പുതിയ Mahindra എസ്‌യുവി ടീസര്‍ പുറത്ത്; Grand Vitara-ക്ക് എതിരാളി വരുന്നുണ്ട് മക്കളേ
ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അടുത്ത കാലത്ത് വിപണിയിലെത്തിച്ച എസ്‌യുവികള്‍ എല്ലാം തന്നെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ തങ്ങളുടെ എസ്‌യുവി നിര വീണ്ടും വിപുലീകരിക്കാന്‍ പോകുകയാണ് മഹീന്ദ്ര.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചീഫ് ഡിസൈന്‍ ഓഫീസര്‍ പ്രതാപ് ബോസ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര എസ്‍യുവിയുടെ ആദ്യ ടീസര്‍ പുറത്തുവിട്ടു. വീല്‍ ആര്‍ച്ചുകള്‍, നേരെയുള്ള റൂഫ്ലൈന്‍, ലംബമായി നില്‍ക്കുന്ന വിന്‍ഡ്ഷീല്‍ഡ്, ഹഞ്ച്ബാക്ക് റിയര്‍ സെക്ഷന്‍ എന്നിവയുള്ള മോഡലിന്റെ സിലൗറ്റാണ് ടീസര്‍ കാണിക്കുന്നത്. 2022 ഓഗസ്റ്റ് 15ന് അനാച്ഛാദനം ചെയ്ത മഹീന്ദ്ര BE.05 ഇവി കണ്‍സെപ്റ്റിന് സമാനമായി ഇത് കാണപ്പെടുന്നു. ഇലക്ട്രിക് എസ്‍യുവി കണ്‍സെപ്റ്റിന് 4370 എംഎം നീളവും 1900 എംഎം വീതിയും 1635 എംഎം ഉയരവും 2775 എംഎം വീല്‍ബേസുമുണ്ട്.

മഹീന്ദ്ര BE.05 EV കണ്‍സെപ്റ്റില്‍ ആങ്കുലാര്‍ C-ഷേപ്പ്ഡ് ഹെഡ്ലാമ്പുകള്‍, എയര്‍ഡാമുകള്‍, സൈഡ് ഗ്ലോസി ബ്ലാക്ക് ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള ഓഫ് വീല്‍ ആര്‍ച്ചുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ചരിഞ്ഞ റൂഫ്ലൈന്‍, ഷാര്‍പ്പായി രൂപകല്‍പ്പന ചെയ്ത പിന്‍ ബമ്പര്‍, C ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മഹീന്ദ്ര ബ്രാന്‍ഡില്‍ നിന്ന് വരാനിരിക്കുന്ന പുതിയ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ എതിരാളിയായിരിക്കാം.
പുതിയ തലമുറ മഹീന്ദ്ര XUV500 ക്രെറ്റയുടെ എതിരാളിയായി അവതരിപ്പിക്കുമെന്ന് മഹീന്ദ്ര നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പുതിയ മഹീന്ദ്ര XUV500 കമ്പനിയുടെ മോഡല്‍ നിരയില്‍ XUV300-ന് മുകളിലും XUV700-ന് താഴെയുമായിരിക്കും ഇരിക്കുക. ട301 എന്നതാണ് ഇതിന്റെ കോഡ്‌നാമം. പ്രതാപ് ബോസിന്റെ നേതൃത്വത്തിലുള്ള മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈന്‍ യൂറോപ്പ് (എം.എ.ഡി.ഇ) ടീം ആയിരിക്കും ഈ കാര്‍ രൂപകല്‍പ്പന ചെയ്യുക. XUV700-ല്‍ നിന്ന് അതിന്റെ പ്ലാറ്റ്‌ഫോം കടംകൊള്ളും.

മഹീന്ദ്ര XUV300 സബ്കോംപാക്റ്റ് എസ്‌യുവിയില്‍ നിന്ന് കടമെടുത്ത 1.2L ടര്‍ബോ പെട്രോളും 1.5L ഡീസല്‍ യൂണിറ്റും എസ്‌യുവിയുടെ എഞ്ചിന്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെട്ടേക്കാം. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം), പ്രീമിയം ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവയും അതിലേറെയും നൂതന സവിശേഷതകളോടെയാണ് മഹീന്ദ്ര പുതിയ XUV500 ഒരുക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പുതിയ എസ്‌യുവി അവതരിപ്പിക്കുന്ന തീയതിയോ മറ്റ് വിശദാംശങ്ങളോ കാര്‍ നിര്‍മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2023-ന്റെ രണ്ടാം പകുതിയില്‍ ഇത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മഹീന്ദ്ര എസ്‌യുവിയുടെ വില അടിസ്ഥാന മോഡലിന് 10 ലക്ഷം രൂപ മുതല്‍ ടോപ്പ് എന്‍ഡ് വേരിയന്റിന് 17 ലക്ഷം രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഹ്യൂണ്ടായി ക്രെറ്റയും മാരുതി ഗ്രാന്‍ഡ് വിറ്റാരയും നിലവില്‍ യഥാക്രമം 10.44 ലക്ഷം മുതല്‍ 18.24 ലക്ഷം രൂപ വരെയും 10.45 ലക്ഷം രൂപ വരെ 19.49 ലക്ഷം രൂപ വരെയുമുള്ള വില പരിധിയില്‍ ലഭ്യമാണ്.
തങ്ങളുടെ എസ്‌യുവികള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടെങ്കിലും അത് യഥാസമയം ഡെലിവെറി നല്‍കാന്‍ സാധിക്കാത്തത് മഹീന്ദ്രയെ കുഴക്കുന്നുണ്ട്. ബൊലേറോ, സ്‌കോര്‍പിയോ N, ഥാര്‍, XUV300, XUV700 തുടങ്ങിയ എസ്‌യുവികള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍, മഹീന്ദ്രയുടെ പ്ലാന്റുകള്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുകയാണിപ്പോള്‍. എങ്കിലും മഹീന്ദ്രക്ക് എസ്‌യുവികളുടെ കാത്തിരിപ്പ് കാലയളവ് കുറക്കാന്‍ സാധിക്കുന്നില്ല. ഇത് മഹീന്ദ്രക്ക് തിരിച്ചടിയും നല്‍കുന്നുണ്ട്. ചില ഉപഭോക്താക്കള്‍ അവരുടെ ബുക്കിംഗ് റദ്ദാക്കി മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ ബുക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്.
ടൊയോട്ടയുടെ ഹൈക്രോസ് കൂടി ലോഞ്ച് ചെയ്താല്‍ ഇൗ പ്രവണത കൂടും എന്നതിനാല്‍ മഹീന്ദ്ര പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. അതിന്റെ ഭാഗമായി ഉല്‍പാദനം കൂട്ടുന്ന തിരക്കിലാണിപ്പോള്‍ മഹീന്ദ്ര.
നിലവിലുള്ള ബുക്കിംഗുകള്‍ തീര്‍ക്കുന്നതിനും വേഗത്തിലുള്ള ഡെലിവറികള്‍ ഉറപ്പാക്കുന്നതിനുമായിട്ടാണ് മഹീന്ദ്ര എസ്‌യുവി ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍, പ്രതിമാസ എസ്‌യുവി ഉല്‍പ്പാദന ശേഷി 29000 യൂണിറ്റാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ എസ്യുവി ഉല്‍പ്പാദന ശേഷി പ്രതിമാസം 39,000 യൂണിറ്റായി ഉയര്‍ത്തും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ഉല്‍പ്പാദന ശേഷി പ്രതിമാസം 49,000 യൂണിറ്റാകും. അതായത് ഓരോ വര്‍ഷത്തിലും വാഹനങ്ങളുടെ ഉല്‍പ്പാദന ശേഷി 10,000 യൂണിറ്റ് വര്‍ധിപ്പിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








