ഇന്ധവില റോക്കറ്റ് വേഗത്തില്‍; ഹൈഡ്രജന്‍ കാറില്‍ പാര്‍ലമെന്റിലെത്തി നിതിന്‍ ഗഡ്കരി
രാജ്യത്തെ ഇന്ധവില റോക്കറ്റ് വേഗത്തില്‍ കുതിയ്ക്കുമ്പോള്‍ അതിനെതിരെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗഡ്കരിയുടെ ഇന്നത്തെ പാര്‍ലമെന്റിലേക്കുള്ള വരവും ഇപ്പോള്‍ വാര്‍ത്തകളില്‍ വലിയ ഇടംപിടിച്ചിരിക്കുകയാണെന്ന് വേണം പറയാന്‍.

രാവിലെ പാര്‍ലമെന്റിലേക്ക് നിതിന്‍ ഗഡ്കരി വീട്ടില്‍ നിന്നും പുറപ്പെട്ടത് പച്ചനിറത്തിലുള്ള നമ്പര്‍ പ്ലേറ്റോട് കൂടിയ ഹൈഡ്രജന്‍ കാറിലായിരുന്നു. ആഗോളതലത്തിലെ പാരമ്പര്യ ഇന്ധന വിലയുടെ കുതിച്ചുകയറ്റത്തിനിടെ മന്ത്രിയുടെ മാതൃക ഏവരും സ്വീകരിക്കണമെന്നാണ് ഊര്‍ജ്ജ മന്ത്രാലയം പറയുന്നത്.

ആഗോളതലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അതിവേഗം ഇല്ലാതിയിക്കൊണ്ടിരിക്കുന്നു. രാജ്യാന്തര പ്രശ്നങ്ങളും ഇന്ധന വില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതിനിടെ മലിനീകരണതോത് കുറയ്ക്കാനും സാധിക്കുന്നില്ല.

ഇതിന് പ്രതിവിധിയായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ ഓരോ വ്യക്തിയുമാണ് പരിശ്രമിക്കേണ്ടത്. ഇന്ധന ഉപഭോഗം പ്രകൃതി സംരക്ഷിച്ചുകൊണ്ടാകണം എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് നിതിന്‍ ഗഡ്കരിയുടെ യാത്രയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടൊയോട്ടയുടെ വൈറ്റ് നിറത്തിലുള്ള മിറായി എന്ന ഹൈഡ്രജന്‍ ഇലക്ട്രിക് കാറിലായിരുന്നു മന്ത്രിയുടെ വരവ്. ഈ മാസം തുടക്കത്തിലാണ് ഈ മോഡല്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധനസെല്‍ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാറാണ് ടൊയോട്ടയുടെ മിറായി.

കാറിന്റെ ഇരുവശത്തും പവേര്‍ഡ് ബൈ ഹൈഡ്രജന്‍ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാറിന് ഫുള്‍ടാങ്ക് ഇന്ധനം അടിച്ചാല്‍ 600 കിലോമീറ്റര്‍ ദൂരം വരെ ഓടാനാകും. നിലവിലെ ഇന്ധന വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് കേവലം 2 രൂപ മാത്രമാണ് ചെലവ് വരിക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

5 മിനിറ്റ് സമയം കൊണ്ട് ഹൈഡ്രജന്‍ ടാങ്കില്‍ കയറുമെന്നതും ഏറെ സമയം ലാഭിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഹൈഡ്രജന്‍ ഇന്ധന ടാങ്കുമായാണ് ടൊയോട്ട മിറായി സെഡാന്‍ എത്തുന്നത്.

'ഇത് ഒരു പരീക്ഷണ പദ്ധതിയാണ്. ഇപ്പോള്‍ രാജ്യത്ത് ഗ്രീന്‍ ഹൈഡ്രജന്റെ ഉത്പാദനം ആരംഭിക്കുകയും കയറ്റുമതി നിര്‍ത്തുകയും അതില്‍ നിന്ന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും' ഗഡ്കരി പറഞ്ഞു. പൂര്‍ണ്ണമായും ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ടൊയോട്ട മിറായി. ഹൈഡ്രജന്‍ അധിഷ്ഠിത അഡ്വാന്‍സ്ഡ് ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളുകളുടെ (FCEV) സാധ്യത പരിശോധിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ പുറത്തിറക്കിയത്.

ഇന്ത്യ ഗവണ്‍മെന്റ് 3000 കോടിയുടെ ദൗത്യം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഗ്രീന്‍ ഹൈഡ്രജന്‍ പുറത്തുവിടുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും കല്‍ക്കരി ഉപയോഗിക്കുന്നിടത്ത് ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിറായി ഹൈഡ്രജന്‍ കാറിന്റെ അടുത്ത തലമുറ മോഡല്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സിന്റെ കര്‍ണാടകയിലെ പ്ലാന്റിലായിരിക്കും ഇത് നിര്‍മ്മിക്കുക. ടൊയോട്ട മിറായിയുടെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത് 2020-ലാണ്.

ഹൈഡ്രജന്‍ ഇന്ധനമായാണ് മിറായി പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ വാഹനത്തിന്റെ ഓട്ടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ഇലക്ട്രിക് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ 30 മടങ്ങ് വലിപ്പം കുറഞ്ഞ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗതാഗതം ഭാവിയിലെ ഒരു പ്രധാന സാങ്കേതിക ഓപ്ഷനായി മാറും, പ്രത്യേകിച്ചും കാറുകള്‍, ബസുകള്‍, ട്രക്കുകള്‍, കപ്പലുകള്‍, ട്രെയിനുകള്‍ എന്നിവയ്ക്കും ഇടത്തരം മുതല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്കും ഇത് ഏറ്റവും അനുയോജ്യമാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന അതിവേഗം വളരുകയാണ്, ഇതിനായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖലയും വികസിപ്പിക്കുന്നുണ്ട്. രാജ്യത്ത് 10.60 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. രാജ്യത്ത് 1,742 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ ഡാറ്റ പങ്കിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

പാതയോരത്തെ സൗകര്യമെന്ന നിലയില്‍ ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഇത്തരം 39 പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിംഗ് സൗകര്യം ഹൈവേയില്‍ ലഭ്യമാകും.

കേന്ദ്ര റോഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (CRIF), അന്തര്‍ സംസ്ഥാന റോഡ് പദ്ധതികള്‍ (CRIAF) എന്നിവയ്ക്ക് കീഴിലുള്ള പദ്ധതികള്‍ക്കായി യഥാക്രമം 20,268.45 കോടി രൂപയും 1,189.94 കോടി രൂപയും അനുവദിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനകം ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.


Click it and Unblock the Notifications








