വൻ ഡിമാൻഡ്! 2022 മാർച്ചിൽ 10,000 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി Tata Punch
ടാറ്റ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പഞ്ച് ഇന്ത്യയിൽ അവതരിപ്പിച്ചത്, ഇതിനോടകം തന്നെ രാജ്യത്തെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായി മാറാനും വാഹനത്തിന് സാധിച്ചു.

2022 മാർച്ചിൽ മൊത്തം 10,526 യൂണിറ്റ് പഞ്ച് സബ് കോംപാക്ട് എസ്‌യുവികളാണ് ടാറ്റ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്. ഇതോടെ 2022 മാർച്ച് മാസത്തെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള നാലാമത്തെ എസ്‌യുവിയായി മോഡൽ മാറി.

2022 ഫെബ്രുവരിയിൽ, ടാറ്റ പഞ്ചിന്റെ വിൽപ്പന സംഖ്യ മൊത്തം 9,592 യൂണിറ്റായിരുന്നു, ഇത് 2022 മാർച്ചിലെ പ്രതിമാസ (MoM) അടിസ്ഥാനത്തിൽ 9.74 ശതമാനം വിൽപ്പന വളർച്ചയിലേക്ക് വിവർത്തനം ചെയ്യുന്നു. ചെറിയ ക്രോസ്ഓവർ ഈ അടുത്തകാലത്ത് വിൽപ്പനയ്ക്ക് എത്തിയത് മൂലം വർഷാവർഷം (YoY) വിൽപ്പന താരതമ്യം ലഭ്യമല്ല.

നിലവിൽ, ടാറ്റ പഞ്ച് ഓഫറിൽ 1.2-ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ മിൽ എന്ന ഒരൊറ്റ എഞ്ചിൻ ഓപ്ഷനാണുള്ളത്. ഈ പവർപ്ലാന്റ് 86 PS പീക്ക് പവറും പരമാവധി 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

കൂടാതെ ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെടുന്നു. ഒരു ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം വാഹനം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. ഇത് ഫഞ്ചിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.

ടാറ്റ മോട്ടോർസ് പഞ്ചിലേക്ക് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ കൂടി ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആൾട്രോസ് i ടർബോയിൽ (110 PS/140 Nm) ഡ്യൂട്ടി ചെയ്യുന്ന അതേ എഞ്ചിനാവും ചെറു ക്രോസ്ഓവറിലും ഉൾപ്പെടുത്തുക.

ഇതുകൂടാതെ, ലിറ്റിൽ എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പ് ടാറ്റയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇവി പതിപ്പ് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അരങ്ങേറ്റം കുറിക്കും എന്ന് വിശ്വസിക്കുന്നു. ടാറ്റ പഞ്ച് ഇവി വിപണിയിലെത്തുമ്പോൾ ബ്രാൻഡിന്റെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരിക്കും.

ടാറ്റ പഞ്ച് ഇന്ത്യൻ വിപണിയിൽ തികച്ചും മത്സരാധിഷ്ഠിതമായ വിലയ്ക്കാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 5.67 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്കിന് 9.48 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ഉയരുന്നു.

ഇത് പ്യുവർ, അഡ്വഞ്ചർ, അക്കംമ്പ്ലിഷ്ഡ്, ക്രിയേറ്റീവ്, കാസിരംഗ എഡിഷൻ എന്നീ ട്രിം ലെവലുകളിൽ ലഭ്യമാണ്. ഓരോ ട്രിമ്മിനും ഓഫറിൽ ഓപ്‌ഷണൽ പാക്കേജുകളും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോംഗ്രൗൂൺ കാർ നിർമ്മാതാക്കളുടെ പാസഞ്ചർ കാർ ശ്രേണിയിൽ നെക്‌സോണിന് താഴെയാണ് ടാറ്റ പഞ്ച് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ, ഇത് റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയുമായി പ്രധാനമായി മത്സരിക്കുന്നു, അതേസമയം മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകൾക്കും ഒരു ബദൽ ഓപ്ഷനാണ്.

നിലവിലെ ഉയർന്ന വിൽപ്പനയും ഉപഭോക്ത്യ ഡിമാൻഡുകളും കാരണം ടാറ്റ മോട്ടോർസ് പഞ്ചിന് ഈ മാസം ഓഫറുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. ആൾട്രോസ് പ്രീമിയം ഹാച്ച്, പഞ്ച് ക്രോസ്ഓവർ എന്നിവ ഒഴിച്ച് പ്രാദേശിക വാഹന നിർമ്മാതാക്കൾ തങ്ങളുടെ മോഡൽ നിരയിൽ 60,000 രൂപയുടെ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോട്ടോർസ് ഉടൻ തന്നെ പരിഷ്കരിച്ച 2022 നെക്സോൺ ഇവി വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ചെറിയ കോസ്മെറ്റിക് മാറ്റങ്ങക്കൊപ്പം കൂടുതൽ വലിയ ബാറ്ററി പായ്ക്കുമായിട്ടാവും 2022 അപ്പ്ഡേറ്റ് എത്തുന്നത്.

വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ചും ഇതോടൊപ്പം മെച്ചപ്പെടും എന്നതിൽ തർക്കം ഒന്നുമില്ല. ഇംപ്രൂവ്ഡ് റേഞ്ചിനൊപ്പം രാജ്യത്തെ ഇവി സെഗ്മെന്റിൽ കൂടുതൽ ആധിപത്യം പുലർത്താനാണ് ബ്രാൻഡിന്റെ നീക്കം.

പരിഷ്കരിച്ച നെക്സോൺ ഇവിക്ക് പിന്നാലെ അപ്പ്ഡേറ്റ് ചെയ്ത് ടിഗോർ ഇവി, 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ടാറ്റ ആൾട്രോസ് ഇവി, പഞ്ച് ഇവി, പുതുതായി വെളിപ്പെടുത്തിയ കർവ്വ് ഇവി എന്നിയുടെ ടാറ്റ മോട്ടോർസിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട. ഇവയെല്ലാം രാജ്യത്തെ ഇവി രംഗത്തെ കൂടുതൽ മെച്ചപ്പെടുത്തും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


Click it and Unblock the Notifications








