വരവിന് ഒരുങ്ങുന്നത് ഒരു പുത്തൻ ഇവിയോ? bZ കോംപാക്ട് എസ്‌യുവി കൺസെപ്‌റ്റിന്റെ ടീസർ പങ്കുവെച്ച് Toyota
ടൊയോട്ട അടുത്തിടെ അഞ്ചാം തലമുറ പ്രിയസ് ലൈനപ്പ് അവതരിപ്പിച്ചു. രണ്ട് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളാണ് പുതുതലമുറ മോഡലിൽ ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ മോഡൽ 1.8 ലിറ്റർ പെട്രോൾ പവർട്രെയിനിനൊപ്പം പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റവും, 2.0 ലിറ്റർ പെട്രോൾ മോട്ടോറിനൊപ്പം സ്ട്രോംഗ് ഹൈബ്രിഡ് പവർപ്ലാന്റും ഇതിൽ ലഭ്യമാണ്. അതിന് പിന്നാലെ ടൊയോട്ട ഒരു പുതിയ bZ കോംപാക്ട് എസ്‌യുവി കൺസെപ്‌റ്റും അവതരിപ്പിച്ചിരിക്കുകയാണ്, ഇത് ബ്രാൻഡിന്റെ ഭാവിയിലെ ചെറിയ ഇലക്ട്രിക് ക്രോസ്ഓവറിനെ പ്രിവ്യൂ ചെയ്യുന്നു.

ടൊയോട്ട bZ കോംപാക്ട് എസ്‌യുവി കൺസെപ്‌റ്റിന് ഹെവി ക്രീസുകളും ഒരു സ്കൾപ്റ്റഡ് രൂപകല്പനയുമുണ്ട്. ഫ്രണ്ട് ഫാസിയയിൽ ബ്രാൻഡിന്റെ പുതിയ ലൈറ്റ് സിഗ്നേച്ചർ വാഹനം ഫീച്ചർ ചെയ്യുന്നു.

ഇതിനകം പുതിയ പ്രിയസിൽ നാം കണ്ട ഒന്നാണിത്. ഹെഡ്‌ലാമ്പ് സ്‌റ്റൈലിംഗിന് ഇരുവശത്തും ബ്രാക്കറ്റ് ആകൃതിയിലുള്ള ലാമ്പുകളും വാഹനത്തിന്റെ വീതി കവർ ചെയ്യുന്ന ഒരു ഇല്യുമിനേറ്റഡ് സ്ട്രിപ്പും ഉണ്ട്.

പുതിയ ടൊയോട്ട bZ കോംപാക്ട് എസ്‌യുവിക്ക് ചെറിയ ഓവർഹാംഗുകളോട് കൂടിയ ക്രോസ്ഓവർ-സ്റ്റൈലിംഗ് ഉണ്ട്. വിൻഡ്ഷീൽഡിലും മുൻ ഡോറുകളിലും റൂഫിന്റെ നേർത്ത ലൈനുകളുണ്ട്, എന്നാൽ ഈ ലൈനുകൾ പിൻഭാഗത്ത് എത്തുമ്പോൾ കൂടുതൽ കട്ടിയുള്ളതായിത്തീരുന്നു.

അതോടൊപ്പം റിയർ പ്രൊഫൈലിൽ ഒരു സെന്റർ ഹൈ മൗണ്ട് ബ്രേക്ക് ലാമ്പും റൂഫിൽ സ്ഥാപിച്ചിരിക്കുന്നു. സൈഡ് പ്രൊഫൈലിൽ ഒരു ഷാർപ്പ് ബോഡി ലൈനിംഗ് നമുക്ക് കാണാനാകും, കൂടാതെ വാഹനത്തിന് ഫ്ലഷ് ടൈപ്പ് ഫ്രണ്ട് ഡോർ ഹാൻഡിലുകളും, പിന്നിൽ പില്ലർ മൗണ്ടഡ് ഡോർ ഹാൻഡിലുകളും ലഭിക്കുന്നു

റിയർ ഗ്ലാസ് വളരെ ഷാർപ്പായ ഒരു പോയിന്റിലേക്ക് താഴേക്ക് നീങ്ങുന്നു, ഇത് വാഹനത്തിന്റെ വീതി മുഴവനും കവർ ചെയ്യുന്ന സിംഗിൾ ടെയിൽ-ലാമ്പ് യൂണിറ്റുമായി നന്നായി ലയിക്കുന്നു. ടെയിലിന്റെ താഴത്തെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു പ്രമുഖ ഡിഫ്യൂസറും ഈ കൺസെപ്റ്റിൽ വരുന്നുണ്ട്. ടെയിൽഗേറ്റ് ഷാർപ്പ് എഡ്ജുകളുള്ള ദീർഘചതുരാകൃതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ക്യാബിനിനുള്ളിൽ, പുതിയ ടൊയോട്ട bZ കോംപാക്ട് എസ്‌യുവി കൺസെപ്റ്റിന് മിനിമലിസ്റ്റ് ഡിസൈൻ വരുന്നു. വിശാലമായ, ഒക്ടഗണൽ സ്റ്റിയറിംഗ് വീലും ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിന്റെ സവിശേഷതയാണ്.

സ്റ്റിയറിംഗ് വീലിന് തൊട്ടുപിന്നിൽ പ്രിയസിലേത് പോലെയുള്ള ഒരു പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ട്. കൺസോളിന്റെ അടിഭാഗത്തുള്ള ബട്ടണുകളുടെ ഒരു ലളിതമായ നിരയിലാണ് ഡ്രൈവ് സെലക്ടർ സെറ്റ് ചെയ്തിരിക്കുന്നത്.

bZ മോഡൽ ഫാമിലിയിൽ അഞ്ച് വാഹനങ്ങൾ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്. ആഗോളതലത്തിൽ bZ4X, ചൈനീസ് വിപണിയിൽ bZ3 എന്നിവ കമ്പനി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

bZ3 കോംപാക്ട് ഇവി യൂറോപ്യൻ വിപണികളിലും വിൽപ്പനയ്‌ക്കെത്തും. പുതിയ bZ കോംപാക്ട് എസ്‌യുവി കൺസെപ്റ്റ് ഭാവിയിൽ ഒരു പുതിയ ഇലക്ട്രിക് മോഡലിന് രൂപം നൽകിയേക്കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








