നവരാത്രിക്ക് ബമ്പര്‍ വില്‍പ്പന; 10 ദിവസത്തിനുള്ളില്‍ വിറ്റത് 5.4 ലക്ഷം വാഹനങ്ങള്‍
കോവിഡ് മഹാമാരി അകന്നെങ്കിലും അത് സൃഷ്ടിച്ച ആഘാതങ്ങള്‍ അത്ര എളുപ്പത്തില്‍ നമ്മെ വിട്ട് പോകില്ല. മഹാമാരിയെല്ലാം പോയി ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് വീണ്ടും കടന്നതോടെ ഉത്സവങ്ങളും വീണ്ടും പഴയ ഒളത്തിലായി. അര്‍ദ്ധചാലക ക്ഷാമം ലഘൂകരിക്കുന്നതിനിടയില്‍ നവരാത്രി-ദസറ കാലയളവിലെ വാഹന ചില്ലറ വില്‍പ്പന കണക്കുകള്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്നു. പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കും ഉള്ള സാഹചര്യത്തിലാണിത്.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം എല്ലാ വിഭാഗങ്ങളിലുമായി 10 ദിവസത്തിനുള്ളില്‍ ഏകദേശം 5.4 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. 2019-ല്‍ ഇതേ കാലയളവിലെ 4.7 ലക്ഷം വാഹനങ്ങളാണ് വിറ്റത്. 16% വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അത് 3.4 ലക്ഷമായിരുന്നു. 57% ആണ് വര്‍ധന.

നവരാത്രി-ദസറ കാലയളവില്‍ കാര്‍, എസ്‌യുവി വില്‍പ്പന 59% ഉയര്‍ന്ന് 1.1 ലക്ഷം യൂണിറ്റുകളിലെത്തി. കാറുകള്‍, എസ്‌യുവികള്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വ്യക്തിഗത വാഹനങ്ങള്‍ മുതല്‍ വാണിജ്യ വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലും വളര്‍ച്ചയുണ്ട്.

യഥാക്രമം 52%, 115%, 48%, 70%, 58% എന്നിങ്ങനെയാണ് ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പന വളര്‍ച്ച. എന്നിരുന്നാലും, ചില സംസ്ഥാനങ്ങളിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ ഇപ്പോഴും വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഡേറ്റ പൂര്‍ത്തിയായിട്ടില്ല.

നവരാത്രി കാലത്ത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 80,000 വാഹനങ്ങള്‍ ചില്ലറ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇത് 36,000 യൂണിറ്റായിരുന്നു. ചില്ലറ വില്‍പ്പനയിലുള്ള ഡിമാന്‍ഡില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ദീപാവലി കാലയളവിലും ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

മാരുതിക്കൊപ്പം ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ മുഖ്യധാരാ കമ്പനികളുടെ വാഹനങ്ങള്‍ക്കും വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് ഉണ്ടായിട്ടുണ്ട്. ഒപ്പം തന്നെ ആഡംബര കാറുകള്‍ പരിഗണിക്കുമ്പോള്‍ മെര്‍സിഡീസ് ബെന്‍സ് അടക്കമുള്ള നിര്‍മാതാക്കള്‍ക്കും നല്ല ആവശ്യക്കാരുണ്ടായി.

പാസഞ്ചര്‍ വാഹനങ്ങള്‍ എടുത്താല്‍ മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ N, മഹീന്ദ്ര XUV700, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, കിയ കാരന്‍സ് തുടങ്ങിയ എസ്‌യുവികള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. കോവിഡ് വ്യാപനം മൂലം സാമൂഹിക അകലം പാലിക്കുന്നതിന് ആളുകള്‍ പരിഗണന നല്‍കുന്നതിനാല്‍ വ്യക്തിഗത മൊബിലിറ്റിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കാറുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ട്.

ഇരുചക്രവാഹനങ്ങളെ സംബന്ധിച്ചിടത്തോളം വളര്‍ച്ച താരതമ്യേന മന്ദഗതിയിലാണെങ്കിലും വില്‍പ്പന കണക്കുകള്‍ പോസിറ്റീവ് ആണ്. ബിഎസ് 6 പരിവര്‍ത്തനത്തിന് ശേഷം ഇന്‍ഷുറന്‍സ്, നടത്തിപ്പ് ചെലവുകള്‍ എന്നിവയിലെ വര്‍ദ്ധനവ് കാരണം ഏകദേശം മൂന്ന് വര്‍ഷമായി ഡിമാന്‍ഡ് ഇടിഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ നഗര-ഗ്രാമീണ വിപണികളിലുടനീളം എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയിലൂടെ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ക്കും കുറച്ച് ആശ്വാസം ലഭിച്ചു. ഈ നവരാത്രിയില്‍ സ്‌കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും വില്‍പ്പനയില്‍ 30% വര്‍ധനയുണ്ട്.

ഇതിനകം 850,000-900,000 യൂണിറ്റുകളുടെ ബുക്കിംഗുകള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഉള്ളതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന സമയത്ത് ചില്ലറ വില്‍പ്പന ശക്തമായി തുടരുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കിക്ക് തന്നെ 400,000 യൂണിറ്റുകളുടെ ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മണ്‍സൂണ്‍ മഴ ലഭിക്കുന്നത് കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇത് ഉപഭോക്തൃ വികാരങ്ങളെ അനുകൂലമാക്കുന്നതിന് സഹായിക്കും.

പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം ഉത്സവകാല വില്‍പ്പന (നവരാത്രി മുതല്‍ ദീപാവലി വരെയുള്ള 42 ദിവസം) ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച റെക്കോര്‍ഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല ഉത്സവകാലം പ്രതീക്ഷിച്ച് ഇരുചക്രവാഹന ഡീലര്‍മാര്‍ ധാരാളം വാഹനങ്ങള്‍ സ്‌റ്റോക്ക് ചെയ്തിരുന്നു. ഷോറൂമുകളിലേക്ക് പഴയ പോെല ഉപഭോക്താക്കള്‍ തിരികെയെത്തുന്നതും നവരാത്രി കാലത്ത് കാണാനായി. ഈ സാമ്പത്തിക വര്‍ഷം 4 ദശലക്ഷം യൂണിറ്റ് വില്‍പ്പന ലഭിക്കുമെന്നാണ് പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications