ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കിന്റെ സവിശേഷകൾ വെളിപ്പെടുത്തി Altroz DCA -യുടെ TVC പങ്കുവെച്ച് Tata
നീണ്ട കാത്തിരിപ്പിനൊടുവിൽ, ടാറ്റ തങ്ങളുടെ ജനപ്രിയവും ഏക പ്രീമിയം ഹാച്ച്ബാക്ക് മോഡലുമായ ആൾട്രോസും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ അവതരിപ്പിക്കാൻ തീരുമാനിച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ലാതിരുന്ന സെഗ്മെന്റിലെ ഒരേയൊരു പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസ് ആയിരുന്നു.

ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷന്റെ ടാറ്റയുടെ പതിപ്പായ DCA ട്രാൻസ്മിഷനോടെയാണ് ആൾട്രോസിനെ ടാറ്റ പുറത്തിറക്കിയത്. ടാറ്റ ആൾട്രോസ് DCA -യുടെ എക്‌സ്‌ഷോറൂം വില 8.09 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഹ്യുണ്ടായി i20, മാരുതി ബലേനോ, ഹോണ്ട ജാസ് തുടങ്ങിയ കാറുകളോടാണ് ടാറ്റ ആൾട്രോസ് മത്സരിക്കുന്നത്. പുതുതായി അവതരിപ്പിച്ച DCA വേരിയന്റിനായി ടാറ്റ ഇപ്പോൾ ഒരു TVC പുറത്തിറക്കിയിരിക്കുകയാണ്.

ടാറ്റ മോട്ടോർസ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിർമ്മാതാക്കൾ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഷിഫ്റ്റ്-ബൈ-വയർ ഉപയോഗിച്ച് കാറിന് വെറ്റ് ക്ലച്ച് സാങ്കേതികവിദ്യ ലഭിക്കുന്നു. പ്ലാനറ്ററി ഗിയറുകൾ ഉപയോഗിക്കുന്ന ആദ്യത്തെ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണിത്.

കാലാവസ്ഥയും ഭൂപ്രകൃതിയും വ്യത്യസ്തമായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റ മോട്ടോർസ് ഈ പുതിയ ട്രാൻസ്മിഷൻ പരീക്ഷിച്ചതായി TVC പരാമർശിക്കുന്നു. ഖാർദുങ് ലാ, താർ മരുഭൂമി, ചിറാപുഞ്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ടാറ്റ ആൾട്രോസ് DCA പരീക്ഷിച്ചു.

ഗിയർ ഷിഫ്റ്റുകളെക്കുറിച്ച് പഠിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പുതിയ ട്രാൻസ്മിഷൻ. ഏറ്റവും നൂതനമായ ട്രാൻസ്മിഷനാണ് ഇതെന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു. കുറ്റമറ്റ ഗിയർ ഷിഫ്റ്റുകൾ ഉറപ്പാക്കുന്ന ഒരു ഇൻ-ഹൗസ് വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഇത് ഉപയോഗിക്കുന്നു.

ഈ DCA പതിപ്പിനൊപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്ന മറ്റൊരു മികച്ച സവിശേഷത ഓട്ടോ പാർക്ക് ലോക്കാണ്. ഈ സവിശേഷതയിൽ, കാർ ഓണായിരിക്കുമ്പോൾ ഡ്രൈവർ കാറിൽ ഇല്ലെന്ന് മനസ്സിലാക്കിയാൽ ട്രാൻസ്മിഷൻ യാന്ത്രികമായി പാർക്ക് മോഡിലേക്ക് എൻഗേജ് ചെയ്യും.

ടാറ്റ മോട്ടോർസ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പതിപ്പിനൊപ്പം DCA അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. i-ടർബോ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ പതിപ്പിനൊപ്പം ടാറ്റ ഈ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നില്ല. കോംപറ്റീറ്റീവ് വില നിലനിർത്താനാണ് ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ടാറ്റ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യാത്തതെന്ന് തോന്നുന്നു.

XMA+, XTA, XTA #Dark, XZA, XZA(O), XZA+, XZA+ #Dark വേരിയന്റുകൾ DCA ട്രാൻസ്മിഷനിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. ആൾട്രോസ് DCA -യുടെ എക്സ്-ഷോറൂം വില 8.09 ലക്ഷം രൂപയിൽ തുടങ്ങി എക്‌സ്‌ഷോറൂം 9.89 ലക്ഷം രൂപ വരെയാണ്.

ആൾട്രോസ് DCA-യുടെ ബുക്കിംഗ് ടാറ്റ സ്വീകരിച്ചു തുടങ്ങിയിരുന്നു, അതിനുള്ള ഡെലിവറിയും ഉടൻ ആരംഭിക്കും. ടാറ്റ ആൾട്രോസിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 86 bhp കരുത്തും 113 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

ആൾട്രോസിലെ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ആൾട്രോസിന്റെ ഏറ്റവും ശക്തമായ i-ടർബോ വേരിയന്റ് 110 bhp കരുത്തും 140 Nm പീക്ക് torue ഉം സൃഷ്ടിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയതിന് ശേഷം സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫോഗ് ലാമ്പുകൾ സംയോജിപ്പിച്ച എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് ടാറ്റ ആൾട്രോസിന്റെ ഉയർന്ന വേരിയന്റ് വരുന്നത്.
പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications