Polo-യുടെ ഓട്ടത്തിന് സഡന്‍ ബ്രേക്കിട്ട് Volkswagen; ലെജന്‍ഡ് എഡിഷന്‍ വിപണിയില്‍, വില 10.25 ലക്ഷം രൂപ
ഹോട്ട് ഹാച്ചായ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിലെ അതിന്റെ പന്ത്രണ്ട് വര്‍ഷത്തെ യാത്രയ്ക്ക് അവസാനം കുറിയ്ക്കുകയാണ്. ജര്‍മ്മന്‍ കാര്‍ നിര്‍മാതാവ് ഇടയ്ക്കിടെ കാറിന് ചെറിയ അപ്ഡേറ്റുകള്‍ നല്‍കിയെങ്കിലും 2010-ല്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷം സ്പോര്‍ട്ടി ഹാച്ചിന് കാര്യമായ നവീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിന് മുമ്പായി ഐക്കണിക്ക് ഹാച്ചിന് ഉചിതമായ വിടവാങ്ങല്‍ നല്‍കുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ പോളോയുടെ ഒരു പ്രത്യേക പതിപ്പ് ലെജന്‍ഡ് എഡിഷന്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. 10.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിന്നുള്ള പോളോയുടെ യാത്രയ്ക്ക് ഫോക്‌സ്‌വാഗണ്‍ വിരാമമിടുകയും ചെയ്തു. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ജനപ്രീയ മുഖമായിരുന്നു പോളോ. വലിയ സ്വീകാര്യതയാണ് വാഹനത്തിന് വിപണിയില്‍ ലഭിച്ചിരുന്നതും.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഇതുവരെ 3 ലക്ഷം യൂണിറ്റ് പോളോ വിറ്റഴിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ വിവിധ വികാരങ്ങള്‍ ഉണര്‍ത്തുന്ന ഒരു ഐക്കണിക് കാര്‍ലൈനാണ് പോളോയെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ഇന്നുവരെ, ഫോക്‌സ്‌വാഗണ്‍ പോളോ അതിന്റെ കാലാതീതവും സ്പോര്‍ട്ടിവുമായ ഡിസൈന്‍, സുരക്ഷ, രസകരമായ ഡ്രൈവ് അനുഭവം, ശക്തമായ നിര്‍മ്മാണ നിലവാരം എന്നിവ കാരണം വിപണിയില്‍ ജനപ്രീയ മോഡലായി മാറുകയും ചെയ്തു.

വമ്പിച്ച ആഘോഷത്തിന് അര്‍ഹമായ ബ്രാന്‍ഡുകളുടെ ഏറെ പ്രിയപ്പെട്ട ഉല്‍പ്പന്നമാണ് ഫോക്‌സ്‌വാഗണ്‍ പോളോ. ഇതിനായി, ഐക്കണിക് പോളോയുടെ അവസാന പരിമിതമായ യൂണിറ്റുകള്‍ സ്വന്തമാക്കുന്നതില്‍ അഭിമാനിക്കുന്ന ഉത്സാഹികള്‍ക്കായി ബ്രാന്‍ഡ് സെലിബ്രേറ്ററി ലിമിറ്റഡ് 'ലെജന്‍ഡ് എഡിഷന്‍' അവതരിപ്പിക്കുന്നതെന്നും ആശിഷ് ഗുപ്ത വ്യക്തമാക്കി.

പുതിയ സ്പെഷ്യല്‍ ലെജന്‍ഡ് എഡിഷന്‍ മോഡലിന്റെ സവിശേഷതകള്‍ പോളോയുടെ സ്റ്റാന്‍ഡേര്‍ഡ് ശ്രേണിക്ക് സമാനമാണ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പ്രീമിയം ഹാച്ചിന് കരുത്തേകുന്നത്- 1.0 ലിറ്റര്‍ MPi നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റര്‍ TSi ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും.

ഇതില്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 75 bhp കരുത്തും 95 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 109 bhp കരുത്തും 175 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭ്യമാകൂ, അതേസമയം ടര്‍ബോചാര്‍ജ്ഡ് യൂണിറ്റിന് 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നു.

ലെജന്‍ഡ് എഡിഷന്‍ 1.0-ലിറ്റര്‍ TSI യൂണിറ്റ് 6 സ്പീഡ് ഓട്ടോയുമായി മാത്രം വാഗ്ദാനം ചെയ്യുന്നു. 2020 ഏപ്രിലില്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ആരംഭിച്ചതിനുശേഷം പോളോയ്ക്കൊപ്പം ഡീസല്‍ എഞ്ചിന്‍ കമ്പനി ഓഫര്‍ ചെയ്തിട്ടില്ല.

ഫീച്ചറുകളുടെ കാര്യത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവ പോളോയ്ക്ക് ലഭിക്കുന്നു.

ഓട്ടോമാറ്റിക് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന ഹില്‍-ഹോള്‍ഡ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റുകളോട് കൂടിയ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, EBD ഉള്ള ABS, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ ഓഫറിലുള്ള സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍ പ്ലസ്, ജിടി എന്നിവയുള്‍പ്പെടെ നാല് വകഭേദങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ശ്രേണി ലഭ്യമാണ്. ഇതില്‍ പ്രാരംഭ പതിപ്പിന് 6.45 ലക്ഷം മുതല്‍ ഉയര്‍ന്ന പതിപ്പിന് 10.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ഹ്യുണ്ടായി i20, ഹോണ്ട ജാസ്, ടാറ്റ ആള്‍ട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ തുടങ്ങിയ മറ്റ് പ്രീമിയം ഹാച്ച്ബാക്കുകളുമായിട്ടാണ് പോളോ വിപണിയില്‍ മത്സരിക്കുന്നത്.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഫോക്‌സ്‌വാഗണ്‍ അടുത്തിടെ അതിന്റെ വരാനിരിക്കുന്ന മിഡ്-സൈസ് സെഡാന്‍ വിര്‍ട്ടിസ് എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. അത് പഴയ വെന്റോയ്ക്ക് പകരമായിട്ടാകും വിപണിയില്‍ എത്തുക.

പുതിയ MQB A0 IN ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ജര്‍മ്മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെ മോഡലും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മൊത്തത്തില്‍ നാലാമത്തെ മോഡലുമാണ് വിര്‍ട്ടിസ്. നേരത്തെ, ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കമ്പനി അതിന്റെ പുതിയ കോംപാക്ട് എസ്‌യുവി- ടൈഗൂണ്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications