Skoda Kushaq ആനിവേഴ്‌സറി എഡിഷന്റെ വില ചോര്‍ന്നു; കൂടുതൽ വിൽപ്പന തന്നെ ലക്ഷ്യം
ഉത്സവ സീസണില്‍ വില്‍പ്പന നേടാനായി കുഷാഖ് ആനിവേഴ്സറി എഡിഷന്‍ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ ഇന്ത്യ. ഇതിനിടെ സ്‌കോഡ കുഷാഖ് ആനിവേഴ്‌സറി എഡിഷന്റെ വിലവിവരങ്ങള്‍ ചോര്‍ന്നു.

2021-ലാണ് സ്‌കോഡ കുഷാഖും ഫോക്സ്‌വാഗൺ ടൈഗൂണും ലോഞ്ച് ചെയ്തത്. പിന്നാലെ തരക്കേടില്ലാത്ത വില്‍പ്പന നേടാന്‍ ഇരു മോഡലുകള്‍ക്കും സാധിച്ചിരുന്നു. സെപ്റ്റംബറില്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്‌യുവികളുടെ പട്ടികയില്‍ കുഷാഖും ടൈഗൂണും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയിരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ അടുത്തിടെ 5-സ്റ്റാര്‍ നേടിയതിനാല്‍ രണ്ട് എസ്യുവികള്‍ക്കും പ്രതീക്ഷകള്‍ ഏറിയതായി തോന്നുന്നു. മുതിര്‍ന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും 5-സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവികളാണിവ.

ഇന്ത്യന്‍ വിപണിയിലെ വിജയം ആഘോഷിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ഓപ്ഷനുകള്‍ വിപുലീകരിക്കുന്നതിനുമായാണ് സ്‌കോഡ കുഷാഖിന്റെ വാര്‍ഷിക പതിപ്പ് പുറത്തിറക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ വാര്‍ഷിക പതിപ്പ് പുറത്തിറക്കിയിരുന്നു. 'ആനിവേഴ്സറി എഡിഷന്‍' ബാഡ്ജിംഗോടെ സ്‌കോഡ കുഷാഖ് നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതും കാണപ്പെട്ടു.

വിലകള്‍ അറിയാം
1-ലിറ്റര്‍, 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാകും സ്‌പെഷ്യല്‍ എഡിഷന്‍ ലഭിക്കുക. കുഷാഖ് ആനിവേഴ്സറി പതിപ്പിന് സ്‌റ്റൈല്‍ വേരിയന്റിനേക്കാള്‍ 30,000 രൂപ അധികം നല്‍കണം.
| എഞ്ചിൻ | കുഷാഖ് സ്റ്റൈൽ | കുഷാഖ് ആനിവേഴ്‌സറി എഡിഷൻ | പ്രീമിയം |
| 1-litre TSI MT | ₹15.29 Lakh | ₹15.59 Lakh | ₹30,000 |
| 1-litre TSI AT | ₹16.99 Lakh | ₹17.29 Lakh | ₹30,000 |
| 1.5-litre TSI MT | ₹17.19 Lakh | ₹17.49 Lakh | ₹30,000 |
| 1.5-litre TSI DSG | ₹18.79 Lakh | ₹19.09 Lakh | ₹30,000 |

പുത്തന്‍ ഫീച്ചറുകള്‍
ടൈഗൂണിന് സമാനമായി കുഷാഖിന്റെ ആനിവേഴ്‌സറി എഡിഷനും പ്രത്യേക കളര്‍ ഓപ്ഷന്‍ ലഭിക്കും. കുഷാക്കിന് നിലവില്‍ പ്യുവര്‍ ബ്ലാക്ക് നിറമില്ല. ഏറ്റവും അടുത്തുള്ള ഓപ്ഷന്‍ കാര്‍ബണ്‍ സ്റ്റീല്‍ ആണ്. ഇത് പ്രധാനമായും ഡാര്‍ക്ക് ഗ്രേ ഷേഡാണ്. ബ്ലൂ, യെല്ലോ നിറങ്ങളും കുഷാഖിന് മികച്ചതായി തോന്നുന്നു.

സി-പില്ലറില്‍ 'ആനിവേഴ്സറി എഡിഷന്‍' ബാഡ്ജിംഗും സ്റ്റിക്കറിംഗും നല്‍കിയിട്ടുണ്ട്. ഡോര്‍ സിലുകളില്‍ ക്രോം ഗാര്‍ണിഷും ഡോര്‍ എന്‍ഡ് പ്രൊട്ടക്ടറുകളും ലഭിക്കും. എന്നിരുന്നാലും ഈ വേരിയന്റില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്ന സബ്വൂഫറും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്.

ഈ പ്രത്യേക പതിപ്പിനായി ഡീലര്‍ തലത്തില്‍ സജ്ജീകരിക്കുന്ന രണ്ട് ആക്സസറികളും ഉണ്ട്. ഫ്രണ്ട് ഗ്രില്ലിനായി ക്രോം ഇന്‍സെര്‍ട്ടുകള്‍, ഡോര്‍ സണ്‍ഷെയ്ഡുകള്‍, കുഷ്യനും നെക്ക് പില്ലോയും, 3D റബ്ബര്‍ മാറ്റ്, മഡ് ഫ്‌ലാപ്പുകള്‍, പിന്‍ വിന്‍ഡോ സണ്‍ബ്ലൈന്‍ഡുകള്‍, കീ ഫോബ് കവര്‍, ബോഡി കവര്‍ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

നിലവില്‍ കുഷാഖ് ഒരു സമഗ്രമായ ഫീച്ചര്‍ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു. അത് ആനിവേഴ്‌സറി എഡിഷനിലും സമാനമായിരിക്കും. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ഇലക്ട്രിക് സണ്‍റൂഫ്, 8 ഇഞ്ച് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ പാനല്‍, വയര്‍ലെസ് ചാര്‍ജിംഗ്, 12V സോക്കറ്റ്, USB-C സോക്കറ്റ് എന്നിവ ചില പ്രധാന ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ട്രാക്ക് യുവര്‍ കാര്‍, റിയല്‍ ടൈം സ്പീഡ് ട്രാക്കിംഗ്, ജിയോഫെന്‍സ് ബ്രീച്ച് നോട്ടിഫിക്കേഷന്‍, വാക്ക് ടു കാര്‍, ഡിവൈസ് ടാംപറിംഗ് അലര്‍ട്ട്, ഡ്രൈവിംഗ് ബിഹേവിയര്‍, റൂട്ട് ട്രാക്കിംഗ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണിയും മോഡലില്‍ ലഭ്യമാണ്.

കുഷാഖില്‍ നിന്ന് മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതില്‍ 115 PS 1-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ അല്ലെങ്കില്‍ 150 PS 1.5-ലിറ്റര്‍ ഫോര്‍ പോട്ട് ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളാണ് ഉപയോഗിച്ച് വരുന്നത്. 6 സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. അതേസമയം ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് (1-ലിറ്റര്‍ ടിഎസ്‌ഐയോടൊപ്പം), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (1.5 ലിറ്റര്‍ ടിഎസ്‌ഐക്കൊപ്പം) എന്നിവ ഉള്‍പ്പെടുന്നു.

കുഷാഖ് ആനിവേഴ്സറി എഡിഷനായി ചെറിയ ശേഷിയുള്ള എഞ്ചിന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഈ വേരിയന്റ് ധാരാളം ഉപഭോക്താക്കള്‍ക്ക് വാങ്ങാനാവുമെന്നാണ് സ്‌കോഡ് പ്രതീക്ഷിക്കുന്നത്. ടൈഗൂണ്‍ ആനിവേഴ്സറി എഡിഷനില്‍ ഫോക്സ്വാഗണും ഇതേ സമീപനമാണ് ഉപയോഗിച്ചത്.

കുഷാഖ് ആനിവേഴ്‌സറി എഡിഷന്റെ സേഫ്റ്റി കിറ്റ് സാധാരണ മോഡലിന് തുല്യമായിരിക്കും. ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (ടിസിഎസ്), റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആനിവേഴ്സറി എഡിഷന്‍ ബാഡ്ജിംഗ് ഉള്‍വശത്തും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

11.29 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെയാണ് സ്‌കോഡ കുഷാഖ് ശ്രേണിയുടെ (എക്സ് ഷോറൂം) വില വരുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടായ്ഗുണ്‍, എംജി ആസ്റ്റര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ എതിരാളികള്‍.
Source: Zigwheels


Click it and Unblock the Notifications