ഇംപ്രൂവ്ഡ് റേഞ്ചിനൊപ്പം അധിക ടെക്കും! 2022 Nexon ഇവിക്ക് കൂടുതൽ ഫീച്ചറുകൾ നൽകാനൊരുങ്ങി Tata
2022 -ൽ ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ആഭ്യന്തര വാഹന നിർമ്മാതാക്കൾ തയ്യാറെടുക്കുകയാണ്. ഒരു കൂട്ടം പുതിയ ഫീച്ചറുകളും കോസ്‌മെറ്റിക് മാറ്റങ്ങളും സഹിതം ഇലക്ട്രിക് എസ്‌യുവിക്ക് കാര്യമായ പവർട്രെയിൻ അപ്‌ഗ്രേഡുകൾ ലഭിക്കും.

പുറത്തു വരുന്ന പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, പാർക്ക് മോഡ് തുടങ്ങിയ സവിശേഷതകളുമായി കമ്പനി പുതിയ നെക്‌സോൺ ഇവിയെ സജ്ജീകരിച്ചേക്കാം. ഇതിന് എയർ പ്യൂരിഫയറും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭിച്ചേക്കാം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിങ്ങൾക്കറിയാവുന്നത് പോലെ, സാധാരണ നെക്‌സോൺ മോഡൽ ലൈനപ്പിന് അടുത്തിടെ എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഇന്റീരിയർ റിയർ വ്യൂ മിറർ, ബെനെക്കെ കാലിയോ ലെതറെറ്റ് അപ്‌ഹോൾസ്റ്ററി എന്നിവ അടങ്ങിയ രണ്ട് പുതിയ വേരിയന്റുകൾ ലഭിച്ചിരുന്നു.

വാഹനത്തിന്റെ ഡിസൈനിലും സ്റ്റൈലിംഗിലും ചെറിയ മാറ്റങ്ങൾ വരുത്തും. മുകളിൽ സൂചിപ്പിച്ചതുപോലെ, പുതിയ 2022 ടാറ്റ നെക്സോൺ ഇവി ഒരു വലിയ 40 kWh ബാറ്ററി പാക്കിന്റെ രൂപത്തിൽ കാര്യമായ ഒരു അപ്‌ഡേറ്റിന് സാക്ഷ്യം വഹിക്കും.

ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം റേഞ്ച് ഇത് വാഗ്ദാനം ചെയ്യും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. യഥാർഥ ലോക സാഹചര്യങ്ങളിൽ, ഇത് 300 മുതൽ 320 കിലോമീറ്റർ പരിധി നൽകാനാണ് സാധ്യത.

നിലവിലുള്ള 30.3 kWh ബാറ്ററി പാക്കിനൊപ്പം അപ്‌ഡേറ്റ് ചെയ്ത നെക്സോൺ ഇവി കമ്പനി വിൽക്കും എന്നതാണ് ശ്രദ്ധേയം. വലിയ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്നതിനായി ഇലക്ട്രിക് വാഹനത്തിന്റെ ഫ്ലോർ പാനിലും കാർഗോ സ്‌പെയ്‌സിലും കുറച്ച് മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്തും.

കൂടുതൽ ശക്തമായ 6.6 kW എസി ചാർജറിനൊപ്പം ലോംഗ് റേഞ്ച് ടാറ്റ നെക്സോൺ ഇവി വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ, ഇലക്ട്രിക് എസ്‌യുവിയിൽ 3.3 കിലോവാട്ട് എസി ചാർജറാണ് വരുന്നത്, ഇത് 10 മണിക്കൂർ കൊണ്ടാണ് ഫുൾ ചാർജ് കൈവരിച്ചിരുന്നത്.

ചെറിയ ബാറ്ററി പാക്കിന് സമാനമായി, നിലവിലുള്ള 3.3 kW എസി ചാർജർ ഓഫറിൽ തുടരാം. വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് മെച്ചപ്പെടുത്തുന്നതിനായി, പുതിയ നെക്സോൺ ഇവിയിൽ തെരഞ്ഞെടുക്കാവുന്ന റീജനറേഷൻ മോഡുകൾ സജ്ജീകരിച്ചേക്കാം, അത് റീജനറേറ്റീവ് ബ്രേക്കിംഗിന്റെ തീവ്രത ക്രമീകരിക്കാൻ ഡ്രൈവറെ പ്രാപ്തമാക്കും.

മെച്ചപ്പെട്ട റേഞ്ച്, കൂടുതൽ ഫീച്ചറുകൾ, അല്പം പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ് എന്നിവയ്‌ക്കൊപ്പം, 2022 ടാറ്റ നെക്‌സോൺ ഇവിക്ക് മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

നിലവിൽ, XZ+, XZ+ ഡാർക്ക് എഡിഷൻ, XZ+ LUX, XZ+ LUX ഡാർക്ക് എഡിഷൻ എന്നീ നാല് വേരിയന്റുകളിലായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. ഇവയ്ക്ക് യഥാക്രമം 16.78 ലക്ഷം, 17.13 ലക്ഷം, 17.82 ലക്ഷം, 18.03 ലക്ഷം എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില.


Click it and Unblock the Notifications