വീണ്ടും ക്യാമറയില്‍ കുടുങ്ങി മാരുതി WagonR ഇലക്ട്രിക്; ലോഞ്ച് ഉടന്‍?
മാരുതി സുസുക്കിയുടെ ഓള്‍-ഇലക്ട്രിക് വാഗണ്‍ആറിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്ന ചില സ്‌പൈ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. മറകളൊന്നുമില്ലാതെ മനേസറിലെ മാരുതി സുസുക്കിയുടെ നിർമാണ കേന്ദ്രത്തിന് സമീപമാണ് പരീക്ഷണയോട്ടത്തിനായി ഇവി നിരത്തിലിറങ്ങിയത്.

ഈ കാറിന്റെ ഡിസൈന്‍ നിരീക്ഷിക്കുമ്പോള്‍ അത് പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക് ആവാനാണ് സാധ്യതയും. നിലവിലുള്ള തലമുറയിലെ മാരുതി സുസുക്കി വാഗണ്‍ആറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്‌ട്രിക് പതിപ്പ് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.
Recommended Video

പുതിയ മാരുതി സുസുക്കി വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും സ്പൈ ചിത്രങ്ങളിൽ നിന്നും വ്യക്തമാവുന്നുണ്ട്. പെട്രോള്‍ മോഡലില്‍ നിന്നും വ്യത്യസ്തമായി തികച്ചും പുതുമയാര്‍ന്ന മുന്‍വശമായിരിക്കും വാഗണ്‍ആര്‍ ഇലക്ട്രിക്കിനുണ്ടാവുക. എല്ലാ ഇലക്ട്രിക് കാറുകളിലേയും പോലെ തന്നെ അടഞ്ഞ ഗ്രില്ലായിരിക്കും മാരുതിയുടെ ഇവിയും മുന്നോട്ടുകൊണ്ടുപോവുക.

ഇത് T ആകൃതിയില്‍ ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്പ്ലിറ്റ് ഡിസൈനിലാണ് കാറിന്റെ ഹെഡ്‌ലാമ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. T- ആകൃതിയിലുള്ള ബ്ലാക്ക് ഗാര്‍ണിഷ് ഹൗസിങ്ങിന്റെ തൊട്ടടുത്തായാണ് ഒരു ലാംപ്. ബമ്പറിന് താഴെയായി പ്രധാന ഹെഡ്‌ലാമ്പുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നു.

പ്രധാന ഹെഡ്‌ലാമ്പുകള്‍ക്കുള്ള ഈ പെന്റഗണല്‍ ഹൗസുകള്‍ക്ക് പ്രൊജക്ടറുകളും ഒരുക്കിയിട്ടുണ്ട്. അവ ഇഗ്നിസിലേതിന് സമാനമായ രീതിയില്‍ എല്‍ഇഡി യൂണിറ്റുകളായിരിക്കുമെന്നാണ് പ്രതീക്ഷ. ഫ്രണ്ട് ബമ്പറിന്റെ താഴെ കറുത്ത പാനലിനുള്ളില്‍ ഫോഗ് ലാമ്പുകളുമുണ്ട്.
Image Courtesy: Abhishek Pajnoo/Rushlane Spylane

വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ പിന്‍ഭാഗവും വാഗണ്‍ആര്‍ പെട്രോള്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. എന്നിരുന്നാലും കാറിന്റെ മുന്‍വശത്തെ പോലെ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല.

ഇലക്ട്രിക് വാഗണ്‍ആറിന്റെ ടെയില്‍ ലാമ്പുകള്‍ക്ക് ലംബ സമാനമായാണ് വിന്യാസിച്ചിരിക്കുന്നത്. എന്നിരുന്നാലും അടുത്തിടെ അപ്ഡേറ്റ് ചെയ്ത XL6-ലെ പോലെ ഈ കാറിനും വ്യക്തമായ ലെന്‍സ് ഇഫക്റ്റ് ലഭിക്കും. ടെയില്‍ ലാമ്പുകളിലെ ഈ ക്ലിയര്‍ ലെന്‍സ് ലൈറ്റുകള്‍ കറുത്ത നിറത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

ഇലക്ട്രിക് വാഗണ്‍ആറിന്റെ പിന്‍വശത്തെ ബമ്പറിന്റെ കോണുകളില്‍ ലംബമായാണ് റിഫ്‌ലക്ടറുകള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിലൂടെ കാറിന്റെ പിന്‍വശം കൂടുതല്‍ ഷാര്‍പ്പായും വിശാലവുമായും കാണപ്പെടുന്നു. മുന്‍വശത്തിന് സമാനമായി പിന്നിലും പിന്‍ ബമ്പറിലും നീളത്തിലുള്ള കറുത്ത അലങ്കാരമുണ്ട്. പെട്രോള്‍ പതിപ്പിന്റെ അതേ രീതിയില്‍ ടാള്‍ബോയ് ഡിസൈനിലാണ് ഇലക്ട്രിക് വാഗണ്‍ആറും രൂപപ്പെടുത്തിയിട്ടുള്ളത്.

പിന്‍ഭാഗത്തെ എക്സ്ഹോസ്റ്റ് ടിപ്പിന്റെ അഭാവം ഇതൊരു ഇലക്ട്രിക് വാഹനമാണെന്ന് സ്ഥിരീകരിക്കുന്നു. ഇന്റീരിയറിന്റെ ദൃശ്യങ്ങള്‍ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഇലക്ട്രിക് വാഗണ്‍ആറിന്റെ ക്യാബിനില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

സ്മാര്‍ട്ട്‌പ്ലേ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. ഇലക്ട്രിക് വാഗണ്‍ആറിന് എട്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. NEXA പ്രീമിയം ഔട്ട്‌ലെറ്റ് ശൃംഖലയിലൂടെയാകും വാഹനം ഉപയോക്താക്കളിലേക്കെത്തുക.

അടുത്തിടെ മാരുതി സുസുക്കി 2022 വാഗണ്‍ആര്‍ ടൂര്‍ H3 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഫ്‌ലീറ്റ് മാര്‍ക്കറ്റിന് വേണ്ടിയുള്ള വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ ഒരു ആവര്‍ത്തനമാണിത്. പെട്രോള്‍, CNG എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മോഡല്‍ ലഭ്യമാണ്.

ബോഡി കളര്‍ ബമ്പറുകള്‍, ബ്ലാക്ക്ഡ് ഔട്ട് ORVM -കള്‍, വീല്‍ സെന്റര്‍ ക്യാപ് മുതലായവ സവിശേഷതകള്‍ പുതിയ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുകള്‍, ഫ്രണ്ട് ക്യാബിന്‍ ലാമ്പുകള്‍, ഡ്രൈവര്‍ സൈഡ് സണ്‍ വൈസര്‍ എന്നിവടങ്ങുന്നതാണ് അകത്തളം.

5,500 rpm -ല്‍ 64 bhp പരമാവധി പവറും 3,500 rpm -ല്‍ 89 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ K10 C പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി വാഗണ്‍ആര്‍ ടൂര്‍ H3 -ക്ക് കരുത്ത് പകര്‍ന്ന് നല്‍കുന്നത്. CNG പതിപ്പിനും ഇതേ എഞ്ചിന്‍നാണ് ഘടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് 5,300 rpm -ല്‍ 56 bhp മാക്‌സ് പവറും 3,400 rpm -ല്‍ 82 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ഈ മോഡലിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ലഭിക്കുന്നത്.

വാഗണ്‍ആര്‍ ടൂര്‍ H3 പെട്രോള്‍ മോഡല്‍ ലിറ്ററിന് 25.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ CNG മോഡലിന് കിലോഗ്രാമിന് 34.73 കിലോമീറ്ററെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളുമായിട്ടാണ് ഈ പുതിയ വാഗണ്‍ആര്‍ മോഡല്‍ മാരുതി സുസുക്കി പുറത്തിറക്കിയിരിക്കുന്നത്. മാരുതി വാഗണ്‍ആര്‍ ടൂര്‍ H3 പെട്രോളിന് 5.39 ലക്ഷം രൂപയും CNG പതിപ്പിന് 6.34 ലക്ഷം രൂപയുമാണ് രാജ്യത്തെ എക്‌സ്ഷോറൂം വില.

അടുത്തിടെയാണ് മാരുതി തങ്ങളുടെ ജനപ്രിയ ടോള്‍ ബോയ് ഹാച്ചായ വാഗണ്‍ആറിനെ പരിഷ്‌കരിച്ചത്. സെലേറിയോയില്‍ നിന്നും പുതിയ ബലേനോയില്‍ നിന്നും കടംകൊണ്ട ഒരു ജോടി പുതിയ എഞ്ചിനുകളായിരുന്നു അപ്‌ഡേറ്റഡ് വാഗണ്‍ആറിന്റെ ഏറ്റവും വലിയ പുതുമ.

68 bhp പവര്‍ നല്‍കിയിരുന്ന മുന്‍തലമുറ വാഗണ്‍ആറിന്‍െ 1.0 ലിറ്റര്‍ K10 B എഞ്ചിന് പകരം പുതിയ 67 bhp പവര്‍ ഉത്പാദിപ്പിക്കുന്ന സെലേറിയോയുടെ 1.0 ലിറ്റര്‍ K10 C ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് ടോള്‍ ബോയ് ഹാച്ചിന് മാരുതി സുസുക്കി നല്‍കിയത്.

അതുപോലെ ഉയര്‍ന്ന 83 bhp കരുത്തുള്ള 1.2 ലിറ്റര്‍ K12M എഞ്ചിന് പകരമായി 90 bhp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ K12N എഞ്ചിനാണ് വരുന്നത്. പുതിയ ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയ്ക്ക് കരുത്തേകുന്ന യൂണിറ്റാണ് പുതിയ 2022 മോഡല്‍ വാഗണ്‍ആറിലും നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ AMT ഗിയര്‍ബോക്സുകള്‍ വാഗ്ദാനം ചെയ്യുന്നു. അപ്പ്‌ഡേറ്റഡ് 2022 മാരുതി സുസുക്കി വാഗണ്‍ആറിന്റെ ബേസ് മോഡലിന് 5.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടോപ്പ് എന്‍ഡിന് 7.10 ലക്ഷം രൂപ വരെ നല്‍കണം.


Click it and Unblock the Notifications








