുകള്‍ക്കുമായി ശക്തമായ ഗ്രേഡ് സ്റ്റീല്‍ ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ബലേനോയ്ക്കുള്ള 4-സ്റ്റാര്‍ അല്ലെങ്കില്‍ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ഒരു നല്ല ഡീലായിരിക്കും. നിലവില്‍, പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ടാറ്റ ആള്‍ട്രോസിനാണ്.

6 എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ഉള്‍പ്പെടുത്തുന്ന മറ്റ് പുതിയ സുരക്ഷാ ഫീച്ചറുകള്‍. ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ ഇവ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഇമോബിലൈസര്‍, എബിഎസ് സഹിതം ഇബിഡി, ഡ്യുവല്‍ എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, ഹൈ സ്പീഡ് വാര്‍ണിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളോടെയാണ് നിലവിലുള്ള ബലേനോ വാഗ്ദാനം ചെയ്യുന്നത്.

അതേസമയം എഞ്ചിന്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കിലെന്ന് വേണം പറയാന്‍. പുതിയ ബലേനോയുടെ എഞ്ചിന്‍ ഓപ്ഷനുകള്‍ മുമ്പത്തേതിന് സമാനമായിരിക്കും. ഇതിനും 1.2 ലിറ്റര്‍ പെട്രോളും 12V മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പും തന്നെയാകും ലഭിക്കുക.

ആദ്യത്തേത് 82 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍, രണ്ടാമത്തേത് 89 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും നല്‍കും.

മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം, നിലവിലെ ബലേനോയുടെ CVT യൂണിറ്റിന് പകരം സ്വിഫ്റ്റിലെ പോലെയുള്ള AMT യൂണിറ്റ് മാരുതി നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. വില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമാകും ലഭ്യമാകുക. നിലവിലെ വിലയില്‍ നിന്ന് വില ഉയരും എന്ന് ഉറപ്പാണ്.


Click it and Unblock the Notifications








