ഒദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് 2022 Ertiga -യുടെ വേരിയന്റുകളും കളർ ഓപ്ഷനുകളും പുറത്ത്
മാരുതി സുസുക്കി 2022 എർട്ടിഗ ഏപ്രിൽ 15 -ന് അവതരിപ്പിക്കും. 11,000 രൂപ ടോക്കൺ തുകയ്ക്ക് 2022 എർട്ടിഗയുടെ ബുക്കിംഗ് ഇപ്പോൾ തന്നെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ, പുതിയ എഞ്ചിനും ഗിയർബോക്സും എർട്ടിഗയിൽ അരങ്ങേറുമെന്ന് നമുക്കറിയാം. എന്നിരുന്നാലും, ഇപ്പോൾ വേരിയന്റ് ലിസ്റ്റും കളർ ഓപ്ഷനുകളും ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.

2022 എർട്ടിഗ നാല് വേരിയന്റുകളിൽ ലഭിക്കും. LXi, VXi, ZXi, ZXi+ എന്നിവ ഓഫറിൽ ഉണ്ടാകും. വാണിജ്യ ആവശ്യങ്ങൾക്കായി ടൂർ M വേരിയന്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. VXi, ZXi, ZXi+ എന്നിവയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ബ്രാൻഡ് നൽകും. CNG പവർട്രെയിൻ ഇപ്പോൾ VXi, ZXi, Tour M എന്നീ വേരിയന്റുകളിൽ ഓഫർ ചെയ്യപ്പെടും. നേരത്തെ, VXi ട്രിമ്മിൽ മാത്രമായിരുന്നു CNG വാഗ്ദാനം ചെയ്തിരുന്നത്.

ഏഴ് നിറങ്ങളിൽ പുതിയ എർട്ടിഗ ലഭ്യമാകും. പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, ഓബർൺ റെഡ്, പ്രൈം ഓക്സ്ഫോർഡ് ബ്ലൂ എന്നിവയുണ്ടാകും. 2022 -ലെ പുതിയ നിറങ്ങൾ പേൾ ഡിഗ്നിറ്റി ബ്രൗൺ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ്. സിൽക്കി സിൽവറിന് പകരം സ്‌പ്ലെൻഡിഡ് സിൽവർ എന്ന കളർ സ്കീം എത്തിയിരിക്കുന്നു.

പുതിയ 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് 2022 എർട്ടിഗയിൽ വരുന്നത്. എഞ്ചിൻ മിക്കവാറും നിലവിലെ 1.5 ലിറ്റർ എഞ്ചിന് സമാനമാണ്, എന്നാൽ നിർമ്മാതാക്കൾ ഇപ്പോൾ ഒരു സിലിണ്ടറിന് ഒരു ഇൻജക്ടറിന് പകരം രണ്ട് ഇൻജക്ടറുകൾ ഉപയോഗിക്കുന്നു. ഇത് ഫ്യുവലിംഗിന്റെ മേൽ നിയന്ത്രണം വർധിപ്പിക്കാൻ സഹായിക്കുന്നു.

മെച്ചപ്പെടുത്തലുകൾ കാരണം, പവർ ഔട്ട്പുട്ട് 10 PS വർധിക്കും. അതിനാൽ, എഞ്ചിൻ പരമാവധി 115 PS പവർ ഉത്പാദിപ്പിക്കും. താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ എഞ്ചിൻ 105 PS പവർ ഉത്പാദിപ്പിക്കുന്നു. പുതിയ എഞ്ചിന്റെ torque ഔട്ട്പുട്ട് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല, പക്ഷേ അത് 140 Nm ആയി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സ്റ്റാൻഡേർഡ് എന്ന നിലയിൽ 2022 എർട്ടിഗ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്നു. പഴയ നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് പകരമായി ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് പുതിയതിൽ വരുന്നത്. കൂടാതെ, ഗിയർബോക്‌സിന്റെ മാനുവൽ കൺട്രോൾ ഏറ്റെടുക്കുന്നതിന് സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും ഘടിപ്പിച്ചിരിക്കും.

നിലവിൽ മാരുതി സുസുക്കി ഉപയോഗിക്കുന്ന നാല് സ്പീഡ് ഓട്ടോ 2003 -ൽ ഗ്രാൻഡ് വിറ്റാര XL7 -ൽ അവതരിപ്പിച്ചതാണ്. നിലവിലെ ട്രാൻസ്മിഷനിൽ ഗിയറുകളുടെ എണ്ണം കുറവാണ്, അതോടൊപ്പം സ്പോർട്സ് മോഡും ഇല്ല.

പുതിയ ആറ് സ്പീഡ് യൂണിറ്റ് നിലവിലെ യൂണിറ്റിനേക്കാൾ വേഗത്തിൽ പ്രതികരിക്കും. കൂടുതൽ ഗിയറുകളുള്ളതിനാൽ, ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗിയർബോക്‌സ് സഹായിക്കും.

മാരുതി സുസുക്കിയും എർട്ടിഗയ്ക്ക് കൂടുതൽ ഫീച്ചറുകൾ നൽകും. നിലവിലെ ഇൻഫോടെയിൻമെന്റ് യൂണിറ്റിന്റെ അതേ വലുപ്പമുള്ള പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായാണ് ഇത് വരുന്നത്. പക്ഷേ, നമ്മൾ ബലേനോയിൽ കണ്ട ഒരു പുതിയ യൂസർ ഇന്റർഫേസ് ആയിരിക്കും ഇത് പ്രവർത്തിപ്പിക്കുക. SmartPlay Pro സിസ്റ്റം എന്നാണ് മാരുതി സുസുക്കി ഇതിനെ വിളിക്കുന്നത്.

പരിഷ്‌ക്കരിച്ച മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, പുതിയ സ്റ്റിയറിംഗ് വീൽ, പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈൻ, ട്വീക്ക് ചെയ്ത അപ്‌ഹോൾസ്റ്ററി എന്നിവയുമായി എർട്ടിഗ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടൺ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയാണ് പുതുതലമുറ എംപിവി ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകൾ.

എർട്ടിഗയ്ക്ക് തൊട്ടു പിന്നാലെ തന്നെ അപ്പ്ഡേറ്റ് ചെയ്ത XL6 പ്രീമിയം എംപിവിയും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് പുത്തൻ മോഡൽ ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 21 -ന് അപ്പ്ഡേറ്റ് ചെയ്ത XL6 മാരുതി സുസുക്കി എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായിട്ടുള്ള ബുക്കിംഗും നിർമ്മാതാക്കൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. എംപിവികളുടെ അവതരണത്തിന് ശേഷം പുതുതലമുറ ബ്രെസയും വിപണിയിൽ എത്താനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications