പോക്കറ്റ് കീറില്ല! 2023 -ൽ 10 ലക്ഷം ബജറ്റിൽ എത്തുന്ന 3 ഇവികൾ
വാഹന ലോകത്ത് ഇപ്പോൾ എല്ലാം ഒരു ഗോ ഇലക്ട്രിക് ട്രെൻഡിലാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാം, 2025 -ഓടെ വിപണിയിലെ വമ്പന്മാർ എല്ലാം തന്നെ വലിയ തോതിൽ മാസ്-മാർക്കറ്റ് മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്.

താങ്ങാനാവുന്ന/ ബജറ്റ് വിലയുള്ള ഇവികൾ അവതരിപ്പിക്കാൻ പലരും പദ്ധതിയിട്ടിട്ടുണ്ട്. നിലവിൽ, ഒരു എൻട്രി ലെവൽ ഇവിയിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച പാക്കേജ് എന്നത് 10 ലക്ഷം രൂപയിൽ താഴെയുള്ള അടിസ്ഥാന വിലയും (എക്സ്-ഷോറൂം) സിംഗിൾ ചാർജിൽ 200 കിലോമീറ്ററിലധികം റേഞ്ചുമാണ്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന 2023 -ൽ എത്താൻ പോകുന്ന മൂന്ന് മോഡലുകൾ നമുക്ക് ഒന്നു നോക്കാം:

ടാറ്റ ടിയാഗോ ഇവി:
ടിയാഗോ ഹാച്ച്‌ബാക്കിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പ് ടാറ്റ ഇതിനകം പുറത്തിറക്കിയിരിക്കെ, കസ്റ്റമർ ഡെലിവറികൾ 2023 -ന്റെ തുടക്കത്തിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. വാഹനത്തിന് 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി കപ്പാസിറ്റി തെരഞ്ഞെടുക്കാം. ആദ്യത്തേത് 250 കിലോമീറ്റർ റേഞ്ചും രണ്ടാമത്തേത് 315 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ടിയാഗോ ഇവിയുടെ ചെറിയ ബാറ്ററി (19.2 kWh) വേരിയന്റുകൾക്ക് 8.49 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. അത്ര മികച്ച ഒരു ഫീച്ചർ ലിസ്റ്റ് അല്ല ഈ മോഡലിനൊപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ 61 PS മാക്സ് പവറും 104 Nm പീക്ക് torque ഉം ഇലക്ട്രിക് മോട്ടോർ പുറപ്പെടുവിക്കുന്നു. 3.3 kW AC ചാർജറാണ് ഈ മോഡലിനൊപ്പം നിർമ്മാതാക്കൾ നൽകുന്നത്.

എംജി എയർ ഇവി:
എയർ ഇവി ഇന്ത്യയിൽ എൻട്രി ലെവൽ ഇവി ഓഫറായിരിക്കുമെന്ന് എംജി അടുത്തിടെ സ്ഥിരീകരിച്ചു. ഇന്ത്യൻ നിരത്തുകളിൽ വാഹനം ഇതിനകം തന്നെ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ 2020 ഓട്ടോ എക്‌സ്‌പോയിൽ ഒരു കൺസപ്റ്റ് എന്ന നിലയിലും ഇത് പ്രദർശിപ്പിച്ചിരുന്നു.

എയർ ഇവി, അതിന്റെ വുളിംഗ്-ബാഡ്ജ്ഡ് ഇന്തോനേഷ്യൻ സ്പെസിഫിക്കേഷനിൽ, രണ്ട് ബാറ്ററി പാക്കുകളുടെ ചോയിസ് വാഗ്ദാനം ചെയ്യുന്നു. 17.3 kWh സെറ്റപ്പിൽ 200 കിലോമീറ്റർ എന്ന ഡ്രൈവിംഗ് റേഞ്ചും 26.7 kWh പായ്ക്കിൽ 300 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

താരതമ്യേന കുറച്ച് ഫീച്ചറുകളുള്ള ഇതിന്റെ ചെറിയ ബാറ്ററി വേരിയന്റിന് 10 ലക്ഷം രൂപയിൽ താഴെ വിലയുണ്ടാകും. ജനുവരി ആദ്യം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ എംജി എയർ ഇവി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിട്രൺ C3 ഇവി:
2023 -ൽ രാജ്യത്ത് ലോഞ്ച് ചെയ്യുന്ന സ്ഥിരീകരിച്ച മറ്റ് എൻട്രി ലെവൽ ഇവി മോഡൽ സിട്രണിൽ നിന്നാണ്. 5.88 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കുന്ന C3 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത് എന്ന് പറയപ്പെടുന്നു. ഓൾ-ഇലക്ട്രിക് പതിപ്പിന് അടിസ്ഥാന വില 10 ലക്ഷം രൂപയിൽ താഴെയായിരിക്കും.

ഫ്രഞ്ച് കാർ നിർമ്മാതാക്കൾ ഡിസംബറിൽ C3 ഇവി അവതരിപ്പിക്കും. 2023 -ന്റെ തുടക്കത്തിൽ വാഹനം ലോഞ്ച് ചെയ്തേക്കാം. വലിയ സെൻട്രൽ ഡിസ്‌പ്ലേ പോലെയുള്ള ഏറ്റവും ചെറിയ ഫീച്ചറുകളോടെ ഏകദേശം സിംഗിൾ ചാർജിൽ 300 കിലോമീറ്റ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇവി ടാറ്റ നെക്‌സോൺ ഇവിയാണ്. 14.99 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാൻ ഇതിന് കഴിവുണ്ട്. കൂടാതെ ARAI അവകാശപ്പെടുന്ന 312 കിലോമീറ്റർ റേഞ്ചിനൊപ്പം 30.2 kWh ബാറ്ററി പാക്കാണ് ഇതിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റിൽ ഉപയോഗിക്കുന്നത്.


Click it and Unblock the Notifications