ഹ്യുണ്ടായി വേറെ റേഞ്ചാ... വെന്യു N ലൈൻ ലോഞ്ച് മെറ്റാവേഴ്‌സില്‍
ഇന്ന് വാഹനത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയാല്‍ മാത്രമല്ല ലോഞ്ചിങ്ങും അടിപൊളിയാക്കിയാല്‍ മാത്രമേ ആളുകള്‍ വാഹനം ശ്രദ്ധിക്കൂവെന്ന കാര്യം വാഹന നിര്‍മാതാക്കള്‍ക്ക് നന്നായി അറിയാം. അതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വെന്യു N ലൈനിന്റെ ലോഞ്ച് മെറ്റാവേഴ്‌സില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്.

വെര്‍ച്വല്‍ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് വെന്യു N ലൈന്‍ മെറ്റാവേഴ്‌സിലെ റോബ്ലോക്‌സില്‍ അവതരിപ്പിക്കുമൊണ് ഹ്യുണ്ടായി പ്രഖ്യാപിച്ചത്. 2022 സെപ്റ്റംബര്‍ ആറിനാണ് വെന്യു N ലൈനിന്റെ ലോഞ്ച്. ഹ്യൂണ്ടായി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് പ്ലേ സ്റ്റോര്‍ വഴി റോബ്ലോക്സ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
Recommended Video

വെന്യു N ലൈനിന്റെ തടസമില്ലാത്ത വെര്‍ച്വല്‍ ലോഞ്ച് അനുഭവത്തിലേക്ക് ഇത് നിങ്ങളെ നയിച്ച് കൊണ്ടുപോകും. ഈ സാങ്കേതിക-ശാക്തീകരണ സംരംഭത്തിലൂടെ ഉപഭോക്താക്കളുമായി ഇടപഴകാനും ഹ്യുണ്ടായിയുടെ ബ്രാന്‍ഡിങ് കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

ശാരീരിക ചലനങ്ങള്‍ക്ക് അതീതമായ പുതിയ 'മെറ്റാവേഴ്‌സ് ' ആശയത്തിന് തുടക്കമിടാനും കൂടി വേണ്ടിയാണ് ഈ നീക്കം. ഹ്യുണ്ടായി വെന്യു N ലൈനിന്റെ മെറ്റാവേഴ്‌സിലെ 70-ലധികം സൈറ്റുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഇടപടാന്‍ സാധിക്കും.

നീല്‍ സ്റ്റീഫന്‍സണിന്റെ 1992-ല്‍ പുറത്തിറങ്ങിയ 'സ്നോ ക്രാഷ്' എന്ന നോവലിലാണ് ആദ്യമായി 'മെറ്റാവേഴ്‌സ്' (Metaverse) എന്ന പദം ഉപയോഗിച്ചത്. യഥാര്‍ത്ഥ മനുഷ്യരുടെ അവതാരങ്ങള്‍ വസിക്കുന്ന ഒരു ത്രിമാന വെര്‍ച്വല്‍ ലോകം എന്നാണ് സ്റ്റീഫന്‍സണ്‍ മെറ്റാവേഴ്‌സിനെ വിശേഷിപ്പിച്ചത്.

ഭൗതിക സ്ഥലത്ത് ഇല്ലാത്ത ആളുകളുമായി ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതെല്ലാം സൃഷ്ടിക്കാനും പര്യവേക്ഷണം ചെയ്യാനും കഴിയുന്ന ഒരു വെര്‍ച്വല്‍ സ്‌പെയ്‌സാണിതെന്നാണ് സാമൂഹിക മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് മെറ്റവേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഒരു ലോകമാണ് ഈ ഡിജിറ്റല്‍ അനുഭവം സാധ്യമാക്കുന്നത്.

''അടുത്ത ബ്ലോക്ക്ബസ്റ്റര്‍ ഉല്‍പ്പന്നത്തിന്റെ അവതരണത്തിലേക്ക് അടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അത്യന്താധുനികമായ ഈ മോഡലിന്റെ ലോഞ്ച് മെറ്റാവേഴ്സ് റോബോക്‌സിലൂടെ അതുല്യമായി അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്നതില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരാണ്' എന്ന്' ന്യൂജെന്‍ ലോഞ്ചിനെ കുറിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സര്‍വീസ് ഡയരക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

ഭൗതിക, വെര്‍ച്വല്‍ ലോകങ്ങളുടെ ഈ സംയോജനത്തിലൂടെ ഇന്നത്തെ ന്യുജെന്‍ തലമുറയുമായി ശക്തമായ ബന്ധം സ്ഥാപിക്കാനാകുമെന്നാണ് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വിശ്വസിക്കുന്നത്. ഇന്ത്യ സോണ്‍, ടെസ്റ്റ് ഡ്രൈവ് ട്രാക്ക്, വെന്യു N ലൈന്‍ സോണ്‍, ഷോറൂം, സര്‍വീസ് സെന്റര്‍, മിനി ഗെയിം, ഫോട്ടോ ബൂത്ത്, ട്രഷര്‍ ഹണ്ട്, എന്‍ ലൈന്‍ മര്‍ച്ചന്‍ഡൈസ് എന്നിവയുള്‍പ്പെടെ വ്യത്യസ്തവും നൂതനവുമായ അനുഭവങ്ങള്‍ ലോഞ്ചില്‍ ഉണ്ടാകും.

ഈ മേഖലകളില്‍ ഓരോന്നും ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാകും സമ്മാനിക്കുക. ഉപയോക്താക്കള്‍ക്ക് ഒരു ഓവല്‍ റോഡ് ട്രാക്കില്‍ വെന്യു എന്‍ ലൈന്‍ ടെസ്റ്റ് ഡ്രൈവ് നടത്താനും ഇഷ്ടാനുസരണം കാര്‍ കസ്റ്റമൈസ് ചെയ്യാനും വില്‍ക്കാനും വാങ്ങാനും അവസരം ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് നേരിട്ട് റോബ്ലോക്‌സിലെ ഹ്യുണ്ടായ് മൊബിലിറ്റി അഡ്വഞ്ചറില്‍ എത്തിച്ചേരാം. അവിടെ നിന്ന് അവര്‍ നേരെ ലോഞ്ച് ഇവന്റ് നടക്കുന്ന സ്ഥലത്തെത്തിക്കും.

അടുത്തിടെ ഒന്ന് മുഖംമിനുക്കിയ ശേഷം കൂടുതല്‍ സ്പോര്‍ട്ടിയായ N ലൈന്‍ വേരിയന്റില്‍ ഒരുക്കി കൊണ്ടുവരികയാണ് ഹ്യുണ്ടായി. സബ്-4 മീറ്റര്‍ സ്പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഹ്യുണ്ടായി വെന്യു N ലൈന്‍ സെപ്റ്റംബര്‍ ആറിന് അവതരിപ്പിക്കുമെന്ന കമ്പനി ഔദ്യോഗികമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ നിരത്തിലിറക്കിയ ഫെയ്സ്ലിഫ്റ്റ് വെന്യുവിന്റെ പെര്‍ഫോമന്‍സ് പതിപ്പിനായി വാഹനപ്രേമികള്‍ കാത്തിരിപ്പിലായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കമ്പനി i20 N ലൈന്‍ അവതരിപ്പിച്ചത്.

N6, N8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഹ്യുണ്ടായി വെന്യു N ലൈന്‍ വിപണിയിലെത്തുക. വെന്യു N ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വലിയ മെക്കാനിക്കല്‍ പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല.

നിലവിലെ മോഡലില്‍ നിന്നും ചില കോസ്മെറ്റിക് പരിഷ്‌ക്കാരങ്ങള്‍ക്കൊപ്പം സസ്പെന്‍ഷനിലും എക്‌സ്‌ഹോസ്റ്റിലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും i20 N ലൈനില്‍ കണ്ട സമാനമായ മാറ്റങ്ങള്‍ തന്നെയാവും കോംപാക്ട് എസ്യുവിക്കും സംഭവിക്കുകയെന്നാണ് തോന്നുന്നത്.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി മാത്രമാവും ഹ്യുണ്ടായി വെന്യു N ലൈന്‍ വിപണിയിലെത്തുക. ഇത് പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കും. i20 N ലൈനില്‍ നിന്ന് വ്യത്യസ്തമായി iMT, DCT ഗിയര്‍ബോക്‌സ് ഓപ്ഷനായിരിക്കും പുതിയ ഹ്യുണ്ടായി വെന്യു N ലൈനിൻ ലഭിക്കുക.

നിലവിലെ മോഡലിന്റെ അതേ ഡിസൈനും ലേഔട്ടുമാകും ഹ്യുണ്ടായി വെന്യു എന്‍ ലൈനിന്റെ ഇന്റീരിയര്‍ ഭാഗത്ത്. മറ്റ് N ലൈന്‍ മോഡലുകളെപ്പോലെ ക്യാബിനില്‍ 'N' ലോഗോ ഉള്‍പ്പെടുത്തി റെഡ് ആക്‌സന്റുകളോടുകൂടിയ കറുപ്പ് നിറമുണ്ടായിരിക്കും.

ഹ്യുണ്ടായി വെന്യു N ലൈനിന്റെ ഫ്രണ്ട് ഫെന്‍ഡറില്‍ 'N ലൈന്‍' ബാഡ്ജിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്പോര്‍ട്ടിയര്‍ വേരിയന്റിന്റെ പ്രത്യേകതകളില്‍ പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, താഴത്തെ ഭാഗങ്ങളില്‍ ചുവന്ന ആക്‌സന്റുകള്‍, റൂഫ് റെയിലുകളില്‍ ചുവന്ന ഇന്‍സെര്‍ട്ടുകള്‍, അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍, കൂടാതെ ഡ്യുവല്‍-ടിപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

ഹ്യുണ്ടായി വെന്യു N ലൈനിന്റെ ഫീച്ചറുകളില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, കണക്റ്റഡ് കാര്‍ ടെക്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, എല്‍ഇഡി പ്രൊജക്ടര്‍, കോര്‍ണറിംഗ് ഹെഡ്‌ലാമ്പുകള്‍, ബോസ് മ്യൂസിക് സിസ്റ്റം എന്നിവ ഉൾകൊള്ളുന്നു.

വെന്യു N ലൈനിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഏകദേശം 1.00 ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടി വരുമെന്നാണ് സൂചന.


Click it and Unblock the Notifications








