Urban Cruiser-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു; നിര്‍ത്തലാക്കിയോ എന്ന് സ്ഥിരീകരിക്കാതെ Toyota
മാരുതി സുസുക്കി പങ്കാളിത്തത്തിന്റെ ഭാഗമായിട്ടായിരുന്നു വിറ്റാര ബ്രെസയുടെ റിബാഡ്ജ് പതിപ്പായിട്ട് ടൊയോട്ട, അര്‍ബന്‍ ക്രൂയിസറിനെ വിപണിയില്‍ എത്തിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ റിബാഡ്ജ് പതിപ്പായി കമ്പനി ഗ്ലാന്‍സയും വിപണിയില്‍ എത്തിച്ചു.

മാരുതി ബലേനോയെ നവീകരിച്ച് എത്തിച്ചതുപോലെ പഴയതില്‍ നിന്നും അടിമുടി മാറ്റവുമായി ടൊയോട്ട ഗ്ലാന്‍സയെയും വിപണിയില്‍ എത്തിക്കുകയുണ്ടായി. പിന്നാലെ തന്നെ മാരുതി ബ്രെസയുടെയും നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കുകയുണ്ടായി.

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയും വൈകാതെ ബ്രെസയുടെ റിബാഡ്ജ് പതിപ്പായ അര്‍ബന്‍ ക്രൂയിസറിനെ വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും അത് ഉണ്ടായില്ല. അടുത്തകാലം വരെ അര്‍ബന്‍ ക്രൂയിസറിന്റെ പഴയ പതിപ്പിനെ തന്നെയാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അത്ര ശുഭകരമായ വാര്‍ത്തകള്‍ അല്ലെന്ന് വേണം പറയാന്‍.

സ്‌പോര്‍ട്ടിയര്‍ അപ്പീലിനൊപ്പം ഗ്ലാന്‍സയ്ക്ക് ഒരു പുതിയ മുഖം ലഭിക്കുന്നു. പുതിയ ബലെനോ പുറത്തിറക്കി ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് പുതിയ ഗ്ലാന്‍സയുടെ ലോഞ്ച് നടന്നത്. എന്നാല്‍ അര്‍ബന്‍ ക്രൂയിസറിന്റെ കാര്യം അങ്ങനെയായിരുന്നില്ല. മാരുതി പുതിയ ബ്രെസ പുറത്തിറക്കി ഏതാനും മാസങ്ങള്‍ പിന്നിട്ടു. എന്നിട്ടും, പുതുക്കിയ അര്‍ബന്‍ ക്രൂയിസറിന്റെ ലോഞ്ചിനെക്കുറിച്ച് ടൊയോട്ടയില്‍ നിന്ന് ഒരു സൂചനയും ലഭിക്കാത്ത അവസരത്തിലാണ് ഈ റിപ്പോര്‍ട്ട്.

പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കിയതായിട്ടാണ് സൂചന. ഔദ്യോഗിക അപ്ഡേറ്റ് ഒന്നുമില്ലെങ്കിലും, പുതുക്കിയ അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്നാണ് ഡീലര്‍ വൃത്തങ്ങളും സൂചന നല്‍കുന്നുണ്ട്. വാസ്തവത്തില്‍, ടൊയോട്ട ഇപ്പോള്‍ അര്‍ബന്‍ ക്രൂയിസറിനെ അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ടൊയോട്ട നല്‍കിയിട്ടില്ല. തുടക്കകാലത്ത് അര്‍ബന്‍ ക്രൂയിസര്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും സമ്മാനിച്ചിരുന്നു. ഇത് പ്രതിമാസം ശരാശരി 2,000-3,000 യൂണിറ്റ് വരെ ആയിരുന്നു. 2022 ഒക്ടോബറില്‍, അര്‍ബന്‍ ക്രൂയിസറിന്റെ വില്‍പ്പന 0 യൂണിറ്റായി കുറഞ്ഞു.

അതിനുമുമ്പ്, 2022 സെപ്റ്റംബറില്‍ അര്‍ബന്‍ ക്രൂയിസര്‍ വില്‍പ്പന 330 യൂണിറ്റായിരുന്നു. എസ്‌യുവി ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ മാസം വില്‍പന 0 യൂണിറ്റായി. ഇതോടെയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്നോവ ഡീസല്‍ വേരിയന്റുകള്‍ അവര്‍ എങ്ങനെ നിര്‍ത്തലാക്കി എന്നതു പോലെ ഇത് താത്കാലികമായിരിക്കാമെന്നും സൂചനയുണ്ട്.

വിപണിയില്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 8.40 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 11.30 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്‌ഷോറൂം വില. 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന് കരുത്ത് നല്‍കിയിരുന്നത്.

ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ 12V സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും (ISG) കമ്പനി നല്‍കുകയും ചെയ്തിരുന്നു.

ടൊയോട്ടയുടെ വെബ്സൈറ്റില്‍ അര്‍ബന്‍ ക്രൂയിസര്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, അവര്‍ക്ക് സമാനമായ പേരിലുള്ള ഒരു എസ്‌യുവിയുണ്ട് - അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഒരേ പേരിലുള്ള രണ്ട് ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് വില്‍ക്കുന്നത് നല്ല ആശയമായിരിക്കില്ല എന്ന് മനസ്സിലാക്കി പിന്‍വലിച്ചതാകം എന്നതും സൂചനയുണ്ട്.

ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ 'ടൈസര്‍' എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. അപേക്ഷാ സ്റ്റാറ്റസില്‍ 'അംഗീകരിച്ചതും പരസ്യപ്പെടുത്തിയതും' എന്ന് പരാമര്‍ശിക്കുന്നു. ബ്രെസ എസ്‌യുവിയുടെ ടൊയോട്ടയുടെ പതിപ്പിനായി ടൈസര്‍ പേര് റിസര്‍വ് ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് ടൊയോട്ട എസ്‌യുവികളെപ്പോലെ കാണുന്നതിന് ഇത് അപ്ഡേറ്റുചെയ്ത രൂപകല്‍പ്പനയില്‍ വരാം. ബ്രെസയെ അടിസ്ഥാനമാക്കിയുള്ള ന്യൂ-ജെന്‍ അര്‍ബന്‍ ക്രൂയിസര്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു റെന്‍ഡര്‍ ഇതിനകം തന്നെ പുറത്തുവരികയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications