അപ്പ്ഡേറ്റിനൊപ്പം കൂടുതൽ പവറും; 2022 Ertiga & XL6 മോഡലുകൾക്ക് പുതിയ കരുത്തുറ്റ എഞ്ചിനുമായി Maruti
പുതുക്കിയ XL6, എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ രാജ്യത്ത് അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. പുതുക്കിയ മോഡലുകൾ 2022 ഏപ്രിൽ 21 -നകം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കും.

2022 മാരുതി XL6 & എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് വലിയ മെക്കാനിക്കൽ അപ്‌ഡേറ്റുകൾക്കൊപ്പം കോസ്‌മെറ്റിക് ഡിസൈനും നവീകരിച്ച ക്യാബിനും ലഭിക്കും.

2022 മാരുതി XL6, എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് ത്രീ റോ യുവികൾക്കും പുതിയ 1.5 ലിറ്റർ K15 C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ലഭിക്കും. പുതിയ ഡ്യുവൽജെറ്റ് എൻജിൻ ഔട്ട്ഗോയിംഗ് K15 B എഞ്ചിന് പകരമാകും. ഭാവിയിലെ മാരുതി മോഡലുകൾക്കും പുതിയ മോട്ടോർ കരുത്തേകും.

പുതിയ 1.5 ലിറ്റർ K15 C പെട്രോൾ എഞ്ചിൻ K15 B യൂണിറ്റിനേക്കാൾ 10 bhp കൂടുതൽ, അതായത് 115 bhp പവർ ഉത്പാദിപ്പിക്കുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഫ്രണ്ട് വീലുകളിലേക്ക് കരുത്ത് പകരും. നാല് സ്പീഡ് torque കൺവെർട്ടർ യൂണിറ്റിന് പകരം, നവീകരിച്ച പെട്രോൾ എഞ്ചിൻ പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്യും.

വിറ്റാര എസ്‌യുവിയിലാണ് പുതിയ K15 C ഡ്യുവൽജെറ്റ് എഞ്ചിൻ ആദ്യമായി അവതരിപ്പിച്ചത്. എന്നിരുന്നാലും, ഈ എഞ്ചിൻ 33 bhp അധിക പവർ വാഗ്ദാനം ചെയ്യുന്ന ഒരു ഹൈബ്രിഡ് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു. എർട്ടിഗ & XL6 ഫെയ്‌സ്‌ലിഫ്റ്റുകൾക്ക്, 1.5 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിന് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കും. സംയോജിത സ്റ്റാർട്ടർ ജനറേറ്ററും ഓട്ടോ-സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റവും ഇതിലുണ്ടാകും.

2022 മാരുതി XL6 ഫെയ്‌സ്‌ലിഫ്റ്റ് പുതിയ ഫ്രണ്ട് ഗ്രില്ല്, പുതുക്കിയ ഫ്രണ്ട് ബമ്പർ & റിയർ ബമ്പർ, പുതിയ എൽഇഡി ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവയുടെ രൂപങ്ങളിൽ കുറച്ച് ഡിസൈൻ മാറ്റങ്ങളോടെ വരാൻ സാധ്യതയുണ്ട്.

ക്യാബിനിനുള്ളിൽ എംപിവിക്ക് പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി, വലിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് എസി, പുനർരൂപകൽപ്പന ചെയ്ത എയർകണ്ടീഷൻ വെന്റുകൾ എന്നിവ ലഭിക്കും. ഇതിന് 360 ഡിഗ്രി ക്യാമറയും ആറ് എയർബാഗുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. പുതിയ XL6 -ന് ഓപ്ഷണൽ ഏഴ് സീറ്റർ പതിപ്പും ലഭിക്കും.

മാരുതി സുസുക്കിയുടെ ARENA ഡീലർഷിപ്പ് ശൃംഖലയിലൂടെയാണ് പുതിയ എർട്ടിഗ വിൽക്കുന്നത്. ഇതിന് കാര്യമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കില്ല; എന്നിരുന്നാലും, MSIL ക്യാബിനിനുള്ളിൽ അപ്‌ഡേറ്റുകൾ നടത്തുമെന്ന് കരുതുന്നു. 2022 XL6 ഫേസ്‌ലിഫ്റ്റ് NEXA പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെ വിൽക്കുന്നത് തുടരും.

നിലവിൽ തങ്ങളുടെ മോഡൽ നിരയിലുടനീളം കാര്യമായ അപ്പ്ഡേറ്റുകളും പരിഷ്കരണങ്ങളും നടത്തി വരികയാണ് മാരുതി സുസുക്കി. പുതുക്കിയ സെലേറിയോ CNG മോഡൽ അവതരിപ്പിച്ചു കൊണ്ടാണ് നിർമ്മാതാക്കൾ 2022 കലണ്ടർ വർഷത്തിന് തുടക്കം കുറിച്ചത്.

അതിന് ശേഷം 2022 ന്യൂ ഏജ് ബലേനോ, വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റ്, അപ്പ്ഡേറ്റഡ് ഡിസയർ CNG എന്നിവ മാരുതി സുസുക്കി അവതരിപ്പിച്ചു. അടുത്തതായി 2022 വിറ്റാര ബ്രെസ, സ്വിഫ്റ്റ് CNG, പുത്തൻ മിഡ് സൈസ് എസ്‌യുവി, പുതിയ ഇലക്ട്രിക് കാർ എന്നിവയും മാരുതിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇത്തരത്തിൽ മോഡൽ ലൈനപ്പിന് പുതുമ നിലനിർത്തി ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനുള്ള മാരുതിയുടെ തന്ത്രം പാളിച്ചകളൊന്നുമില്ലാതെ തന്നെ പോവുന്നു. 2022 മാർച്ച് വിൽപ്പനയിലും ഇന്തോ ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ ആധിപത്യം നിലനിർത്തുന്നു.

രാജ്യത്ത് കഴിഞ്ഞ മാസം ഏറ്റവും മികച്ച വിൽപ്പ കരസ്ഥമാക്കിയ 10 കാറുകളിൽ ആറ് എണ്ണവും മാരുതി സുസുക്കിയുടേതാണ്.ബ്രാൻഡിന്റെ ജനപ്രിയ ടോൾ ബോയ് ഹാച്ച്ബാക്കാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇവ കൂടാതെ ഇന്ത്യയിൽ തങ്ങളുടെ ജിപ്സിയുടെ പകരക്കാരനായി പുതിയ ജിംനിയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.


Click it and Unblock the Notifications








