അവതരണത്തിന് മുമ്പ് ഡീലർ യാർഡിൽ ക്യാമറയിൽ കുടുങ്ങി Tata Nexon Kaziranga എഡിഷൻ; വീഡിയോ
ഇന്ത്യൻ വിപണിയിൽ പ്രത്യേക പെയിന്റ് സ്കീമുകൾ വിജയിപ്പിക്കാൻ കഴിഞ്ഞ ഒരേയൊരു നിർമ്മാതാക്കളാണ് ടാറ്റ. ഇപ്പോൾ പുതിയതായി ടാറ്റ മോട്ടോർസ് തങ്ങളുടെ എസ്‌യുവികൾക്ക് കാസിരംഗ എഡിഷൻ എന്ന പുതിയ പതിപ്പുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി എന്നിവയ്ക്കാണ് പുതിയ പ്രത്യേക ലിമിറ്റഡ് എഡിഷൻ ലഭിക്കുന്നത്. വാഹനങ്ങളുടെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഇപ്പോൾ, നെക്‌സോൺ കാസിരംഗ എഡിഷൻ ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയിരിക്കുകയാണ്.

ORANGE PARI എന്ന ചാനലാണ് വീഡിയോ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ നെക്‌സോൺ കാസിരംഗ എഡിഷന്റെ വാക്കൗണ്ട് നമുക്ക് കാണാം. കോംപാക്ട് എസ്‌യുവി ഒരു മെറ്റിയോർ ബ്രോൺസ് പെയിന്റ് സ്കീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

അതേസമയം റൂഫും എക്സ്റ്റീരിയർ റിയർവ്യൂ മിററുകളും ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, അത് മനോഹരമായി കാണപ്പെടുന്നു. ഫ്രണ്ട് ഫെൻഡറിൽ ഒരു റൈനോ ബാഡ്ജും ഉണ്ട്. ഈ ബാഡ്ജും പിന്നിലെ നെക്‌സോൺ ബ്രാൻഡിംഗും ഇപ്പോൾ ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് വരുന്നത്.

പ്രീമിയം ബെനെക്കെ കലിക്കോ ഡ്യുവൽ-ടോൺ എർത്തി ബീജ് ലെതർ അപ്ഹോൾസ്റ്ററിയിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്, ഇത് ക്യാബിന് അപ്പ് മാർക്കറ്റ് ഫീൽ നൽകുന്നു. ഹെഡ്‌റെസ്റ്റുകളിലും ഒരു റൈനോ എംബോസ് ചെയ്‌തിരിക്കും.

എന്നിരുന്നാലും, നെക്‌സോണിന്റെ കാസിരംഗ എഡിഷനിൽ ടാറ്റ മോട്ടോർസ് ചെയ്‌ത ഏറ്റവും വലിയ കൂട്ടിച്ചേർക്കൽ ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകളും എയർ പ്യൂരിഫയറുമാണ്.

ബാക്കിയുള്ള ക്യാബിൻ XZ(O)+ വേരിയന്റിന് സമാനമാണ്. അതിനാൽ, വാലറ്റ് മോഡ്, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ നോബും, എക്സ്പ്രസ് കൂൾ ഫംഗ്‌ഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ് എന്നിവയുമായാണ് ഇത് വരുന്നത്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടൺ, പിൻ എസി വെന്റുകൾ, ഹർമൻ സ്പീക്കറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ട്.

എസ്‌യുവിയുടെ വിവിധ പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കാനും, ട്രിപ്പ് അനലിറ്റിക്‌സ് പരിശോധിക്കാനും ജിയോഫെൻസ് സജ്ജീകരിക്കാനും കഴിയുന്ന iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഉപഭോക്താക്കൾക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

എഞ്ചിനുകളിലോ ഗിയർബോക്സിലോ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഇതിൽ വരുന്നത്. ടർബോ പെട്രോൾ പരമാവധി 120 bhp പവറും 170 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ പരമാവധി 110 bhp പവറും 260 Nm torque ഉം സൃഷ്ടിക്കുന്നു.

രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് AMT സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. രണ്ട് എഞ്ചിനുകളിലും ഇക്കോ, സ്പോർട്, നോർമൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നു. കാസിരംഗ എഡിഷൻ ഏത് എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനിലാണ് വരുകയെന്ന് ഇപ്പോൾ അറിയില്ല.

മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂയിസർ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്കെതിരെയാണ് ടാറ്റ നെക്‌സോൺ മത്സരിക്കുന്നത്.

പഞ്ചിന്റെ കാസിരംഗ പതിപ്പാണ് നിർമ്മാതാക്കൾ ആദ്യം ടീസ് ചെയ്തത്. ടാറ്റ മോട്ടോർസ് പഞ്ചിന്റെ കാസിരംഗ പതിപ്പ് ആരാധകർക്കായി ലേലം ചെയ്യും. ലേലത്തിൽ നിന്നുള്ള വരുമാനം കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളിലേക്കാണ് പോകുന്നത്. ഇത് ടോപ്പ് എൻഡ് ക്രിയേറ്റീവ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പഞ്ചിന്റെ കാസിരംഗ പതിപ്പും പ്രത്യേക സ്‌കഫ് പ്ലേറ്റുകളോടെയാണ് എത്തുന്നത്.

മറ്റ് പ്രത്യേക പതിപ്പുകൾ
ടാറ്റ മോട്ടോർസ് ഇതിനകം തന്നെ തങ്ങളുടെ വാഹനങ്ങൾക്ക് പ്രത്യേക പെയിന്റ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗോൾഡ്, ഡാർക്ക്, അഡ്വഞ്ചർ പേഴ്‌സോണ എന്നിങ്ങനെ നിരവധി സ്പെഷ്യൽ എഡിഷനുകളുണ്ട്.
ആൾട്രോസ്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയ്‌ക്കൊപ്പമാണ് ഡാർക്ക് എഡിഷനുകൾ വാഗ്ദാനം ചെയ്യുന്നത്. ഗോൾഡ്, അഡ്വഞ്ചർ പേഴ്‌സണ പതിപ്പുകൾ സഫാരിക്കൊപ്പം മാത്രമേ നൽകൂ.


Click it and Unblock the Notifications








