ആവശ്യക്കാര്‍ ഏറെ; Altroz ഡാര്‍ക്ക് എഡിഷന്റെ ശ്രേണി വിപുലീകരിച്ച് Tata
ആള്‍ട്രോസിന്റെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. പോയ വര്‍ഷമാണ് ആള്‍ട്രോസിന്റെ ഏതാനും വേരിയന്റുകളില്‍ കമ്പനി ഡാര്‍ക്ക് എഡിഷന്‍ മോഡലുകളെ അവതരിപ്പിക്കുന്നത്.

വിപണിയില്‍ ആള്‍ട്രോസിന്റെ രണ്ട് വര്‍ഷത്തെ സാന്നിധ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനി ആള്‍ട്രോസിലും ഡാര്‍ക്ക് എഡിഷന്‍ കൊണ്ടുവന്നിരിക്കുന്നത്. ആള്‍ട്രോസിന്റെ XT, XZ+ ഡീസല്‍ ട്രിമ്മുകളിലേക്കാണ് കമ്പനി ഇപ്പോള്‍ പുതുതായി ഡാര്‍ക്ക് എഡിഷന്‍ കൊണ്ടുവന്നിരിക്കുന്നത്.

2021 ജൂലൈയില്‍ ലോഞ്ച് ചെയ്തതു മുതല്‍ ആള്‍ട്രോസിന്റെ ഡാര്‍ക്ക് എഡിഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിട്ടുണ്ടെന്നും ഇപ്പോള്‍ രണ്ട് വേരിയന്റുകള്‍ കൂടി ലൈനപ്പിലേക്ക് ചേര്‍ത്തിട്ടുണ്ടെന്നും ആഭ്യന്തര നിര്‍മാതാവ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ആള്‍ട്രോസ് ഡാര്‍ക്ക് XT, XZ+ എന്നിവയ്ക്കുള്ള റിസര്‍വേഷന്‍ ഇന്ന് ആരംഭിച്ചതായും ഇത് അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ വൈകാതെ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. 7.96 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ മോഡല്‍ ലഭ്യമാകുമെന്നും ടാറ്റ പറയുന്നു.

''ആള്‍ട്രോസ് സുരക്ഷ, രൂപകല്‍പ്പന, പ്രകടനം എന്നിവയുടെ യഥാര്‍ത്ഥ അന്തര്‍ദേശീയ നിലവാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വാഹനമാണെന്നാണ് പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞത്.

തങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വാഹനം വഹിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്ന വിപുലീകരണങ്ങളിലൂടെ ബ്രാന്‍ഡിന്റെ 2-ാം വാര്‍ഷികം തങ്ങളുടെ ഉപഭോക്താക്കളുമായി ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും ആവേശകരമായ ഫീച്ചര്‍ അപ്ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020-ന്റെ തുടക്കത്തില്‍ ലോഞ്ച് ചെയ്തതു മുതല്‍, മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയ്ക്ക് ടാറ്റ ആള്‍ട്രോസ് ഒരു മികച്ച എതിരാളിയാണ്. YTD അടിസ്ഥാനത്തില്‍ സെഗ്മെന്റില്‍ 20 ശതമാനത്തിലധികം വിപണി വിഹിതവുമായി 1.2 ലക്ഷം യൂണിറ്റ് പ്രീമിയം ഹാച്ച്ബാക്ക് വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

ടാറ്റ ആള്‍ട്രോസ് ഡാര്‍ക്ക് XT, XZ+ എന്നിവ സുഷിരങ്ങളുള്ള ലെതറെറ്റ് സീറ്റുകള്‍, പിന്‍ ആംറെസ്റ്റ്, ഡാര്‍ക്ക് നിറമുള്ള അലോയ് വീലുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പിന്‍ ഹെഡ്റെസ്റ്റ്, മുന്‍വശത്തെ ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍, തുകല്‍ പൊതിഞ്ഞ മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ലെതര്‍ പൊതിഞ്ഞ ഗിയര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്.

പുതിയ XT വേരിയന്റില്‍ ഡാര്‍ക്ക് മാസ്‌കോട്ടിനൊപ്പം ഗിയര്‍ നോബും പുറംഭാഗവും ഒരു ഡാര്‍ക്ക് തീം പിന്തുടരുന്നു. ബ്രേക്ക് സ്വേ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ പുതിയ സുരക്ഷ ഫീച്ചറുകള്‍ ടോപ്പ്-സ്‌പെക്ക് XZ+ വേരിയന്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആല്‍ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലാണ് ആള്‍ട്രോസ്, കൂടാതെ ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗുള്ള വിപണിയിലെ ഏറ്റവും സുരക്ഷിതമായ താങ്ങാനാവുന്ന കാറുകളില്‍ ഒന്നുകൂടിയാണിത്.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് ഇതിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 84 bhp പവറും 113 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 110 bhp പരമാവധി കരുത്തും 150 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റ് 89 bhp പവറും 200 Nm torque മാണ് സൃഷ്ടിക്കുന്നത്.


Click it and Unblock the Notifications