രാജ്യത്തെ ആദ്യ CNG എസ്‌യുവി പട്ടം 2022 Maruti Brezza നേടുമോ? പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സെഗ്മെന്റ് വലിയ അപ്പ്ഡേറ്റുകൾക്കും നവീകരണങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ്. ഈ ആഴ്ച ആദ്യം, ഹ്യുണ്ടായി പുതിയ 2022 വെന്യു പുറത്തിറക്കിയിരുന്നു, ഇപ്പോഴിതാ 2022 ബ്രെസ ലോഞ്ചിന് തയ്യാറെടുക്കുകയാണ് മാരുതി.

ഈ മാസം അവസാനം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, 2022 ബെസ്സയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

സിഎൻജി കാറുകളുടെ വർധിച്ചുവരുന്ന ഡിമാൻഡ് അനുസരിച്ച്, പുതിയ ബ്രെസയ്ക്ക് തുടക്കം മുതൽ തന്നെ ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷൻ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ബ്രെസ സിഎൻജിയുടെ ഇന്ധനക്ഷമത കിലോഗ്രാമിന് 25-30 കിലോമീറ്ററായിരിക്കും.

ഇതേ എഞ്ചിനുള്ള എർട്ടിഗയിൽ, CNG വേരിയൻറ് കിലോഗ്രാമിന് 26.11 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇതോടെ രാജ്യത്തെ ആദ്യത്തെ സിഎൻജി എസ്‌യുവിയായി ബ്രെസ മാറും. നെക്‌സോൺ സിഎൻജി അവതരിപ്പിക്കാൻ ടാറ്റയ്‌ക്ക് പദ്ധതിയുണ്ട്, അതേസമയം ഹ്യുണ്ടായിയുടെ അണിയറയിൽ വെന്യു സിഎൻജിയും ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

പുതിയ ബ്രെസയ്ക്ക് ഒരു സ്‌പോർട്ടിയർ പ്രൊഫൈലുണ്ട്, കൂടാതെ ഉള്ളിൽ നിരവധി നവീകരണങ്ങളും ലഭിക്കുന്നു. കൂടാതെ ചില ഡീലർഷിപ്പുകൾ 10,000 രൂപ ടോക്കൺ തുകയ്ക്ക് ഇതിനോടകം വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി.

ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, ഫ്രണ്ട് ഗ്രില്ല്, ഫോഗ് ലാമ്പ് കേസിംഗ്, ബമ്പർ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2022 ബ്രെസയ്ക്ക് അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. സൈഡ് പ്രൊഫൈലിന് വിശാലമായ ബോഡി ക്ലാഡിംഗും ഡോർ മോൾഡിംഗും പുതിയ ഡ്യുവൽ-ടോൺ അലോയി വീലുകളും ലഭിക്കുന്നു.

സ്ട്രെച്ച്ഡ് ബോഡി ക്ലാഡിംഗ് കൂടുതൽ റഗ്ഗഡ് ആണെന്ന് തോന്നുമെങ്കിലും, നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അല്പം അമിതമായി കാണപ്പെടുന്നു. പിൻഭാഗത്ത്, പുതിയ ബ്രെസയ്ക്ക് സ്‌പോർട്ടിയർ ടെയിൽ ലാമ്പുകളും പുതിയ 'ബ്രെസ' ലെറ്ററിംഗുകളും പുതുക്കിയ ബൂട്ട് ലിഡും ബമ്പറും ലഭിക്കുന്നു.

മൊത്തത്തിൽ, പുതിയ ബ്രെസ അതിന്റെ മുൻഗാമിയുടെ അടിസ്ഥാനപരമായ സിലൗട്ട് നിലനിർത്തുന്നു. ബോഡി പാനലുകളുടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകൾ, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകൾ, റൂഫ് റെയിലുകൾ, റിയർ സ്‌പോയിലർ പോലുള്ള നിലവിലുള്ള ഫീച്ചറുകളുമായി 2022 ബ്രെസ തുടരും. ഉള്ളിൽ, ഇതിന് വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനും HUD ഉം ലഭിക്കും.

സൺറൂഫുമായി വരുന്ന ആദ്യത്തെ മാരുതി കാറായിരിക്കും ന്യൂ ജെൻ ബ്രെസ. ഇത് കൂടുതൽ ചെലവേറിയ എസ്‌യുവികളിൽ ലഭ്യമായ പനോരമിക് ഓപ്ഷന് പകരം ഒരു സിംഗിൾ-പേൻ യൂണിറ്റായിരിക്കും. എന്നിരുന്നാലും, മാരുതിയുടെ ഭാഗത്തുനിന്ന് ഇത് ഇപ്പോഴും ഒരു സുപ്രധാന എവലൂഷണറി നീക്കമായിരിക്കും.

പുതിയതും നിലവിലുള്ളതുമായ മാരുതി കാറുകൾക്ക് അവയുംടെ വരുംകാല ആവർത്തനങ്ങളിൽ സൺറൂഫ് ലഭിക്കുന്നതിനുള്ള വാതിൽ ഇത് തുറക്കുന്നു. ക്രെറ്റയ്ക്കും സെൽറ്റോസിനും എതിരാളികളായ പുതിയ കോംപാക്റ്റ് എസ്‌യുവിയിൽ ഇത് ഉടൻ ഇടം പിടിക്കുന്നത് നമുക്ക് കാണാൻ കഴിയും.

നാളിതുവരെ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾക്കായി സൺറൂഫ് അവതരിപ്പിക്കുന്ന ആശയത്തോട് വിമുഖത കാണിച്ചിരുന്നു. ഇത് ഒരു അനാവശ്യ ചെലവായും മെയിന്റെയിൻ ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമായും കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, സൺറൂഫിനോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിക്കുന്നതിനാൽ, മാരുതി തങ്ങളുടെ മുൻകാല സമീപനത്തിന് ഭേദഗതി വരുത്തിയതായി തോന്നുന്നു.

നിലവിൽ പുതിയ എർട്ടിഗയിൽ വരുന്ന K15C സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ മോട്ടോറായിരിക്കും പുതിയ ബ്രെസയ്ക്ക് കരുത്ത് പകരുന്നത്. 1.5 ലിറ്റർ മോട്ടോർ 102 bhp പരമാവധി പവറും 136.8 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

മെച്ചപ്പെട്ട പ്രകടനത്തോടൊപ്പം, K15C എഞ്ചിൻ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ബ്രെസ നിലവിലെ മോഡലിന് മാനുവൽ ട്രാൻസ്മിഷനിൽ ലിറ്ററിന് 17.03 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലിറ്ററിന് 18.76 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.

അപ്‌ഡേറ്റുകൾക്കൊപ്പം, മത്സരാധിഷ്ഠിത വില പോയിന്റിൽ പുതിയ ബ്രെസ അവതരിപ്പിക്കാൻ മാരുതി ശ്രമിക്കും. പുതിയ ബ്രെസയുടെ പൂർണ്ണമായി ലോഡ് ചെയ്‌ത ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്ക് ഏകദേശം 12 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ടാകും. നിലവിലെ സെഗ്‌മെന്റ് ലീഡർ ടാറ്റ നെക്‌സോണിന് (പെട്രോൾ) 7.55 ലക്ഷം മുതൽ 11.95 ലക്ഷം രൂപ വരെയാണ് വില.


Click it and Unblock the Notifications








