ചൈന മാറി നില്‍ക്കൂ...Skoda-യുടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ
ഒരു സമയത്ത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ പിന്നാക്കം പോയെങ്കിലും കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയുടെ ചിറകിലേറി ഇപ്പോള്‍ മുന്നോട്ട് കുതിക്കുകയാണ് സ്‌കോഡ. ഇന്ത്യയെ കമ്പനിയുടെ ആഗോളതലത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാക്കി സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്‌കോഡ ഇന്ത്യ.

സ്‌കോഡ ഇന്ത്യ 2022-ല്‍ ഇതുവരെ ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പനയാണ് നേടിയത്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെ മൊത്തം 44,500 കാറുകളാണ് അവര്‍ വിറ്റഴിച്ചത്. ഇതേ കാലയളവില്‍ ചൈനയില്‍ അവര്‍ വിറ്റ കാറുകളുടെ കണക്കുകളേക്കാള്‍ കൂടുതല്‍ വരും ഇത്.

നേട്ടം ആഘോഷിക്കുന്നതിനായി കമ്പനി അടുത്തിടെ ഉത്തരേന്ത്യയിലെ ഡെറാഡൂണില്‍ സ്‌കോഡ പ്രേമികള്‍ക്കായി ഒരു സംഗമം സംഘടിപ്പിച്ചു. സ്‌കോഡ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ സോല്‍ക് സംഗമത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യ, ജര്‍മ്മനി, സ്ലൊവാക്യ, അയര്‍ലന്‍ഡ്, ബെല്‍ജിയം, ഫ്രാന്‍സ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹന പ്രേമികള്‍ സംഗമത്തില്‍ പങ്കെടുത്തു.

'സാധാരണയായി, സ്‌കോഡ ആസ്ഥാനമായ ചെക്ക് റിപ്പബ്ലിക്കിലെ മാള്‍ഡ ബോളെസ്ലാവിലാണ് ഞങ്ങള്‍ മീറ്റപ്പുകള്‍ നടത്താറ്. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു' യോഗത്തില്‍ പീറ്റര്‍ പറഞ്ഞു.

'ഈ വര്‍ഷം മറക്കാനാവാത്ത വര്‍ഷമാണ്. ഞങ്ങള്‍ 2023-ലും ഈ വേഗതയില്‍ കുതിപ്പ് തുടരും. മെയ്ഡ്-ഇന്‍-ഇന്ത്യ MQB-A0-IN പ്ലാറ്റ്ഫോമാണ് സ്‌കോഡയുടെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് പിന്നിലെ പ്രധാന കാരണം'- പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

MQB-A0-IN പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച സ്‌കോഡ കുഷാഖ് എസ്‌യുവി 2021 ജൂലൈയിലാണ് പുറത്തിറങ്ങിയത്. സ്‌കോഡ സ്ലാവിയ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം പുറത്തിറങ്ങി. ഈ കാറുകളുടെ വില്‍പ്പനയാണ് സ്‌കോഡയുടെ വളര്‍ച്ചയുടെ പ്രധാന കാരണം. നിലവില്‍ ജര്‍മ്മനിക്കും ചെക്ക് റിപ്പബ്ലിക്കും ശേഷം സ്‌കോഡയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

സ്‌കോഡ കുഷാഖ് കഴിഞ്ഞ മാസം ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് (ജിഎന്‍സിഎപി) ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഈ ടെസ്റ്റില്‍, സ്‌കോഡ കുഷാക്ക് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി 5-സ്റ്റാര്‍ റേറ്റിംഗ് നേടി. പുതിയ ഗ്ലോബല്‍ എന്‍സിഎപി (ജിഎന്‍സിഎപി) നിയമങ്ങള്‍ പ്രകാരം ഈ ടെസ്റ്റിന് വിധേയമാകുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറാണിത്. MQB-A0-IN പ്ലാറ്റ്ഫോമിലെ ഗുണനിലവാരത്തെ ഇത് ഉദാഹരണമാക്കുന്നു. സ്‌കോഡ ഇന്ത്യ തങ്ങളുടെ കാറുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

സ്‌കോഡ സ്ലാവിയയിലും കുഷാഖിലും നിരവധി സുരക്ഷാ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, ഓരോ യാത്രക്കാരനും പ്രത്യേക ഹെഡ്റെസ്റ്റ്, 6 എയര്‍ബാഗുകള്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ISOFIX മൌണ്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയാണ് അതില്‍ ചിലത്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സഹിതമുള്ള എബിഎസ്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ക്യാമറയോടുകൂടിയ റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിങ്ങനെ ഫീച്ചര്‍ ലിസ്റ്റ് നീളുന്നു.

സ്‌കോഡ ഇന്ത്യ 2022-ല്‍ മികച്ച വില്‍പ്പന കൈവരിച്ചുവെന്നു മാത്രമല്ല കമ്പനി ബിസിനസ് വര്‍ധിപ്പിക്കുകയും ചെയ്തു. 2021 ഡിസംബറില്‍ ഇന്ത്യയ്ക്ക് 175 ടച്ച് പോയിന്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ അത് 220 ടച്ച് പോയിന്റുകളായി മാറി. ഈ വര്‍ഷം അവസാനത്തോടെ 250 ടച്ച് പോയിന്റുകളാക്കി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇന്ത്യയില്‍ ആദ്യമായി ഉപഭോക്താക്കള്‍ക്ക് സംവേദനാത്മക അനുഭവം നല്‍കുന്നതിനായി കമ്പനി അതിന്റെ ഷോറൂമുകള്‍ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. സ്‌കോഡ അതിന്റെ ഇന്ത്യ 2.0 പ്രോജക്റ്റ് 2018 ലാണ് തുടക്കം കുറിച്ചത്. 2019-ല്‍ അവര്‍ പൂനെയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ സ്ഥാപിച്ചു. പുതിയ പ്ലാറ്റ്‌ഫോം പിറവിയെടുക്കുന്നതില്‍ അവിടം വലിയ പങ്കുവഹിച്ചു. ഇപ്പോള്‍ കമ്പനി സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ഇന്ത്യ 2.0 പ്രോജക്റ്റ് അനുസരിച്ച് 95 ശതമാനം ഇന്ത്യന്‍ വസ്തുക്കളും ഉപയോഗിച്ചുള്ള കാറുകളാണ് സ്‌കോഡ നിര്‍മ്മിക്കുന്നത്. നിലവില്‍ സ്‌കോഡ ഇന്ത്യ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ നിര്‍മ്മിച്ച് അറബ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച സ്‌പെയര്‍ പാര്‍ട്‌സ് വിയറ്റ്‌നാമിലേക്ക് അയച്ച് ആ രാജ്യത്തിന് കാറുകള്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. സ്‌കാഡയുടെ അന്താരാഷ്ട്ര കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുകയാണിപ്പോള്‍.


Click it and Unblock the Notifications